
നെയ്യാറ്റിൻകര: ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചായ്ക്കോട്ടുകോണം കുളത്താമൽ കൈതറതകിടി പുത്തൻ വീട്ടിൽ ചന്ദ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയ്ക്ക് ചായ്ക്കോട്ടുകോണം അമ്പലം ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. പാപ്പനംകോട് സ്വദേശികളായ ഗോപു, അർജ്ജുൻ എന്നിവർ സഞ്ചരിച്ചിരുന്ന ബൈക്ക് വിഷ്ണുവിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ വിഷ്ണുവിന് ഗുരുതരമായി പരിക്കുപറ്റി. ഉടൻ തന്നെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്പലം ജംഗ്ഷനിൽ വി.എൻ.സൗണ്ട്സ് നടത്തുകയാണ് വിഷ്ണു. കട അടച്ചതിനുശേഷം വീട്ടിലേക്കു മടങ്ങുമ്പോൾ എതിരെവന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഗോപുവും അർജ്ജുനും നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. അമ്മ ശ്രീജ. സഹോദരി ആതിര.