vaccination-

കൊവിഡ് മഹാമാരിയെ പിടിച്ചുകെട്ടാനുള്ള യജ്ഞത്തിന്റെ ഭാഗമായി രാജ്യത്ത് വാക്സിനേഷന്റെ രണ്ടാംഘട്ടം തുടങ്ങിയിരിക്കുകയാണ്. വാക്സിനെതിരായ അപവാദ പ്രചാരണങ്ങൾക്ക് തടയിടാനും ജനങ്ങളിൽ ആത്മവിശ്വാസം ജനിപ്പിക്കാനും ഉദ്ദേശിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉൾപ്പെടെയുള്ള ഉന്നത രാഷ്ട്രനേതാക്കൾ ഇതിനകം വാക്സിൻ സ്വീകരിച്ചുകഴിഞ്ഞു. വാക്സിന്റെ വിശ്വാസ്യതയിലും ഫലപ്രാപ്തിയിലും ആർക്കും സംശയം വേണ്ടെന്നാണ് പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരുടെ സാക്ഷ്യപത്രം. രാജ്യത്തുണ്ടാക്കുന്ന എന്തും ഗുണം കുറഞ്ഞവയാണെന്ന തെറ്റായ ചിന്തയിൽ അഭിരമിക്കുന്ന വികല മനസുകളെ ആരു വിചാരിച്ചാലും അതിൽ നിന്ന് കരകയറ്റാനാവില്ല. അതേസമയം വാക്സിനുവേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്ന കോടാനുകോടികൾ വലിയ സൗഭാഗ്യമായിട്ടാണ് രാജ്യത്ത് നിർമ്മിക്കുന്ന കൊവിഡ് വാക്സിനുകളെ കാണുന്നത്.

അറുപത് കഴിഞ്ഞ മുതിർന്ന പൗരന്മാർക്കും ഗുരുതര സ്വഭാവമുള്ള രോഗങ്ങൾക്കു ചികിത്സയിൽ കഴിയുന്ന 45-നും 55-നുമിടയ്ക്ക് പ്രായമുള്ളവർക്കും വേണ്ടിയുള്ള കുത്തിവയ്‌പാണ് ഇപ്പോൾ നടക്കുന്നത്. ഈ ഗണത്തിൽപ്പെടുന്ന ആരും തന്നെ വാക്സിൻ എടുക്കാതിരിക്കരുതെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെയും ഭരണകർത്താക്കളുടെയും ആഹ്വാനം. സാക്ഷരതയിൽ മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിലെ ജനങ്ങളോട് ഇക്കാര്യം പ്രത്യേകിച്ചു പറയേണ്ടതില്ല. ആരോഗ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എപ്പോഴും കരുതലും ജാഗ്രതയും ഉള്ളവരാണവർ. അറുപതു കഴിഞ്ഞവരും 45 നു മുകളിൽ,​ വിവിധ രോഗങ്ങൾക്കു ചികിത്സയിലിരിക്കുന്നവരുമായ 80 ലക്ഷത്തിൽപ്പരം പേർക്കാണ് വാക്സിൻ നൽകേണ്ടതെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. വാക്സിനേഷന്റെ രണ്ടാം ഘട്ടം തുടങ്ങിയ മാർച്ച് ഒന്നിനു തന്നെ വാക്സിനായി ജനങ്ങൾ ധാരാളമായി ഓരോ കേന്ദ്രത്തിലും എത്തിക്കൊണ്ടിരിക്കുകയാണ്. മുൻകൂർ രജിസ്ട്രേഷൻ വഴി തിരക്ക് നിയന്ത്രിക്കാൻ നടപടി എടുത്തിട്ടുണ്ടെങ്കിലും മുതിർന്ന പൗരന്മാരിൽ പലർക്കും അതു വഴങ്ങുന്നില്ലെന്ന പരാതിയുണ്ട്. അത്തരക്കാർക്ക് നേരിൽ വന്ന് രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നാണ് അറിയിപ്പ്. ഇതൊക്കെ ഉള്ളപ്പോഴും വാക്സിൻ നൽകുന്നതിനുള്ള സംവിധാനങ്ങൾ പല കേന്ദ്രങ്ങളിലും പൂർണതോതിലായിട്ടില്ല. 'ആപ്പിൽ" കാണുന്ന കേന്ദ്രങ്ങളിൽ പലതും ഇനിയും പ്രവർത്തനം തുടങ്ങിയിട്ടുമില്ല. സാധാരണക്കാരെ ഇത് കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. രജിസ്റ്റർ ചെയ്തവർക്കും വാക്സിൻ ലഭിക്കാതെ സെന്ററുകളിൽ നിന്ന് മടങ്ങിപ്പോകേണ്ടി വരുന്നുണ്ട്. കുത്തിവയ്പ് എടുക്കാനെത്തുന്ന വയോധികരും പലതരത്തിലുള്ള അവശതകളുള്ളവരാണെന്ന കാര്യം അധികൃതർ മറക്കരുത്. നടപടികൾ ലളിതവും ഉറപ്പുമുള്ളതായില്ലെങ്കിൽ വാക്സിൻ സെന്ററുകളിലേക്കുള്ള അവരുടെ യാത്ര വൃഥാവിലാകും. ദൗർഭാഗ്യകരമായ ഈ സ്ഥിതി ഉണ്ടാകാതിരിക്കാൻ ഇനിയുള്ള ദിവസങ്ങളിലെങ്കിലും ആരോഗ്യവകുപ്പ് ശക്തമായ നടപടികൾ സ്വീകരിക്കണം. കൊവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാനും വളരെയധികം സമയമെടുക്കുന്നു എന്ന ആക്ഷേപവും വിദഗ്ദ്ധർ ഇടപെട്ട് പരിഹരിക്കേണ്ടതാണ്. ക്രമീകരണങ്ങൾ കുറ്റമറ്റ നിലയിലായാലേ വാക്സിനേഷൻ നടപടി സുഗമമായി മുന്നോട്ടു
കൊണ്ടുപോകാനാവൂ. റേഷൻകാർഡ് വിതരണത്തിൽ കണ്ട താളപ്പിഴയുടെ ആവർത്തനമാകരുത് വാക്സിനേഷൻ ക്യാമ്പുകൾ. തിരക്കിനനുസരിച്ച് കൂടുതൽ കേന്ദ്രങ്ങൾ തുറക്കണം. പ്രവർത്തന സമയവും ദീർഘിപ്പിക്കണം. ഇതൊക്കെ നിഷ്‌പ്രയാസം നടക്കുന്ന കാര്യങ്ങളാണ്. ലക്ഷക്കണക്കിന് കുഞ്ഞുങ്ങൾക്ക് ഒറ്റ ദിവസം കൊണ്ടാണ് പോളിയോ വാക്സിൻ നൽകാറുള്ളത്. ഒരു പരാതിയും ഇതുമായി ബന്ധപ്പെട്ട് കേൾക്കാറില്ല. കൊവിഡ് വാക്സിനേഷനും മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടുതന്നെ പരാതിക്കിടയില്ലാത്തവിധം പൂർത്തിയാക്കാവുന്നതേയുള്ളൂ.

