mla

വെള്ളനാട്: കരമനയാറ്റിൽ മുങ്ങി മരിച്ച വിദ്യാർത്ഥികൾക്ക് സഹപാഠികളുടെയും നാട്ടുകാരുടെയും അന്ത്യാഞ്ജലി. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വിലാപയാത്രയായി എത്തിച്ച മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് 1.45ഒാടെ വെള്ളനാട് ജി. കാർത്തികേയൻ സ്‌മാരക ഗവ.വി &എച്ച്.എസ്.എസിൽ പൊതുദർശനത്തിനുവച്ചു. എട്ടാം ക്ലാസ് വിദ്യാർത്ഥികളായ ചാങ്ങ സൗമ്യഭവനിൽ സൂര്യ (14),​ വെളിയന്നൂർ അഞ്ജനയിൽ അക്ഷയ്‌ കൃഷ്ണ (14) എന്നിവർ കുളിക്കുന്നതിനിടെ വ്യാഴാഴ്ച വൈകിട്ട് നാലോടെയാണ് കരമനയാറ്റിന്റെ വെളിയന്നൂർ വില്ലിപ്പാറ കടവിൽ മുങ്ങി മരിച്ചത്. സ്‌കൂളിൽ അന്തിമോപചാരം അർപ്പിക്കാനെത്തിയ സഹപാഠികൾക്കും അദ്ധ്യാപകർക്കും സങ്കടം സഹിക്കാനായില്ല. കെ.എസ്. ശബരീനാഥൻ എം.എൽ.എ, ജില്ലാപഞ്ചായത്തംഗം വെള്ളനാട് ശശി, ബി.ജെ.പി നേതാക്കളായ സി. ശിവൻകുട്ടി, മുളയറ രതീഷ്, പ്ലാവിള അനിൽ, രഞ്ജിത്ത്, സ്‌കൂൾ പി.ടി.എ പ്രസിഡന്റ് വി.എസ്. ശോഭൻകുമാർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എം. രാജേന്ദ്രൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ എൽ.പി. മായാദേവി, റോബർട്ട് തുടങ്ങിയവരും സ്‌കൂളിലെത്തി അന്തിമോപചാരം അർപ്പിച്ചു. പൊതുദർശനത്തിനുശേഷം 2.15 ഓടെ മൃതദേഹങ്ങൾ വിലാപയാത്രയായി ഇവരുടെ വീടുകളിലെത്തിച്ചു. ചേതനയറ്റ ശരീരം കണ്ട രക്ഷിതാക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിക്കാൻ കഴിയാതെ നാട്ടുകാർ വിഷമിച്ചു. സൂര്യയുടെ മൃതദേഹം 3.30ഓടെ നെടുമങ്ങാട് നഗരസഭ ശ്‌മശാനത്തിലും അക്ഷയ്‌കൃഷ്‌ണയുടെ മൃതദേഹം വീട്ടുവളപ്പിലും സംസ്‌കരിച്ചു.