
നെടുമങ്ങാട്: വരുമാന രേഖകൾ നിർബന്ധമല്ല, ഭൂമിയോ സ്വർണമോ ഈട് നൽകേണ്ട, വസ്തു വാങ്ങാനും വീട് വാങ്ങാനും വായ്പ റെഡി. സർക്കാരിന്റെ ലൈഫ് മിഷനിൽ പണി ആരംഭിച്ചവർക്ക് വീട് മോടി കൂട്ടാനും പണം കിട്ടും. ആവശ്യപ്പെടുന്ന തുക വീടുകളിൽ എത്തിക്കും. നെടുമങ്ങാടും പരിസര പ്രദേശങ്ങളിലും അടുത്തിടെയായി വ്യാപകമായി പ്രചരിക്കുന്ന പോസ്റ്ററുകളിലെ വാഗ്ദ്ധാനങ്ങളാണ്. ധനകാര്യ സ്ഥാപനത്തിന്റെ മേൽവിലാസമോ രജിസ്‌ട്രേഷൻ നമ്പറോ രേഖപ്പെടുത്തിയിട്ടില്ല. മൊബൈൽ നമ്പറുകൾ മാത്രമാണ് ഇടപടുകാരെ ബന്ധപ്പെടാനുള്ള മാർഗം. പരാതി ഉയർന്നതോടെ ഈ നമ്പരുകൾ എല്ലായ്പ്പോഴും ' പരിധിക്ക് പുറത്താണ് '. ഇതേസമയം, വായ്‌പ്പാക്കുരുക്കിൽ കുടുങ്ങി ജീവിതം കടബാദ്ധ്യതയിലാകുന്നവരുടെ എണ്ണം നെടുമങ്ങാട് മേഖലയിൽ വർദ്ധിക്കുകയാണ്. ഒരു വായ്‌പ്പ എടുത്താൽ അത് തിരിച്ചടക്കാൻ വേറെ മൂന്നെണ്ണം എങ്കിലും എടുക്കണം.. ഇത്തരത്തിൽ ചെയിൻ വായ്പ്പകളിൽ കുടുക്കി ഇടപാടുകാരെ വട്ടം ചുറ്റിക്കുകയാണ് അനധികൃത പണമിടപാട് സംഘങ്ങൾ. മുടക്കം കൂടാതെ തവണകൾ അടച്ചാലും മുതലും പലിശയും ഇരട്ടിക്കുന്ന തന്ത്രമാണ് ഇവരുടേത്. താലൂക്ക് ആസ്ഥാനമായ റവന്യൂ ടവർ കേന്ദ്രീകരിച്ച് ഇരകളെ വലവീശി പിടിക്കാൻ വൻ റാക്കറ്റ് പ്രവർത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
തട്ടിപ്പ് വായ്പ്പകൾ മൊബൈൽ വഴിയും !
മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ലളിതമായ നടപടി ക്രമങ്ങളിലൂടെ ലോൺ നൽകുന്നെന്ന രീതിയിലും തട്ടിപ്പ് വ്യാപകമാണ്. ദിവസങ്ങൾ മാത്രം കാലാവധിയിൽ അനുവദിക്കുന്ന ഇത്തരം തട്ടിപ്പ് വായ്പകളിൽ തിരിച്ചടവിൽ വീഴ്ച വന്നാൽ പലിശ കൂടുകയും മാസങ്ങൾക്കുള്ളിൽ തുക ഇരട്ടിയോ അതിലധികമോ ആയി പെരുകുകയും ചെയ്യും.
റിസർവ് ബാങ്ക് അംഗീകരിച്ചിട്ടുള്ള ബാങ്കുകൾക്കും ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങൾക്കും മാത്രമേ വായ്പ ആപ്പുകളും പോർട്ടലുകളും ഉപയോഗിച്ച് വായ്പ വിതരണം അനുവദിച്ചിട്ടുള്ളൂവെന്നിരിക്കെ ജനങ്ങളെ ചതിക്കുഴിയിൽപ്പെടുത്തുന്ന അനധികൃത ഓൺലൈൻ വായ്പാ സംഘങ്ങൾ അനവധിയാണ്.
തിരിച്ചടവ് മുടങ്ങിയാൽ വായ്പ എടുത്തയാളിന്റെ ഫോണിലെ കോണ്ടാക്ട് ലിസ്റ്റിലുള്ളവർക്ക് അവരെ ജാമ്യം നിറുത്തി വായ്പ എടുത്തതായും പണം
തിരിച്ചടയ്ക്കുന്നില്ലെന്നും പറഞ്ഞ് വ്യാജ പ്രചാരണം നടത്തി ഇടപാടുകാരനെ അപമാനിക്കുന്ന തരത്തിൽ സന്ദേശങ്ങൾ അയയ്ക്കുന്നതും പതിവായി.
വായ്പ എടുത്തവരിൽ പലരും അമിതപലിശ കാരണം പണം തിരിച്ചടയ്ക്കാനാവാതെ നെട്ടോട്ടമോടുകയാണ്.
പരാതി ഏറിയതോടെ പൊലീസ് ഇത്തരം തട്ടിപ്പുകൾക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.
മൊബൈൽ ആപ്പുകളെപ്പറ്റി റിവ്യൂ ചെയ്ത ശേഷം മാത്രം ഡൗൺ ലോഡ് ചെയ്യണമെന്നും ഇത്തരം ഓൺലൈൻ സ്ഥാപനങ്ങൾക്ക് മൊബൈൽ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി ( എൻ.ബി.എഫ്.സി ) രജിസ്ട്രഷൻ ഉണ്ടോയെന്ന് ശ്രദ്ധിക്കണം. മൊബൈൽ ഫോൺ വഴിയുള്ള വായ്‌പ്പ സംബന്ധിച്ച് പൊലീസ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.