
പശ്ചിമ ബംഗാളിൽ, തിരഞ്ഞെടുപ്പ് തീയതി അടുക്കുകയാണ്. ഒപ്പം രാഷ്ട്രീയ പോരാട്ട വേദിയിലും തീ ആളിപ്പടരുകയാണ്. ബംഗാളിലെ മധുര പലഹാര കടകളിൽ വരെ തിരഞ്ഞെടുപ്പിന്റെ തീപ്പൊരി കാണാം. മധുര പലഹാരങ്ങളിൽ ആണ് തൃണമൂലും ബി.ജെ.പിയും തമ്മിലെ വാശിയേറിയ പോരാട്ടം. 'ഖേലാ ഹോബേ', 'ജയ് ശ്രീ റാം' എന്നീ മുദ്രാവാക്യങ്ങളോട് കൂടിയുള്ള വിവിധയിനം പലഹാരങ്ങളുടെ കച്ചവടമാണ് പൊടിപൊടിക്കുന്നത്. തിരഞ്ഞെടുപ്പിൽ ആരു ജയിച്ചാലും പ്രശ്നമില്ല, എന്നാൽ, ഈ പലഹാര യുദ്ധത്തിൽ ആര് ജയിക്കുമെന്ന് കണ്ടറിയണമെന്ന് വ്യാപാരികൾ പറയുന്നു.
തൃണമൂൽ കോൺഗ്രസിന്റെ മുദ്രാവാക്യമാണ് 'ഖേലാ ഹോബേ". 'ജയ് ശ്രീ റാം' എന്നത് ബി.ജെ.പിയുടേതും. കൊൽക്കത്തയിലെയും മറ്റും ബേക്കറികളിൽ ഈ മുദ്രാവാക്യങ്ങൾ എഴുതിയ പലഹാരങ്ങളാണ് ഇപ്പോൾ താരം. സന്ദേശ് എന്ന ഒരിനം ഡെസേർട്ട് ആണ് ഇക്കൂട്ടത്തിൽ ജനപ്രിയം. കേക്ക് മോഡലിലുള്ള സന്ദേശും പരമ്പരാഗത രീതിയിലുള്ള സന്ദേശും ലഭ്യമാണ്. പാർട്ടി ചിഹ്നങ്ങളുള്ള പലഹാരങ്ങളും ഷെൽഫുകളിൽ നിറഞ്ഞു കഴിഞ്ഞു. പാലും മധുരവും ചേർത്തുണ്ടാക്കുന്ന സന്ദേശിന് ആരാധകർ ഏറെയാണ്.
വെള്ളയും പച്ചയും നിറത്തിലുള്ള പലഹാരത്തിൽ 'ഖേലാ ഹോബേ' എന്നും, വെള്ളയും ഓറഞ്ചും നിറത്തിലുള്ള പലഹാരത്തിൽ 'ജയ് ശ്രീ റാം' എന്നും ആലേഖനം ചെയ്തിരിക്കുന്നു. 'ഖേലാ ഹോബേ' എന്നതിനർത്ഥം മത്സരം തുടങ്ങിക്കഴിഞ്ഞു എന്നാണ്.
ഇരു പാർട്ടികളുടെയും അനുയായികളിൽ നിന്ന് ഈ പലഹാരങ്ങൾക്കായി കൈനിറയെ ഓർഡർ ലഭിക്കുന്നതായി ബേക്കറി ഉടമകൾ പറയുന്നു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി മമത ബാനർജി എന്നിവരുടെ ഫോട്ടോ പതിച്ച പലഹാരങ്ങളും ലഭ്യമാണ്. ഇത്തരം പലഹാരങ്ങൾക്ക് സാധാരണ തിരഞ്ഞെടുപ്പ് സമയങ്ങളിൽ ഡിമാൻഡ് ഏറെയാണ്. അതേ സമയം, തൃണമൂലിനെയും ബി.ജെ.പിയെയും പ്രതിനിധീകരിക്കുന്ന മധുര പലഹാരങ്ങൾ വിൽക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും ഉപഭോക്താക്കളെ സന്തോഷിപ്പിക്കുക മാത്രമാണ് ലക്ഷ്യമെന്നും ഭൂരിഭാഗം കടയുടമകളും അഭിപ്രായപ്പെടുന്നു.
'ഖേലാ ഹോബേ', ' ജയ് ശ്രീറാം ' മുദ്രാവാക്യങ്ങൾ എഴുതിയ പലഹാരങ്ങൾ വെള്ള, പച്ച, ഓറഞ്ച് തുടങ്ങി വിവിധ നിറങ്ങളിലും ചോക്ലേറ്റ്, സ്ട്രോബെറി, മാംഗോ ഫ്ലേവറുകളിലും ലഭ്യമാണ്. 40 മുതൽ 100 രൂപ വരെയാണ് ഇവയുടെ വില. രാഷ്ട്രീയ പാർട്ടികളെ കൂടാതെ സാധാരണക്കാർക്കിടയിലും ഈ മധുരപലഹാരങ്ങൾക്ക് പ്രചാരമേറുന്നുണ്ട്.