
തിരുവനന്തപുരം: യു.ഡി.എഫിന് നിർണായക സ്വാധീനമുള്ള മണ്ഡലം. എന്നാൽ, കഴിഞ്ഞ തവണ യു.ഡി.എഫിന്റെ കണക്കുകൂട്ടൽ തെറ്റി. ശക്തനായിരുന്ന ശക്തന് ഇവിടെ കാലിടറി. സി.പി.എമ്മിലെ ഐ.ബി. സതീഷ് അട്ടിമറി വിജയം നേടി. ബി.ജെ.പി സ്വാധീന ശക്തിയായി വളർന്നു. ഈ പശ്ചാത്തലത്തിൽ വരുന്ന തിരഞ്ഞെടുപ്പിൽ കാട്ടാക്കടയുടെ മനസ് പ്രവചനാതീതമാണ്. ഇടതുമുന്നണിക്കൊപ്പം കാട്ടാക്കട നിലയുറപ്പിക്കുമെന്നാണ് എൽ.ഡി.എഫ് കേന്ദ്രങ്ങളുടെ വിശ്വാസം. എന്നാൽ കഴിഞ്ഞ തവണ 849 വോട്ടിന്റെ ചെറിയ ഭൂരിപക്ഷത്തിലാണ് മണ്ഡലം ഇടതിനൊപ്പം ചാഞ്ഞതെന്നും ശക്തമായ പ്രവർത്തനത്തിലൂടെ തിരിച്ചു പിടിക്കാമെന്നും യു.ഡി.എഫ് കണക്കുകൂട്ടുന്നു. ജില്ലയിൽ ഏറ്റവും കുറവ് ഭൂരിപക്ഷമായിരുന്നു കാട്ടക്കടയിലേത്. അതേസമയം ബി.ജെ.പിയുടെ വളർച്ച മണ്ഡലത്തിൽ പ്രകടമാണ്. 2011ൽ ബി.ജെ.പി സ്ഥാനാർത്ഥിയായ പി.കെ. കൃഷ്‌ണദാസ് 22550 നേടിയെങ്കിൽ 2016 ആയപ്പോഴേക്കും അത് 38000 കവിഞ്ഞു. സാമുദായികഘടകം കാട്ടക്കടയിൽ വിധി നിർണായക ശക്തിയാണ്. നാടാർസമുദായമാണ് ഇവിടെ കൂടുതൽ. സി.എസ്.ഐ സഭാംഗങ്ങളുടെ നാട്. തൊട്ടുപിന്നിൽ നായർ വിഭാഗവും. അത് കഴിഞ്ഞാൽ ഈഴവ സമുദായത്തിനും ദളിതർക്കും മുസ്ലിങ്ങൾക്കുമാണ് സ്വാധീനമുള്ളത്. കാട്ടാക്കട, മലയിൻകീഴ്, മാറനല്ലൂർ, പള്ളിച്ചൽ, വിളപ്പിൽ, വിളവൂർക്കൽ എന്നീ ആറ് പഞ്ചായത്തുകൾ അടങ്ങിയതാണ് കാട്ടാക്കട മണ്ഡലം.
പിറവിയും പ്രയാണവും
1957 മുതൽ 1970 വരെയുണ്ടായിരുന്ന വിളപ്പിൽ മണ്ഡലമാണ് കാട്ടാക്കടയായി പരിണമിച്ചത്. 2011ൽ മണ്ഡലം കീറമുറിച്ച് കാട്ടാക്കടയായപ്പോഴും പ്രദേശങ്ങൾ അപ്പാടെ മാറിയെങ്കിലും എക്കാലവും ഇതിൽ ഉൾപ്പെടുന്ന പഞ്ചായത്താണ് വിളപ്പിൽ. 1957ൽ പൊന്നറ ശ്രീധരൻ പി.എസ്.പി സ്ഥാനാർത്ഥിയായി വിജയിച്ച മണ്ഡലം കാലക്രമേണ നിരവധി മാറ്റങ്ങൾക്ക് വേദിയായി. 1977ൽ വിളപ്പിൽ മണ്ഡലം തിരുവനന്തപുരം ഈസ്റ്റായി. അപ്പോഴേക്കും ഒരുഭാഗം ആര്യനാടിനോടും മറ്റൊന്ന് നേമത്തോടും ചേർത്തു. സിറ്റിംഗ് എം.എൽ.എ ആയിരുന്ന കോൺഗ്രസിന്റെ എസ്. വരദരാജൻ നായർ നേമത്ത് മത്സരിച്ച് വിജയിക്കുകയും ചെയ്തു. 2011ൽ തിരുവനന്തപുരം ഈസ്റ്റിനെ വട്ടിയൂർക്കാവും നേമവുമാക്കിയപ്പോൾ നേമത്തെ മൂന്നു പഞ്ചായത്തും പഴയ ആര്യനാട് മണ്ഡലത്തിലെ രണ്ടും നെയ്യാറ്റിൻകര, നെടുമങ്ങാട് മണ്ഡലങ്ങളിൽ ഓരോ പഞ്ചായത്തും ചേർത്താണ് കാട്ടക്കട മണ്ഡലം രൂപീകരിച്ചത്. ഈസ്റ്റിന്റെ ഭാഗങ്ങൾ നേമത്തേക്കും നേമത്തെ ഭാഗങ്ങൾ കാട്ടാക്കടയിലേക്കും മാറിയതോടെ അന്നത്തെ ഈസ്റ്റിലെ സിറ്റിംഗ് എം.എൽ.എയായിരുന്ന വി. ശിവൻകുട്ടി നേമത്തേക്കും നേമത്തെ എം.എൽ.എയായിരുന്ന ശക്തൻ കാട്ടക്കടയിലേക്കും മാറി.
സാദ്ധ്യത
മണ്ഡലം നിലനിറുത്താൻ ഇടതുപക്ഷം ഐ.ബി. സതീഷിനെയാണ് വീണ്ടും നിയോഗിച്ചിരിക്കുന്നത്. എന്നാൽ കാട്ടാക്കട തിരിച്ചുപിടിക്കാൻ ഇക്കുറി ശക്തൻ രംഗത്തിറങ്ങില്ല. പകരം അൻജസിത റസൽ, എം.ആർ. ബൈജു, മലയിൻകീഴ് വേണുഗോപാൽ, അഡ്വ. എം. ണികണ്ഠൻ എന്നിവരിൽ ആരെങ്കിലും യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന നിഗമനത്തിലാണ് കാട്ടാക്കടയിലുള്ളവർ. ബി.ജെ.പി സ്ഥാനാർത്ഥിയായി കൃഷ്ണദാസാണ്. മാസങ്ങൾക്ക് മുമ്പേ അദ്ദേഹം മണ്ഡലത്തിൽ പ്രവർത്തനം തുടങ്ങി.
2016ലെ
ഐ.ബി. സതീഷ് (സി.പി.എം) 51614
എൻ. ശക്തൻ (കോൺ.) 50765
പി.കെ. കൃഷ്ണദാസ് (ബി.ജെ.പി) 38700