വാക്സിനേഷൻ വേഗത്തിലാക്കാൻ കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത് ആശ്വാസം നൽകുമെന്നു പ്രതീക്ഷിക്കാം. കുത്തിവയ്പ് കേന്ദ്രങ്ങളുടെ എണ്ണം കൂട്ടാനും ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിപ്പിക്കാനും നിർദ്ദേശമുണ്ട്. സൗകര്യങ്ങളുള്ള എല്ലാ സ്വകാര്യ ആശുപത്രികൾക്കും ആവശ്യമായത്ര വാക്സിൻ നൽകാനും ശുപാർശയുണ്ട്. കുത്തിവയ്പ് കേന്ദ്രങ്ങളുടെ പ്രവർത്തന സമയം ദീർഘിപ്പിക്കാൻ കൂടുതൽ ജീവനക്കാരെ നിയോഗിക്കേണ്ടിവരും. ഉള്ള ജീവനക്കാരെ വച്ചുതന്നെ അതിനുള്ള ഏർപ്പാടുകൾ ചെയ്യാവുന്നതേയുള്ളൂ. ഡോക്ടർമാരുടെ സംഘടന ഇതിനെതിരെ പ്രസ്താവന പുറപ്പെടുവിച്ചതായി കണ്ടിരുന്നു. ശരിയായ സമീപനമാണ് ഇതെന്നു തോന്നുന്നില്ല.

സമ്പർക്കത്തിലൂടെ രോഗവ്യാപനം തുടരുന്നതിനാൽ വാക്സിനേഷൻ കേന്ദ്രങ്ങൾ രോഗം പകരുന്ന ഇടങ്ങളായി മാറാതിരിക്കാനാവശ്യമായ കരുതൽ എടുക്കേണ്ടതുണ്ട്. ഇപ്പോൾ ഒരിടത്തും അത്തരത്തിലുള്ള യാതൊരു മുൻകരുതലും സ്വീകരിച്ചു കാണുന്നില്ല.

വാക്‌സിൻ കുത്തിവയ്പ് മുതിർന്ന പൗരന്മാർക്കും രോഗപീഡകളാൽ വലയുന്നവർക്കും യാതനയായി മാറാതിരിക്കാൻ സർക്കാർ ശ്രദ്ധിച്ചേ മതിയാവൂ. നിശ്ചിത പ്രായപരിധിയിലുള്ള മുഴുവൻ പേർക്കും കുത്തിവയ്‌പ് പൂർത്തിയാക്കാൻ ആഴ്ചകളല്ല മാസങ്ങൾ തന്നെ വേണ്ടിവരുമെന്നത് യഥാർത്ഥ്യമാണ്. ക്ളേശരഹിതമായ ക്രമീകരണങ്ങളിലൂടെ, കുത്തിവയ്‌പ് പ്രക്രിയയിലൂടെ കടന്നുപോകാൻ വയോജനങ്ങൾക്കു സാദ്ധ്യമാവുന്നിടത്താണ് ആരോഗ്യവകുപ്പിന്റെ മിടുക്കിരിക്കുന്നത്. കുത്തിവയ്‌പ് കേന്ദ്രങ്ങൾ കൂടുതൽ ജനസൗഹൃദമാകണം.