@മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർക്ക് കത്തയച്ചു

തിരുവനന്തപുരം:കിഫ്‌ബിക്കെതിരായ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിന്റെ നീക്കം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന്‌ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യ തിരഞ്ഞെടുപ്പ്‌ കമ്മിഷണർ സുനിൽ അറോറയ്ക്ക് കത്തയച്ചു.

കിഫ്‌ബി ഉദ്യോഗസ്ഥരെ ഇ.ഡി തുടർച്ചയായി വിളിച്ചു വരുത്തുന്നു. കിഫ്ബിയിലെ വനിതാ ഉദ്യോഗസ്ഥർക്ക് പോലും ഇ.ഡി ഉദ്യോഗസ്ഥരുടെ അപമര്യാദയായ സമീപനം നേരിട്ടിട്ടുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌ നയിച്ച യാത്രയിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ എറണാകുളത്ത്‌ നടത്തിയ പ്രസംഗത്തിൽ കിഫ്‌ബിയെയും സംസ്ഥാന സർക്കാരിനെയും ആക്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെടുത്തി വേണം ഇക്കാര്യം വായിക്കാനെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. നിർമ്മലാ സീതാരാമന്റെ ധനമന്ത്രാലയത്തിന്റെ കീഴിലാണ് ഇ.ഡി. ഒരു കേസിൽ സാക്ഷികളെ വിളിച്ചു വരുത്തുന്നത് വിവരങ്ങളും തെളിവുകളും ശേഖരിക്കുന്നതിനാവണം. ഇവിടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഇത്തരം വിവരങ്ങൾ ഉപയോഗിക്കുന്നത്. ഉദ്യോഗസ്ഥരിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതാണ് കേന്ദ്ര ധനമന്ത്രിയുടെ ഇടപെടൽ.

കിഫ്‌ബി ചീഫ്‌ എക്സിക്യൂട്ടീവിന്‌ ഇ.ഡി സമൻസ്‌ അയച്ചെന്ന്‌ മാദ്ധ്യമങ്ങൾ വാർത്തയാക്കിയപ്പോഴും അദ്ദേഹത്തിന്‌ സമൻസ്‌ ലഭിച്ചിരുന്നില്ല. ഇ. ഡി ഉദ്യോഗസ്ഥർ രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്കായി വിവരങ്ങൾ ചോർത്തുന്നതിന്റെ തെളിവാണിത്‌. അന്വേഷണ ഏജൻസികൾ ഇങ്ങനെ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതിനെതിരെ കമ്മിഷൻ ഇടപെടണം. കേരളത്തിലെ സർക്കാർ ജീവനക്കാർക്കെതിരെ ഒരു കാമ്പയിൻ നടത്തുന്നതിന്റെ ഭാഗമാണിത്‌. പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കാനും സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനും കേന്ദ്ര സർക്കാർ ഏജൻസികൾ നിഷ്‌പക്ഷമായി പ്രവർത്തിക്കേണ്ടത്‌ അനിവാര്യമാണെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.