psc

തിരുവനന്തപുരം: സർവകലാശാലകളിലെ അനദ്ധ്യാപക നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടെങ്കിലും സാങ്കേതിക സർവകലാശാലയിൽ ഇത് മറികടന്ന് 2 ജോയിന്റ് ഡയറക്ടർമാരെയും 2 അസിസ്റ്റന്റ് ഡയറക്ടർമാരെയും നിയമിക്കാൻ നീക്കം. ഈ രണ്ടുതസ്തികകളും കരാർ നിയമനങ്ങളാക്കി നിയമഭേദഗതി വരുത്തിയാണ് സാങ്കേതിക സർവകലാശാല നിയമനത്തിനൊരുങ്ങുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന്റെ തലേദിവസമാണ് സർവകലാശാല ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. വിജ്ഞാപനത്തിൽ സംവരണം പാലിച്ചില്ലെന്നും ആക്ഷേപമുണ്ട്. ഉടൻ ഇന്റർവ്യൂ നടത്തി നിയമനം നടത്താനാണ് നീക്കം. ജോയിന്റ് ഡയറക്ടർക്ക് 1,​25,​000 രൂപയും അസിസ്റ്റന്റ് ഡയറക്ടർക്ക് 80,​000 രൂപയുമാണ് ശമ്പളം.10-15 വരെ പ്രവർത്തിപരിചയമുള്ള എൻജിനിയറിംഗ് കൊളേജ് അദ്ധ്യാപകരെയാണ് ഈ തസ്തികകളിലേക്ക് പരിഗണിക്കുന്നത്. മറ്റ് സർവകലാശാലകളിൽ നിന്ന് വ്യത്യസ്തമായി സാങ്കേതിക സർവകലാശാലയിൽ മാത്രമാണ് ഭരണവിഭാഗത്തിൽ ഡയറക്ടർ തസ്തികകൾ സൃഷ്ടിച്ചിട്ടുള്ളത്. എല്ലാ അഫിലിയേറ്റഡ് കോളേജ് അദ്ധ്യാപകർക്കും ഈ തസ്തികകളിൽ അപേക്ഷിക്കാമെന്ന് വിജ്ഞാപനത്തിൽ പറയുന്നുണ്ട്. അതിനാൽ സ്വാശ്രയ കോളേജ് അദ്ധ്യാപകർക്കും അപേക്ഷിക്കാം. ഈ നിയമനങ്ങൾ നടത്തുന്നതിനു വേണ്ടിയാണ് സർക്കാർ തിരക്കിട്ട് സിൻഡിക്കേറ്റിലേക്ക് കൂടുതൽ രാഷ്ട്രീയ പ്രതിനിധികളെ ഉൾപ്പെടുത്തി വിപുലീകരികരിച്ചതെന്നും ആക്ഷേപമുണ്ട്. ഈ തസ്തികകളിലേക്ക് ഇതുവരെ ഡെപ്യൂട്ടേഷനിലാണ് നിയമനങ്ങൾ നടന്നിരുന്നത്.

സംസ്ഥാനത്ത് ആദ്യമായി പരീക്ഷാ കൺട്രോളറായി ഒരു സ്വാശ്രയ കോളേജ് അദ്ധ്യാപികയെ സാങ്കേതിക സർവകലാശാലയിൽ കഴിഞ്ഞ മാസം നിയമിച്ചിരുന്നു.