
തിരുവനന്തപുരം: കിഫ്ബിക്കെതിരെ ഇപ്പോൾ പ്രഖ്യാപിച്ച ഇ.ഡി അന്വേഷണവും ആത്മീയാചാര്യൻ ശ്രീ എമ്മിന് ഭൂമി അനുവദിച്ചതും സി.പി.എം- ബി.ജെ.പി അന്തർധാരയ്ക്ക് തെളിവെന്ന് യു.ഡി.എഫ്. ഇവ രണ്ടും തിരഞ്ഞെടുപ്പിൽ ശക്തമായ പ്രചാരണായുധമാക്കാനാണ് ഇന്നലെ യു.ഡി.എഫ് നേതൃയോഗത്തിൽ ധാരണയായത്.
കിഫ്ബിക്കെതിരെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം കേസെടുത്തത് സി.പി.എം- ബി.ജെ.പി രാഷ്ട്രീയധാരണയുടെ തുടർച്ചയാണെന്ന് യു.ഡി.എഫ് യോഗശേഷം വാർത്താസമ്മേളനത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കിഫ്ബിക്കായി മസാലബോണ്ട് സ്വീകരിച്ചത് ഭരണഘടനാലംഘനമാണെന്ന് 2019 മുതൽ യു.ഡി.എഫ് സഭയ്ക്കകത്തും പുറത്തും പറയുന്നതാണ്. അന്നൊക്കെ ഇ.ഡിയും കേന്ദ്രസർക്കാരും ഇവിടെയുണ്ടായിരുന്നില്ലേ. വികസനം അട്ടിമറിക്കുന്നെന്ന് നിലവിളി കൂട്ടാനും തിരഞ്ഞെടുപ്പ് വേളയിൽ അത് പ്രചരിപ്പിക്കാനും ഇ.ഡിയുടെ ഇപ്പോഴത്തെ നീക്കം സർക്കാരിന് അവസരം നൽകുകയാണ്.സ്വർണക്കടത്ത് കേസിന്റെ നാൾവഴികൾ പരിശോധിച്ചാൽ കേന്ദ്ര ഏജൻസികളിപ്പോൾ മൗനം പാലിക്കുന്നതെന്തുകൊണ്ടെന്ന് ബോദ്ധ്യമാകും. ലൈഫ് മിഷനിലെ ക്രമക്കേടിലും അന്വേഷണ ഏജൻസി മൗനത്തിലാണ്.നാടിന്റെ വികസനം അനിവാര്യമാണ്. എന്നാൽ ഭരണഘടനയെ അട്ടിമറിച്ചുള്ള കൊള്ള അംഗീകരിക്കാനാവില്ല. കുറഞ്ഞ പലിശയ്ക്ക് നാട്ടിൽ വായ്പ ലഭ്യമായിരിക്കെ, 9.73 ശതമാനം കൊള്ളപ്പലിശയ്ക്ക് മസാലബോണ്ടിറക്കി. ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ പോയി മുഖ്യമന്ത്രി മണിയടിക്കുന്നതിന് മുമ്പുതന്നെ ലാവ്‌ലിൻ കമ്പനിക്ക് ബന്ധമുള്ള കനേഡിയൻ കമ്പനിയായ സി.ഡി.പി.ക്യുവിന് മസാലബോണ്ട് വിറ്റുപോയതിലെ ദുരൂഹതയും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതാണ്. മൂന്ന് വർഷമായി യു.ഡി.എഫ് ഇതെല്ലാം പറയുന്നു. ആർക്കൊക്കെ കമ്മിഷൻ കിട്ടിയെന്ന് അന്നൊന്നും ആരുമന്വേഷിച്ചില്ല. എന്നാലിപ്പോൾ അന്വേഷിക്കുന്നതാണ് ദുരൂഹം. സുരക്ഷിതസ്ഥാനത്ത് നിന്നുള്ള വെല്ലുവിളിയാണ് ഐസക് നടത്തുന്നത്. നേരത്തേ തയാറാക്കിയ തിരക്കഥയുടെ ഭാഗമാണിത്.സി.പി.എം- ആർ.എസ്.എസ് ബന്ധത്തിന് ഇടനിലയായി നിന്നെന്ന് സി.പി.എം തന്നെ ശരിവച്ച ശ്രീ എം എന്ന സ്വാമിക്ക് തലസ്ഥാനത്ത് നാലേക്കർ നൽകിയതിലും നിഗൂഢത ബാക്കിയാണ്. ആ ബാന്ധവത്തിന് ഇടനിലക്കാരനായി നിന്നതിനുള്ള ഉപകാരസ്മരണയായാണോ ആക്കുളത്ത് ഭൂമി നൽകിയതെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. നേരത്തേ ഇവിടെ പ്രവർത്തിക്കുകയോ നാടിനെന്തെങ്കിലും സംഭാവന നൽകുകയോ ചെയ്ത സ്ഥാപനങ്ങൾക്കാണ് ഭൂമി അനുവദിക്കാറ്. ഇതങ്ങനെയുള്ള സ്ഥാപനമല്ല. ഇത് അപകടകരമായ കൂട്ടുകെട്ടാണ്. തിരഞ്ഞെടുപ്പ് വേളയിൽ ജനം ഇതിനെതിരെ ജാഗരൂകരായിരിക്കണമെന്നും ചെന്നിത്തല പറഞ്ഞു.