
തിരുവനന്തപുരം: വാമനപുരം പൊതുവേ ഇടതുമുന്നണിയോട് അനുഭാവം കാട്ടുമ്പോഴും ഇക്കുറി അത്ര എളുപ്പമല്ലെന്നാണ് സൂചന. കഴിഞ്ഞ പത്ത് നിയമസഭാതിരഞ്ഞെടുപ്പുകളിലും ഇടതുമുന്നണിയെ മാത്രം ജയിപ്പിച്ച മണ്ഡലം. ആറ്റിങ്ങൽ ലോക്സഭാമണ്ഡലത്തിലേക്ക് എന്നും ഇടതുമുന്നണിക്ക് ലീഡ് നേടിക്കൊടുത്ത മണ്ഡലം. ഒൻപത് തദ്ദേശസ്ഥാപനങ്ങളിൽ ഏഴും ഇടതുമുന്നണി ഭരിച്ചിരുന്നയിടം. അങ്ങനെ വാമനപുരത്തിന് എപ്പോഴും ഹൃദയം നിറയെ ചുവപ്പാണ്. മണ്ഡലം രൂപീകൃതമായ 1965 മുതൽ നടന്ന 13 തിരഞ്ഞെടുപ്പുകളിൽ 11ലും വിജയിച്ചത് ഇടതുമുന്നണിയാണ്. എന്നാൽ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ലീഡ് കൊണ്ടു പോയത് യു.ഡി.എഫായിരുന്നു.
സിറ്റിംഗ് എം.പി ആയിരുന്ന എ. സമ്പത്ത് 50,231 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി അടൂർ പ്രകാശ് നേടിയത് 59,671 വോട്ടുകൾ. ബി.ജെ.പി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന് 36,417 വോട്ടുകളും. ബി.ജെ.പിയുടെ വോട്ട് കുതിപ്പ് മറ്റൊരു ചിന്താവിഷയം. തദ്ദേശതിരഞ്ഞെടുപ്പിലും മണ്ഡലത്തിലെ പുതിയ സ്വഭാവമാറ്റം പ്രകടമാണ്. ഒൻപത് പഞ്ചായത്തുകളിൽ നാലിടത്ത് യു.ഡി.എഫ് ഭരണം നേടിയപ്പോൾ നാലിടങ്ങളിൽ ബി.ജെ.പി പ്രാതിനിദ്ധ്യമുണ്ടാക്കി. ഒന്നുപിടിച്ചാൽ ഇടതുകോട്ടയിൽ ജയം നേടാമെന്ന പ്രതീക്ഷ ഇപ്പോൾ എതിരാളികൾക്കുണ്ട്. വിനോദസഞ്ചാരകേന്ദ്രമായ പൊന്മുടിയും വാമനപുരം നദീതടവും അതിരിടുന്ന വാമനപുരം മണ്ഡലത്തിലുള്ളത് നെടുമങ്ങാട് താലൂക്കിലെ നെല്ലനാട്, പുല്ലമ്പാറ, വാമനപുരം, ആനാട്, കല്ലറ, നന്ദയോട്, പനവൂർ, പാങ്ങോട്, പെരിങ്ങമ്മല പഞ്ചായത്തുകളാണ്.
വന്ന വഴികൾ
1965ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന എം. കുഞ്ഞുകൃഷ്ണപിള്ളയായിരുന്നു വിജയിച്ചത്. തുടർന്ന് നടന്ന 1967ലെ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ എൻ. വാസുദേവപിള്ള മണ്ഡലം തിരിച്ചുപിടിച്ചു. 1970ൽ വാമനപുരം വീണ്ടും കോൺഗ്രസിനെ തുണച്ചു. 1977ലെ തിരഞ്ഞെടുപ്പിൽ മണ്ഡലം സി.പി.എമ്മിലേക്ക് തിരികെയെത്തി. 1980, 1982, 1987, 1991 വർഷങ്ങളിലെ തിരഞ്ഞെടുപ്പിൽ കോലിയക്കോട് കൃഷ്ണൻനായർ മണ്ഡലത്തെ സി.പി.എമ്മിന്റെ കുത്തകയാക്കി മാറ്റി. 1996, 2001 തിരഞ്ഞെടുപ്പുകളിൽ സി.പി.എമ്മിന്റെ തന്നെ പിരപ്പൻകോട് മുരളി വിജയം ആവർത്തിച്ചു. 2006ൽ സി.പി.എമ്മിന്റെ ജെ. അരുന്ധതിയായി വിജയി. 2011ൽ കോലിയക്കോട് കൃഷ്ണൻ നായർ വീണ്ടും വാമനപുരത്ത് വിജയക്കൊടി പാറിച്ചു. 2016ൽ ഇടതുമുന്നണിയുടെ ഡി.കെ. മുരളിയും ജയം നേടി മണ്ഡലം നിലനിറുത്തി.
സാദ്ധ്യത
സിറ്റിംഗ് എം.എൽ.എയും സി.പി.എം ജില്ലാകമ്മിറ്റിയംഗമായ ഡി.കെ. മുരളി തന്നെ വീണ്ടും മത്സരിക്കും.
മികച്ച സ്ഥാനാർത്ഥിയെ ഇറക്കി വാമനപുരം പിടിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. ആനാട് ജയന്റെ പേരാണ് ഇവിടെ സജീവ പരിഗണനയിലുള്ളത്. ആനാട് പഞ്ചായത്ത് പ്രസിഡന്റായുള്ള ഭരണപരിചയവും, രണ്ട് തവണ ജില്ലാ പഞ്ചായത്ത് അംഗവുമായ ആനാട് ജയന് മണ്ഡലത്തിലുളള വൻ ജനപിന്തുണയാണ് കോൺഗ്രസ് പ്രതീക്ഷ. 45 വർഷം തുടർച്ചയായി സി.പി.എമ്മിന്റെ കൈയിലായിരുന്ന ആനാട് പഞ്ചായത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയത് ആനാട് ജയന്റെ നേതൃത്തിലാണ്. ഇടതു കോട്ടയായിരുന്ന വെള്ളനാട്, ആനാട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ആനാട് ജയൻ വിജയിച്ചിരുന്നു. കഴിഞ്ഞ തവണയും ആനാട് ജയന്റെ പേര് പരിഗണിച്ചിരുന്നെങ്കിലും അവസാനനിമിഷം വെട്ടിമാറ്റുകയായിരുന്നു. അതേസമയം, കഴിഞ്ഞ തവണ നെടുമങ്ങാട് തോറ്റ പാലോട് രവി, രമണി പി.നായർ എന്നിവരുടെ പേരുകളും മണ്ഡലത്തിലെ കോൺഗ്രസ് പരിഗണനയിലുണ്ട്.
ബി.ജെ.പി ഇതുവരെ തീരുമാനമൊന്നുമെടുത്തിട്ടില്ല. ഘടകകക്ഷിയായ ബി.ഡി.ജെ.എസിന് നൽകിയേക്കും.
2016ൽ
ഡി.കെ. മുരളി (സി.പി.എം) 65848
ശരത് ചന്ദ്രപ്രസാദ് (കോൺഗ്രസ്) 56252
ആർ.വി. നിഖിൽ( ബി.ഡി.ജെ.എസ്) 13956