
തിരുവനന്തപുരം:ഉറപ്പാണ് എൽ.ഡി.എഫ് എന്ന ഇടതുമുന്നണിയുടെ ടാഗിന് മറുപടിയായി 'നാട് നന്നാകാൻ യു.ഡി.എഫ്' എന്ന പ്രചരണ വാചകം പുറത്തിറക്കി യു.ഡി.എഫ്. 'ഞങ്ങൾ പ്രഖ്യാപിക്കുന്ന പുതിയ പദ്ധതികൾക്കൊപ്പം വാക്ക് നൽകുന്നു യു.ഡി.എഫ്' എന്ന വാചകവും ഇതോടൊപ്പമുണ്ടാകും.
പ്രചരണവാചകം ഇന്നലെ യു.ഡി.എഫ് യോഗത്തിന് ശേഷം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു. സംശുദ്ധം സദ്ഭരണം എന്നതാണ് ലക്ഷ്യമെന്നും ഐശ്വര്യ കേരളത്തിനായി വോട്ട് ചെയ്യാം യു.ഡി.എഫിന് എന്നതാണ് അഭ്യർത്ഥനയെന്നും ചെന്നിത്തല പറഞ്ഞു.മാറ്റമുണ്ടാവണമെന്ന് ജനങ്ങളെല്ലാം ആഗ്രഹിക്കുന്നു. അഞ്ച് വർഷമായി എല്ലാ മേഖലകളും നിശ്ചലമാണ്. നാട് നന്നാകാൻ, ഐശ്വര്യ സമ്പൂർണമായ കേരളം കെട്ടിപ്പടുക്കാൻ യു.ഡി.എഫിനെ അധികാരത്തിലെത്തിക്കണം. അഞ്ച് വർഷം പിണറായി സർക്കാർ നടത്തിയ അഴിമതികൾ, സ്വജനപക്ഷപാതം, അനധികൃത നിയമനങ്ങൾ, സർക്കാരിന്റെ കെടുകാര്യസ്ഥത, മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റി ഉയർന്ന കള്ളക്കടത്ത് ഉൾപ്പെടെയുള്ള ആരോപണങ്ങൾ എന്നിവയെല്ലാം പ്രചാരണവിഷയമാക്കും. അവസാനത്തെ ആറ് മാസം പി.ആർ.ഡിയെ ഉപയോഗിച്ച് സർക്കാർ നടത്തിയ തെറ്റായ പ്രചരണങ്ങൾ തുറന്നുകാട്ടും. കേരളത്തിൽ ഏറ്റവുമധികം വീടുകൾ വച്ചുകൊടുത്തത് ഈ സർക്കാരാണെന്ന കളവാണ് പ്രചരിപ്പിക്കുന്നത്. രണ്ടരലക്ഷം വീടുകൾ വച്ചെന്ന് എൽ. ഡി. എഫ് പറയുമ്പോൾ യു.ഡി.എഫ് ഭരണകാലത്ത് നാല് ലക്ഷം പേർക്കാണ് വീട് നൽകിയത്. സർക്കാരിന്റെ വീഴ്ചകളെയും ദുഷ്ചെയ്തികളെയും തുറന്നുകാട്ടുന്നതോടൊപ്പം യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ചെയ്യാൻ പോകുന്ന കാര്യങ്ങളുടെ കാമ്പെയിനും ലക്ഷ്യമിടുകയാണെന്ന് ചെന്നിത്തല പറഞ്ഞു.