c

തിരുവനന്തപുരം: കൊവിഡിന്റെ ആലസ്യത്തിൽ നിന്നും മൃഗശാലയെ ഉണർത്താൻ പുത്തൻ അതിഥികൾ ഉടനെത്തും. ലോക്ക് ഡൗണിന് മുമ്പ് പല തവണ എത്തിക്കുമെന്ന് പറഞ്ഞ മൃഗങ്ങളെയാണ് ഒരാഴ്ചയ്‌ക്കകം കൊണ്ടുവരുന്നത്. മംഗളൂരുവിലെ പീലിക്കുളം മൃഗശാലയിൽ നിന്ന് മൂന്ന് രാജവെമ്പാല, നാല് മണ്ണൂലി പാമ്പുകൾ, നാല് കേഴമാൻ എന്നിവയാണ് ഇവിടെ എത്തുന്നത്. രണ്ടു ജോഡി റിയപക്ഷികളെയും രണ്ട് സാം ഡിയറിനെയും അങ്ങോട്ടേയ്‌ക്ക് കൈമാറും. മൃഗശാലയിൽ ആകെയുണ്ടായിരുന്ന ' ജാക്ക് ' എന്ന രാജവെമ്പാല കഴിഞ്ഞ ജൂണിൽ ചത്തിരുന്നു. നിലവിൽ രണ്ട് പെൺ രാജവെമ്പാലയെയും ഒരു ആൺ രാജവെമ്പാലയെയുമാണ് എത്തിക്കുന്നത്. കൊവിഡ് രോഗബാധയും തുടർന്നുള്ള ലോക്ക് ഡൗണും കാരണമാണ് നടപടികൾ നീണ്ടുപോയതെന്ന് മൃഗശാല അധികൃതർ വ്യക്തമാക്കി.

മൃഗശാല സംഘം ഇന്ന് പുറപ്പെടും

മൃഗശാലയിൽ നിന്ന് സൂപ്രണ്ടും തിരുവനന്തപുരം മൃഗശാലയിലെ ഡോക്ടറും പീലിക്കുളത്തെ ഡോക്ടറുമടങ്ങുന്ന സംഘം ഇന്ന് മംഗളൂരുവിലേക്ക് പുറപ്പെടും.

മാർച്ച് എട്ടിനകം രാജവെമ്പാല അടക്കമുള്ള മൃഗങ്ങളുമായി തിരികെ എത്തുമെന്ന് മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ അബുശിവദാസ് വ്യക്തമാക്കി.