തിരുവനന്തപുരം: യു.ഡി.എഫ് ഭരണകാലത്ത് പ്രതിഷേധത്തിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ പ്രതികളായ എസ്.എഫ്.എെ പ്രവർത്തകർ വിചാരണ നേരിടണമെന്ന് കോടതി. കേസ് പരിഗണിച്ചപ്പോൾ ഹാജരാകാതിരുന്ന അഞ്ചാം പ്രതി അഭിലാഷിനെതിതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച കോടതി ഇയാളുടെ കേസ് വിഭജിച്ച് വിചാരണ ചെയ്യാനും തീരുമാനിച്ചു. ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി മൂന്നിന്റേതാണ് ഉത്തരവ്. 2004 ഡിസംബർ രണ്ടിന് അന്നത്തെ വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.എെ പ്രവർത്തകർ തെെക്കാട് സംഗീത കോളേജിന് സമീപം സർക്കാർ കാർ അടിച്ചുതകർത്തിരുന്നു. പ്രതികൾക്കെതിരെ പൊതുമുതൽ നശീകരണം, ലഹള അടക്കമുള്ള കുറ്റങ്ങളാണ് പൊലീസ് ചുമത്തിയത്. വലിയറത്തല ഹോമിയോ ആശുപത്രിക്ക് സമീപം രാജീവ്, കണ്ണറവിള നെല്ലിമൂട് സ്വദേശി ദിലീപ്, വലിയവിള മെെത്രീനഗർ സ്വദേശി അജയൻ, കവടിയാർ പറമ്പിക്കോണം സ്വദേശി രഞ്ജിത്, കല്ലിയൂർ ശ്രീ ശബരിയിൽ അഭിലാഷ് എന്നിവരായിരുന്നു പ്രതികൾ. കേസ് വിചാരണ നാളെ ആരംഭിക്കും. കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് 2008ൽ അന്നത്തെ എൽ.ഡി.എഫ് സർക്കാർ സമീപിച്ചിരുന്നെങ്കിലും കോടതി കേസ് പിൻവലിക്കാൻ തയ്യാറായിരുന്നില്ല.