covid-vaccin

രാജ്യത്താകെ 60 വയസ് മുതലുള്ളവർക്കും 45 മുതൽ 59 വയസുവരെയുള്ള,​ മറ്റ് രോഗങ്ങളുള്ളവർക്കും കൊവിഡ് വാക്സിനേഷൻ നടക്കുകയാണ്. പൂർണമായും സുരക്ഷിതവും ഫലപ്രദവുമായ രണ്ട് വാക്സിനുകളാണ് ഉപയോഗിക്കുന്നത്. ഭയക്കാതെ,​ ആത്മ വിശ്വാസത്തോടെ വാക്‌സിൻ സ്വീകരിക്കുക. വാക്സിനേഷനെ പറ്റി അറിഞ്ഞിരിക്കേണ്ട വിവരങ്ങളാണ് ഇവിടെ നൽകുന്നത്.

ഇന്ത്യയിലെ വാക്സിനുകൾ

സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ്,​ ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡിന്റെ കൊവാക്സിൻ എന്നിവ. ഏതു വാക്സിൻ വേണമെന്ന് വ്യക്തികൾക്ക് തിരഞ്ഞെടുക്കാനാവില്ല. ഓരോ കേന്ദ്രത്തിലും ഏതെങ്കിലും ഒരു വാക്സിനാണ് നൽകുക. ചില മരുന്നുകൾ കഴിക്കുന്നവർക്ക് യോജ്യമായ വാക്സിൻ ഡോക്ടർമാർ നിർദ്ദേശിക്കും.

വാക്സിൻ എടുക്കണോ

നിർബന്ധമായും എടുക്കണം. വാക്സിൻ വ്യക്തിയെയും അയാളുമായി ബന്ധപ്പെടുന്ന എല്ലാവരേയും രോഗവ്യാപനത്തിൽ നിന്ന് സംരക്ഷിക്കും.

എത്ര ഡോസ്,​ എങ്ങനെ

രണ്ട് ഡോസ്. ആദ്യ ഡോസ് കുത്തിവച്ച് 28-ാം ദിവസം രണ്ടാം ഡോസ്. രണ്ടാമത്തെ ഡോസ് കുത്തിവച്ച് രണ്ടാഴ്ചയ്ക്ക് ശേഷം ശരീരത്തിൽ കൊറോണ വൈറസിനെ ചെറുക്കുന്ന ആന്റിബോഡി രൂപപ്പെടും.

പാർശ്വഫലങ്ങൾ ഉണ്ടാകുമോ

വാക്സിൻ മനുഷ്യർക്ക് പൂർണ സുരക്ഷിതമാണെന്ന് ഉറപ്പാക്കിയ ശേഷമാണ് കുത്തിവയ്‌പ് തുടങ്ങിയത്. ചിലർക്ക് നേരിയ പനി, കുത്തിവച്ച സ്ഥലത്ത് വേദന, ശരീരവേദന,​ ക്ഷീണം,​ തലകറക്കം, ശ്വാസംമുട്ട്,​ ഛർദ്ദി,​ ഓക്കാനം,​ ജലദോഷം തുടങ്ങിയ പാർശ്വഫലങ്ങൾ ഉണ്ടാകാം. ഇതിൽ ഒട്ടും പേടിക്കാനില്ല. രണ്ടു ദിവസത്തിലേറെ ഇവ നീണ്ടാൽ വൈദ്യസഹായം തേടണം. ജനുവരി 28 വരെ രാജ്യത്ത് വാക്സിൻ സ്വീകരിച്ച 23 ലക്ഷം പേരിൽ 0.08 ശതമാനത്തിന് മാത്രമേ ബുദ്ധിമുട്ട് വന്നുള്ളൂ. വെറും 0.0007 ശതമാനം പേരെ മാത്രമേ ആശുപത്രിയിൽ പ്രവേശിപ്പിച്ചുള്ളൂ.

