തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയോടും കേരള കോൺഗ്രസ് നേതാവ് പി.സി. തോമസിനോടും എൻ.ഡി.എ യോഗത്തിൽ ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടു. ബി.ജെ.പി ദേശീയ നേതൃത്വവും ഇക്കാര്യം ആവശ്യപ്പെടുമെന്നാണ് സൂചന. തുഷാർ ഡൽഹിയിലെത്തിയിട്ടുണ്ട്. 8ന് എൻ.ഡി.എ സ്ഥാനാർത്ഥികളെ തീരുമാനിക്കും.

ബി.ഡി.ജെ.എസ് കഴിഞ്ഞ തവണ മത്സരിച്ച കുട്ടനാട്ടിൽ തുഷാർ മത്സരിക്കണം. പി.സി. തോമസ് പാലായിലും. നേരത്തെ കൊടുങ്ങല്ലൂർ സീറ്ര് തിരികെ ആവശ്യപ്പെട്ട ബി.ജെ.പി, തുഷാർ സന്നദ്ധനാണെങ്കിൽ കൊടുങ്ങല്ലൂർ വിട്ടുനൽകാമെന്നും പറഞ്ഞു. എന്നാൽ, തുഷാർ മത്സരിക്കില്ലെന്നും പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നേതൃത്വം നൽകുമെന്നും അദ്ദേഹത്തോടടുപ്പമുള്ള കേന്ദ്രങ്ങൾ അറിയിച്ചു.

കഴിഞ്ഞ തവണ മുപ്പത്തിമൂന്നിടത്ത് മത്സരിച്ച ബി.ഡി.ജെ.എസ് ഇക്കുറി 20-21 സീറ്രുകളിൽ മത്സരിക്കാനാണ് സാദ്ധ്യത. പി.സി. തോമസിന് രണ്ട് സീറ്റും മറ്ര് ചില ഘടകകക്ഷികൾക്ക് ഓരോ സീറ്രും നൽകിയേക്കും.

ബി.ജെ.പി നേതാക്കളായ പി.കെ. കൃഷ്ണദാസ്, സി. കൃഷ്ണകുമാർ, എം. ഗണേശൻ, ബി.ഡി.ജെ.എസിൽ നിന്ന് തുഷാർ വെള്ളാപ്പള്ളി, പദ്മകുമാർ, നെടുമങ്ങാട് രാജേഷ്, അനിരുദ്ധ് കാർത്തികേയൻ, എസ്.ആർ.എം. അജി കേരളകോൺഗ്രസിൽ നിന്ന് പി.സി. തോമസ്, കുരുവിള മാത്യൂസ് (നാഷണലിസ്റ്ര് കേരള കോൺഗ്രസ്), രാജേന്ദ്രൻ (എസ്.ജെ.പി), വിഷ്ണുപുരം ചന്ദ്രശേഖരൻ, തിരുവള്ളൂർ മുരളി (കെ.കെ.എൻ.സി), മെഹബൂബ്( എൽ.ജെ.പി) എന്നിവർ പങ്കെടുത്തു.