bus-stand

ചിറയിൻകീഴ്: ചിറയിൻകീഴ് ബസ് സ്റ്റാൻഡ്ന്നാൽ അസൗകര്യങ്ങളുടെ കേന്ദ്രമെന്നാണ് നാട്ടുകാ‌ർ പറയുന്നത്. അത്രത്തോളം ബുദ്ധിമുട്ടിയാണ് ഇവിടെ യാത്രക്കാർ ബസ് കാത്ത് നിൽക്കുന്നത്. ബസുകൾ ശരിയായി പാർക്ക് ചെയ്യാനോ വളയ്ക്കാനോ തിരിക്കാനോ ഒന്നിനും പറ്റാത്ത ഒരു സ്റ്റാൻഡ് എന്ന സൽകീർത്തി ചിറയിൻകീഴ് ബസ് സ്റ്റാൻഡിന് സ്വന്തം. റെയിൽവേ ക്രോസിനോട് ചേർന്നു നിൽക്കുന്നതും സ്റ്റേഷൻ പരിധിയിൽ ഉള്ളതുമായ ഈ സ്റ്റാൻഡിന് നിരവധി പരാധീനതകളുണ്ട്.

ഇവിടെ ബസ് കയറാൻ എത്തുന്ന യാത്രക്കാർ മഴയും വെയിലും ഏൽക്കണം. ഇവിടുത്തെ സ്ഥല പരിമിതിയും യാത്രാ അസൗകര്യങ്ങളും വ‌ർദ്ധിച്ചതോടെയാണ് സ്റ്റാൻഡ് പണ്ടകശാലയിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായത്.

കാത്തിരിപ്പ് കേന്ദ്രമെന്ന ആശയം വർഷങ്ങൾക്ക് മുൻപേ ഉയർന്നിരുന്നു. എന്നാൽ സ്ഥലം റെയിൽവേയുടെ പുറംപോക്ക് ഭൂമിയായതിനാൽ മറ്റ് നിർമ്മാണം നടത്താൻ ബന്ധപ്പെട്ട അധികാരികൾക്ക് കഴിഞ്ഞില്ല. എന്നാൽ ചിറയിൻകീഴ് റെയിൽവേ ഗേറ്റിൽ മേൽപ്പാലം വരുന്നതോടെ നിലവിലെ ബസ് സ്റ്റാൻഡിൽ യാത്രക്കാർ നേരിടുന്ന പരിമിതികൾ വർദ്ധിക്കുമെന്നാണ് കണക്കുകൂട്ടൽ.

പണ്ടകശാലയിലേക്ക് മാറ്റിയാൽ......

പണ്ടകശാലയിൽ ലക്ഷിപുരം ഷോപ്പിംഗ് കോംപ്ലക്സ് സ്ഥിതിചെയ്യുന്നത് 60 സെന്റ് സ്ഥലത്താണ്. സമീപത്തെ മറ്റ് വസ്ഥുക്കൾ കൂടി ഇതിനോടൊപ്പം കൂട്ടിച്ചേർത്താൽ യാത്രക്കാർക്ക് ബസ് കാത്തുനിൽക്കാനും ബസുകൾ വന്ന് തിരിയാനും പറ്റുന്ന തരത്തിൽ സൗകര്യം ഉണ്ടാകും.. അതുകൊണ്ട് തന്നെ സ്റ്റാൻഡ് ലക്ഷ്മിപുരത്തേക്ക് മാറ്റണമെന്നാണ് പൊതുവായ ആവശ്യം.. മാർക്കറ്റിലെ നിലിലെ ഷോപ്പിംഗ് കോംപ്ലക്സ് നിലം പൊത്താവുന്ന അവസ്ഥയിലാണ്. ഇതിനെ ഇടിച്ചു മാറ്റുന്നതിനുളള പ്രവർത്തനങ്ങൾ ഊർജ്ജിതമാണ്.

ചിറകുമുളച്ച് പഴയ സ്വപ്നം

ചിറയിൻകീഴിലെ ബസ് സ്റ്റാൻഡ് പാണ്ടകശാലയിലേക്ക് മാറ്റുന്നതിനെക്കുറിച്ച് മുൻകാലങ്ങളിലും ആലോചന ഉയർന്നിരുന്നു. എന്നാൽ തിരുവനന്തപുരം ഭാഗത്തുനിന്നും ചിറയിൻകീഴിലേയ്ക്കെത്തുന്ന കെ.എസ്.ആർ.ടി.സി ബസുകൾക്ക് നിലവിലെ മഞ്ചാടിമൂട്, ശാർക്കര എന്നീ രണ്ടു റെയിൽവേ ഗേറ്റുകൾക്ക് പുറമെ ചിറയിൻകീഴ് ഗേറ്റുകൂടി കടക്കണമെന്നു വന്നതോടെ ആ ആലോചന ഫലം കാണാതെ പോവുകയായിരുന്നു. എന്നാൽ ശാർക്കര, മഞ്ചാടിമൂട് ഗേറ്റുകളെ ഒഴിവാക്കി ബൈപാസ് യാഥാർത്ഥ്യമാവുകയും ചിറയിൻകീഴിൽ മേൽപ്പാല നിർമാണ പ്രവർത്തനങ്ങൾക്ക് ആരംഭമാവുകയും ചെയ്തതോടെയാണ് ബസ് സ്റ്റാന്റ് പണ്ടകശാലയിലേയ്ക്ക് മാറ്റാമെന്ന ആശയം വീണ്ടും ചിറക് മുളക്കുന്നത്.

ഉത്സവത്തിരക്ക്

ശാ‌ർക്കര ക്ഷേത്രത്തിലെ മീന ഭരണിയോടനുബന്ധിച്ച് നടക്കുന്ന കാളിയൂട്ടിനും ഉത്സവത്തിനും അതിലുപരി ആഴ്ചകൾ നീണ്ടു നിൽക്കുന്ന വ്യാപാര മേളയിലും പങ്കെടുക്കാനുമായി നിരവധി പേരാണ് ഇവിടെ എത്തുന്നത്. ബഹുഭൂരിപക്ഷം ആൾക്കാരും ഈ സ്റ്റാൻഡിനെയാണ് ആശ്രയിക്കുന്നത്.ഉത്സവം ആരംഭിക്കുന്നതോടെ ഇവിടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്..ആ അവസ്ഥയിലാണ് നമുക്ക് ഈ സ്റ്റാൻഡിലെ യഥാർത്ഥ ചിത്രം അറിയാനാകുന്നത്.ഭക്തജനങ്ങൾക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനോ വിശ്രമിക്കാനോ സംവിധാനമില്ല..എന്തിനേറെ ഒന്നു ബസ്കാത്ത് നിൽക്കാൻ പോലും ഇടമില്ല.ഒപ്പം ക്രോസിംഗിൽ അനുഭവപ്പെടുന്ന ട്രാഫിക് ബ്ലോക്ക് കൂടി ആകുമ്പോൾ എല്ലാം ശുഭം.