mamata

ഇടതുപക്ഷത്തിന്റെ കോട്ടതകർത്ത് ബംഗാളിനെ പിടിച്ചടക്കിയ ദീദിയും മുഖ്യ എതിരാളിയായ ബി.ജെ.പിയും നേർക്കുനേർ കടുത്ത പോരാട്ടത്തിലാണ്. വാക്കുകളാലും പ്രവൃത്തികളാലും ഇരു പാർട്ടികളും ഇഞ്ചോടിഞ്ച് മത്സരത്തിലാണ്. അടുത്തിടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു ഇരുവരും തമ്മിൽ പോസ്റ്ററിന്റെ പേരിൽ നടന്ന തമ്മിൽത്തല്ല്. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായി തൃണമൂൽ ഒരുഗ്രൻ പോസ്റ്റർ ഇറക്കി. പോസ്റ്ററും അതിലെ വാചകങ്ങളും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. എന്നാൽ, തൃണമൂലിന്റെ പോസ്റ്ററിന് മറുപടി പോസ്റ്ററുമായി ബി.ജെ.പി രംഗത്തെത്തിയതോടെ വിവാദം ആളിപ്പടരുകയായിരുന്നു.

മമത ബാനർജി വീണ്ടും ബംഗാൾ മുഖ്യമന്ത്രിയാകണം എന്ന് സൂചിപ്പിക്കുന്ന 'ബംഗ്ലാ നിജെർ മെയ്കേയ് ചായ് ' അഥവാ ' ബംഗാളിന് അതിന്റെ സ്വന്തം മകളെയാണ് ആവശ്യം' എന്ന വരികളായിരുന്നു തൃണമൂലിന്റെ പോസ്റ്ററിലെ ഹൈലൈറ്റ്.

എന്നാൽ, ബി.ജെ.പി ഈ വരികളെ ഒന്ന് പരിഷ്കരിച്ചു. ബംഗാളിന് വേണ്ടത് മകളെയാണ്, അമ്മായിയെ അല്ല എന്നതായിരുന്നു ബി.ജെ.പി പോസ്റ്ററിലെ വാചകം. 'പിഷി ' അഥവാ ' അമ്മായി ' എന്ന വാക്കുക്കൊണ്ട് ബി.ജെ.പി മമതയ്ക്ക് നേരെ ഒളിയമ്പ് തൊടുക്കുകയായിരുന്നു. 'പിഷി' എന്നാൽ അച്ഛന്റെ സഹോദരി എന്നാണർത്ഥം. മമതയെയും സഹോദരന്റെ മകനായ അഭിഷേക് ബാനർജിയെയും പരിഹസിക്കുന്നതായിരുന്നു ബി.ജെ.പിയുടെ പോസ്റ്റർ. മമത ബാനർജിയുടെ ചിത്രത്തിനൊപ്പം സംസ്ഥാനത്തെ ബി.ജെ.പിയുടെ ഒമ്പത് വനിതാ നേതാക്കളുടെയും ചിത്രം കോർത്തിണക്കിയതായിരുന്നു ആ പോസ്റ്റർ.

അടുത്തിടെ, കൽക്കരി കടത്ത് കേസുമായി ബന്ധപ്പെട്ട് തൃണമൂൽ നേതാവും എം.പിയുമായ അഭിഷേകിന്റെ ഭാര്യയെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. കൽക്കരി മാഫിയയുമായി അഭിഷേക് ഉൾപ്പെടെയുള്ള തൃണമൂൽ‌ നേതാക്കൾക്കു ബന്ധമുണ്ടെന്ന ആരോപണങ്ങളും ഉയർന്നിരുന്നു. അഭിഷേകിന്റെ പാർട്ടിയിലെ വളർച്ചയും മമത സ്വാധീനത്തിലാണെന്നും ബി.ജെ.പി വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.

ബി.ജെ.പി നേതാക്കളെ പൊതുവെ ബംഗാളിന് പുറത്തുള്ളവർ എന്നാണ് തൃണമൂൽ വിശേഷിപ്പിക്കുന്നത്. സംസ്ഥാനത്ത് പ്രചാരണത്തിനെത്തിയ മോദിയും അമിത് ഷായും ജെ.പി നദ്ദയും ഉൾപ്പെടെയുള്ള നേതാക്കൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ബംഗാളിൽ മമതയോട് ഏറ്റുമുട്ടാൻ ശേഷിയുള്ളത്ര ഒരു നേതാവിനെ ഉയർത്തിക്കൊണ്ടുവരാൻ ഇനിയും സാധിക്കാത്തത് ബി.ജെ.പിയ്ക്ക് തിരിച്ചടിയുമാണ്. ഒരു ഭാഗത്ത് ബംഗാളിന്റെ പുത്രിയായി മമത ചിത്രീകരിക്കപ്പെടുമ്പോൾ അതിനെതിരെ പ്രതിരോധം തീർക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.

നേരത്തെ, നോർത്ത് 24 പാർഗാനാസിൽ വന്ദേ മാതരത്തിന്റെ രചയിതാവായ ബങ്കിം ചന്ദ്ര ചാറ്റർജിയുടെ വസതിയ്ക്ക് മുന്നിൽ മമതയുടെ ചിത്രത്തോട് കൂടിയ കൂറ്റൻ പോസ്റ്റർ സ്ഥാപിക്കപ്പെട്ടതിന് പിന്നാലെ സമീപത്ത് തന്നെ ജെ.പി നദ്ദയുടെ ചിത്രങ്ങളോട് കൂടിയ ബി.ജെ.പി പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഏതായാലും പോര് തുടങ്ങിയിട്ടേയുള്ളൂ. എട്ട് ഘട്ടമായാണ് ബംഗാളിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 27, ഏപ്രിൽ 1, 6, 10, 17, 22, 26, 29 തീയതികളിലാണ് ബംഗാളിലെ 294 മണ്ഡലങ്ങളിലേക്കുള്ള ജനവിധി.