വാക്സിൻ പാടില്ലാത്തത്

- പനിയുള്ളവർ

- ഗർഭിണികൾ
- മുലയൂട്ടുന്ന അമ്മമാർ
- ഗർഭിണിയാകാൻ തയാറെടുക്കുന്നവർ
- ഭക്ഷണം, മരുന്ന് അലർജിയുള്ളവർ

- ആദ്യ ഡോസിൽ പാർശ്വഫലങ്ങളുണ്ടായവർ

കുട്ടികൾക്ക് വേണ്ട

കൊവിഡ് വാക്‌സിൻ 18 വയസിനു മുകളിൽ ഉള്ളവർക്ക് മാത്രമാണ് നൽകുന്നത്.

കാൻസർ, പ്രമേഹം, രക്തസമ്മർദ്ദം

ഇതുപോലെ വിവിധ രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ വാക്സിൻ കുത്തിവയ്‌ക്കണം. ഒന്നോ അതിലധികമോ രോഗമുള്ളവർക്ക് കൊവിഡ് ബാധിച്ചാൽ അപകടസാദ്ധ്യത കൂടുതലാണ്. അവർ വാക്സിൻ എടുക്കണം.

കൊവിഡ് ഭേദമായവർക്കും വാക്സിൻ

രോഗത്തിനെതിരെ ശരീരത്തിന് പ്രതിരോധം നൽകാനാണ് വാക്സിൻ. രോഗം വന്ന്‌ ഭേദമായവരും വാക്സിൻ എടുക്കുന്നതാണ് ഉചിതം.

കൊവിഡ് സംശയിക്കുന്ന രോഗിക്ക്

രോഗലക്ഷണങ്ങളുള്ളവർ അല്ലെങ്കിൽ രോഗം സംശയിക്കപ്പെടുന്നവർ ലക്ഷണമുണ്ടായി 14 ദിവസത്തേക്ക് വാക്സിൻ എടുക്കേണ്ട. ഈ കാലയളവിൽ അവർ വാക്സിനേഷന് എത്തിയാൽ മറ്റുള്ളവർക്ക് രോഗം പകരാം.

വാക്സിൻ എടുത്താൽ മദ്യപാനം,​ പുകവലി വേണ്ട

മദ്യപിക്കുമ്പോൾ ശരീരത്തിലെ ആന്റിബോഡി പ്രവർത്തനം ശരിയായി നടക്കണമെന്നില്ല. പുകവലിയും ദോഷകരമാണ്. രണ്ടും ഒഴിവാക്കുന്നതാണ് ആരോഗ്യകരം.

വാക്സിനേഷന് രജിസ്റ്രർ ചെയ്യാൻ

കോവിൻ പോർട്ടൽ വഴിയും (https://www.cowin.gov.in) ആരോഗ്യ സേതു ആപ്പ് വഴിയും രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷന് ഫോട്ടോ, തിരിച്ചറിയൽ കാർഡിലുള്ള അടിസ്ഥാന വിവരങ്ങൾ എന്നിവ നൽകണം. മൊബൈൽ നമ്പർ ഉറപ്പാക്കാൻ ഒറ്റത്തവണ പാസ്‌വേഡ്. ഇഷ്ടമുള്ള തീയതിയും സ്ഥലവും ബുക്ക് ചെയ്യാം. ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് നാല് പേർക്ക് രജിസ്റ്റർ ചെയ്യാം.

വാക്സിനേഷൻ നടക്കുന്നതുവരെ രജിസ്‌ട്രേഷൻ വിവരങ്ങളിൽ മാറ്റംവരുത്താനും ഒഴിവാക്കാനും കഴിയും. രജിസ്‌ട്രേഷൻ പൂർത്തിയായാൽ രജിസ്‌ട്രേഷൻ സ്ലിപ്പ് അല്ലെങ്കിൽ ടോക്കൺ ലഭിക്കും. ആദ്യ ഡോസ് ബുക്ക് ചെയ്യുമ്പോൾത്തന്നെ രണ്ടാം ഡോസിനുള്ള തീയതി അനുവദിക്കും.

വാക്സിനെടുക്കാൻ എത്തുമ്പോൾ ആധാർ ഉൾപ്പെടെ ഫോട്ടോ പതിച്ച ഏതെങ്കിലും അംഗീകൃത തിരിച്ചറിയൽ രേഖ ഹാജരാക്കണം. 45 മുതൽ 59 വയസ് വരെയുള്ളവർ ഡോക്ടർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം.