വെള്ളനാട്: വെള്ളനാട് വെളിയന്നൂരിൽ കരമനയാറ്റിന്റെ കടവിൽ കുളിക്കാനിറങ്ങിയ രണ്ട് സ്കൂൾ വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. വെള്ളനാട് ചാങ്ങ സൗമ്യ ഭവനിൽ നികേഷ് (ഗിരീഷ്)-സൗമ്യ ദമ്പതികളുടെ മകൻ സൂര്യ(14),വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് വെളിയന്നൂർ അഞ്ജനയിൽ ഉണ്ണികൃഷ്ണൻ-രജനി ചന്ദ്രൻ ദമ്പതികളുടെ മകൻ അക്ഷയ് കൃഷ്ണ(14)എന്നിവരാണ് മരിച്ചത്.വെള്ളനാട് ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളാണ്.
ഇന്നലെ വൈകിട്ട് നാലു മണിയോടെ ഇവർ വെളിയന്നൂരിൽ വില്ലിപാറ കടവിന് സമീപത്തെ സുഹൃത്ത് അനന്തുവിന്റെ വീട്ടിലെത്തിയ ശേഷം മറ്റു സുഹൃത്തുക്കളുമായി കടവിൽ കുളിക്കാൻ പോകുകയായിരുന്നു.അക്ഷയ് കൃഷ്ണയാണ് ആദ്യം കുളിക്കാനിറങ്ങിയത്.ഒഴുക്കിൽപ്പെട്ട അക്ഷയിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സൂര്യയും ഒഴുക്കിൽപ്പെട്ടു. ഇതുകണ്ട് പുറകെ അനന്തു ചാടാൻ ശ്രമിച്ചെങ്കിലും മറ്റൊരു സുഹൃത്ത് പിടിച്ചുനിറുത്തി. ഇവർ ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടി ഒഴുക്കിൽപ്പെട്ട ഇരുവരെയും വെള്ളത്തിൽ നിന്ന് കരയ്ക്കെത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. മൃതദേഹങ്ങൾ മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി .മരിച്ച അക്ഷയ് കൃഷ്ണയുടെ സഹോദരൻ അഞ്ജയ് കൃഷ്ണ.