kifbi

ഹരിപ്പാട്: വിദേശത്തു നിന്ന് പണം കൈപ്പറ്റിയതിൽ കിഫ്ബിക്കെതിരെ കേസെടുത്തത് നിയമപരമായ നടപടിയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കുറഞ്ഞ പലിശയ്ക്ക് രാജ്യത്തു നിന്നുതന്നെ വായ്പ കിട്ടുമെന്നിരിക്കെയാണ് ചട്ടം ലംഘിച്ച് വിദേശത്തു നിന്ന് പണം കൈപ്പറ്റിയത്. ഭരണഘടനാ ചട്ടങ്ങൾ ലംഘിച്ചാൽ നടപടിയുണ്ടാകും. പിടിക്കപ്പെട്ടപ്പോൾ കേന്ദ്ര ധനമന്ത്രിയെ വെല്ലുവിളിക്കുകയാണ് തോമസ് ഐസക്. സിനിമയിലെ വില്ലൻ കഥാപാത്രങ്ങളെപ്പോലെ ഡയലോഗുകൾ ഇറക്കി ജനങ്ങളെ കബളിപ്പിക്കാമെന്ന് അദ്ദേഹം കരുതരുതെന്നും വി. മുരളീധരൻ പറഞ്ഞു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയ്ക്ക് ഹരിപ്പാട്ടു നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.അഞ്ചു വർഷം ഇടതു സർക്കാർ നടത്തിയത് തീവെട്ടിക്കൊള്ളയാണ്. കുട്ടനാടൻ മേഖലയിലുൾപ്പെടെ കർഷകരുടെ നില പരിതാപകരമാണ്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചു.രണ്ടായിരത്തിലധികം കോടിയുടെ ആദ്യ പാക്കേജിന്റെ പാതി പോലും ചെലവഴിക്കാനായിട്ടില്ല. ആ തുക എവിടെപ്പോയെന്ന് പറഞ്ഞിട്ടു മതി രണ്ടാം കുട്ടനാട് പാക്കേജെന്നും മന്ത്രി പറഞ്ഞു.കർഷകരിൽ നിന്ന് നെല്ലു സംഭരിച്ചതിന്റെ പണം അവർക്കു കിട്ടുന്നില്ല. കേന്ദ്രം പ്രഖ്യാപിച്ചതിനേക്കാൾ താങ്ങുവില പ്രഖ്യാപിച്ചു എന്നാണ് സംസ്ഥാനത്തിന്റെ പ്രഖ്യാപനം. പക്ഷേ, അതിന്റെ ഗുണം കർഷകർക്ക് ലഭിക്കുന്നില്ല.

നെല്ലും ഗോതമ്പും സംഭരിക്കാൻ മോദി സർക്കാർ അഞ്ചു വർഷം കൊണ്ട് എട്ടു ലക്ഷം കോടി രൂപ നൽകി. കർഷകരെ ആത്മഹത്യയിലേക്കു തള്ളിവിടാതെ അർഹിക്കുന്ന സംഭരണവില നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും മുരളീധരൻ പറഞ്ഞു.