denky

വെള്ളരിക്കുണ്ട്: ബളാൽ ഗ്രാമ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തു.

വെള്ളരിക്കുണ്ട്, കരുവളടുക്കം, പാത്തിക്കര കാറളം, കൊന്നക്കാട്, മുട്ടോൻകടവ്, പാമത്തട്ട് എന്നീ സ്ഥലങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിതീകരിച്ചത്. ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ഊർജ്ജിത നടപടികളുമായി വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രം രംഗത്തിറങ്ങി. ജില്ല വെക്ടർ കൺട്രോൾ യൂണിറ്റുമായി സഹകരിച്ച് പൊതുജനാരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ എന്നിവർക്കായി പരിശീലനം സംഘടിപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ അജിത് സി. ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. പ്രാഥമികാരോഗ്യ കേന്ദം അസി. സർജൻ ഡോ. മനീഷ ഉദ്ഘാനം ചെയ്തു. വെക്ടർ കൺട്രോൾ യൂണിറ്റ് ഫീൽഡ് അസിസ്റ്റന്റ് ദാമോദരൻ ക്ലാസെടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ കെ. സുജിത് കുമാർ സ്വാഗതവും പബ്ലിക് ഹെൽത്ത് നഴ്‌സ് ഏലിയാമ്മ വർഗീസ് നന്ദിയും പറഞ്ഞു.

വെള്ളരിക്കുണ്ട് 14ാം വാർഡിൽ നടത്തിയ കൊതുക് സാന്ദ്രതാ പഠനത്തിൽ ബ്രിട്ടോ ഇൻസ്‌ക്‌സ് ഉയർന്ന് കണ്ടതിനാൽ ഈ പ്രദേശത്ത് രോഗ സാദ്ധ്യത ഉണ്ടെന്നും വിലയിരുത്തപ്പെട്ടു. പത്തു ഗ്രൂപ്പുകളായി തിരിഞ്ഞ സംഘം 120 വീടുകളിലായി പരിശോധന നടത്തി. സമീപ പഞ്ചായത്തുകളിലും ബളാൽ പഞ്ചായത്തിലും ഡങ്കിപനി കേസുകൾ അധികരിക്കുന്ന സാഹചര്യത്തിൽ തെർമൽ ഫോഗിംഗ് ഉൾപ്പെടെ ചെയ്യുന്നതാണെന്ന് ഹെൽത്ത് ഇൻസ്പക്ടർ അജിത് സി. ഫിലിപ്പ് അറിയിച്ചു. ജനങ്ങൾ വെള്ളം കെട്ടിനിന്ന് കൊതുക് വളരാൻ സാദ്ധ്യതയുള്ള കണ്ടയിനറുകൾ പരിശോധിച്ച് നടപടി എടുക്കണം. വേനൽകാലത്ത് ഇത്തരത്തിൽ കൊതുകുകൾ വളർന്ന് പെരുകിയാൽ മൺസൂൺ ആരംഭത്തിൽ തന്നെ രോഗ സാധ്യത ഇരട്ടിയാകും.