tikaram-meena

തിരുവനന്തപുരം:രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. റിട്ടേണിംഗ് ഓഫീസർമാരുടെ റിഫ്രഷ്‌മെന്റ് കോഴ്‌സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉദ്യോഗസ്ഥർ തങ്ങളുടെ രാഷ്ട്രീയം പൂർണമായി മാറ്റിവച്ചു വേണം തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഏർപ്പെടാൻ. ഉദ്യോഗസ്ഥർക്ക് ഭയരഹിതമായി ജോലി ചെയ്യാൻ എല്ലാ പിന്തുണയും നൽകും. മികച്ച രീതിയിൽ തിരഞ്ഞെടുപ്പുകൾ നടത്തിയ ചരിത്രമാണ് കേരളത്തിനുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പ് സുതാര്യമായി നടത്താൻ ഉദ്യോഗസ്ഥരുടെ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

 14 അസി. റിട്ടേണിംഗ് ഓഫീസർമാർ കൂടി

തപാൽ ബാലറ്റ് കാര്യക്ഷമമാക്കാൻ ജില്ലകളിൽ 14 അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാരെ കൂടി ചുമതലപ്പെടുത്തി. നിലവിലുള്ളവർക്ക് പുറമേയാണിത്. ജില്ലാ രജിസ്ട്രാർ ജനറൽ ഇ.പി. നൈനാനാണ് തപാൽ ബാലറ്റ് ജില്ലാ നോഡൽ ഓഫീസർ.

വോട്ടർപട്ടികയിൽ പേരുള്ള 80 വയസിനു മുകളിലുള്ളവർ, ശാരീരിക വൈകല്യമുള്ളവർ, കൊവിഡ് പോസിറ്റിവായവർ, നിരീക്ഷണത്തിൽ കഴിയുന്നവർ, പതിനാറ് അവശ്യ സേവന വകുപ്പുകളിലെ ജീവനക്കാർ എന്നിവർക്കാണു തപാൽ ബാലറ്റ് അനുവദിക്കുന്നത്.