
ചിറയിൻകീഴ്: ശാർക്കരദേവീ ക്ഷേത്രത്തിൽ കഴിഞ്ഞ എട്ടു ദിവസമായി നടന്നുവരുന്ന കാളിയൂട്ട് ചടങ്ങുകൾ ഇന്ന് സമാപിക്കും. ക്ഷേത്ര പരിസരം വിട്ട് അഞ്ചുകിലോമീറ്ററോളം ദൂരം ഇന്നലെ മുടിയുഴിച്ചിലിന് വേദിയായി. കൊവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ മുടി ഇറക്കുന്ന സ്ഥലങ്ങളിൽ ആചാരപരമായി ഒരു പറ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ന് വൈകിട്ട് ക്ഷേത്രപ്പറമ്പിൽ കാളിയൂട്ടിലെ പ്രധാന ചടങ്ങായ നിലത്തിൽപ്പോരും ദാരിക നിഗ്രഹവും നടക്കും. ക്ഷേത്രത്തിന് കിഴക്കുവശത്തുള്ള വിശാലമായ പറമ്പിലാണ് അവസാനരംഗം അരങ്ങേറുന്നത്. ദാരികവധമെന്ന് സങ്കല്പിച്ച് കുലവാഴ വെട്ടി പ്രതീകാത്മകമായാണ് ദാരികവധം നിർവഹിക്കുക. നിഗ്രഹത്തിന് ശേഷമുള്ള ചടങ്ങാണ് മുടിത്താളം തുള്ളൽ. ക്ഷേമ ഐശ്വര്യങ്ങൾ നൽകാൻ പരമശിവൻ ദേവിയെ നിയോഗിക്കുന്നു എന്ന സങ്കല്പത്തോടെ കാളിയൂട്ട് സമാപിക്കുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 65 വയസിന് മുകളിൽ പ്രായമുള്ളവർ, രോഗികൾ, ഗർഭിണികൾ, 10 വയസിന് താഴെ പ്രായമുള്ള കുട്ടികൾ എന്നിവർ കാളിയൂട്ട് ഉത്സവത്തിൽ പങ്കെടുക്കാൻ പാടില്ല. ക്ഷേത്രത്തിനകത്തും പുറത്തും ഭക്തജനങ്ങൾ കൂട്ടം കൂടരുതെന്നും നിർദ്ദേശമുണ്ട്. പ്രധാന കവാടങ്ങളിൽ പൊലീസിന്റെ കർശന നിയന്ത്രണം ഉണ്ടായിരിക്കും. കാളിയൂട്ടിന്റെ തത്സമയ സംപ്രേഷണം http://sarkaradevitemple.com സൈറ്റിലും പ്രാദേശിക ചാനലുകളിലും ഉണ്ടായിരിക്കും. ഭക്തജനങ്ങൾ പൂർണമായി സഹകരിക്കണമെന്ന് ദേവസ്വം ബോർഡും ക്ഷേത്ര ഉപദേശക സമിതിയും സംയുക്തമായി അറിയിച്ചു.