
തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട എൻഫോഴ്സ് മെന്റ് അന്വേഷണത്തിൽ ബി.ജെ.പിക്ക് എതിരെ ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയെ തകർത്ത് കേരള വികസനം സ്തംഭിപ്പിക്കാനുള്ള ബി.ജെ.പി ശ്രമങ്ങൾക്ക് ശക്തമായ തിരിച്ചടി ലഭിക്കുമെന്ന് അദ്ദേഹം ഫേസ് ബുക്കിലൂടെ പ്രതികരിച്ചു.
ബി.ജെ.പിക്കാർ പിന്നിലുണ്ട് എന്ന ഹുങ്കുമായി എന്തും ചെയ്തുകളയാമെന്ന് ഇ.ഡി കൊച്ചി യൂണിറ്റ് അധികാരികൾ കരുതുന്നുവെങ്കിൽ, അതിനൊത്ത രീതിയിലുള്ള പ്രതികരണം ഉണ്ടാവുമെന്ന് ഐസക് മുന്നറിയിപ്പ് നൽകി.
കിഫ്ബി മസാല ബോണ്ടു വഴി പണം സമാഹരിച്ചതിൽ ഏത് ചട്ടമാണ് ലംഘിച്ചതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ വ്യക്തമാക്കണം.
മസാല ബോണ്ടു വഴി പണം സമാഹരിക്കാൻ എൻ.ടി.പി.സിയും എൻ.എച്ച്.എ.ഐയും പാലിച്ച ചട്ടങ്ങളെല്ലാം കിഫ്ബിയും പാലിച്ചിട്ടുണ്ട്. ഇവ പോലെ നിയമപരമായി രൂപീകരിച്ച ബോഡി കോർപറേറ്റാണ് കിഫ്ബി. ഈ സ്ഥാപനങ്ങൾക്ക് മസാല ബോണ്ടിനെ ആശ്രയിക്കാമെങ്കിൽ കിഫ്ബിയ്ക്കും ഉപയോഗപ്പെടുത്താം.
ഫെമ നിയമം പാലിച്ച് റിസർവ് ബാങ്ക് വഴിയാണ് കിഫ്ബി മസാല ബോണ്ടിൽ പണം കണ്ടെത്തിയത്. ഇതിന് റിസർവ് ബാങ്കിന്റെ എൻ.ഒ.സി മതി. സംസ്ഥാന സർക്കാർ വായ്പയെടുക്കുമ്പോൾ ചെയ്യുന്നതുപോലെ കേന്ദ്രസർക്കാരിന്റെ മുൻകൂട്ടിയുള്ള അനുവാദം വേണ്ട.
ഫെമ നിയമം നടപ്പാക്കുന്ന റിസർവ് ബാങ്കിനോ ധനമന്ത്രാലയത്തിനോ കിഫ്ബി ചട്ടം ലംഘിച്ചുവെന്ന് ആക്ഷേപം ഇല്ല. എന്നിട്ടും, ഇ.ഡിയെക്കൊണ്ട് തിരഞ്ഞെടുപ്പു കാലത്ത് നടപടിയെടുപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്.
ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചും അവരുടെ മനോവീര്യം തകർത്തുകളയാമെന്ന പൂതിവേണ്ടെന്ന് ഐസക് പറഞ്ഞു.