
തിരുവനന്തപുരം: ചങ്ങനാശേരിക്കായി ജോസും സി.പി.ഐയും ജനാധിപത്യ കേരള കോൺഗ്രസും ഒരുപോലെ അവകാശവാദമുന്നയിക്കെ, പ്രശ്നം രമ്യമായി പരിഹരിക്കാൻ വഴിതേടുകയാണ് സി.പി.എം. പാർട്ടി സംസ്ഥാനകമ്മിറ്റി യോഗത്തിന് ശേഷം ഇന്ന് വൈകിട്ടും നാളെയുമായി ഇതുൾപ്പെടെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് സീറ്റ് വിഭജനം പൂർത്തീകരിക്കാമെന്ന കണക്കുകൂട്ടലിലാണ് സി.പി.എം നേതൃത്വം. ഇന്ന് വൈകിട്ട് തന്നെ മിക്കവാറും സി.പി.ഐയുമായി ചർച്ച നടന്നേക്കും.
10ന് ഇടതുമുന്നണി സ്ഥാനാർത്ഥികളെ ഒരുമിച്ച് പ്രഖ്യാപിക്കാനും ഇരുപതിനകം എല്ലായിടത്തും ബൂത്ത്തല കൺവെൻഷനുകൾ പൂർത്തീകരിക്കാനുമാണ് എൽ.ഡി.എഫിലെ അനൗപചാരിക ധാരണ. 11 മുതൽ 13വരെ മണ്ഡലം കൺവെൻഷനുകളും 14 മുതൽ 16വരെ മേഖലാ കൺവെൻഷനുകളും പൂർത്തീകരിക്കും.
സി.പി.എമ്മിന്റെ സ്ഥാനാർത്ഥി ചർച്ചകൾ പുരോഗമിക്കുകയാണ്. സി.പി.ഐയുടെയും ഒമ്പതിന് പൂർത്തിയാവും. സമാന്തരമായി മറ്റ് കക്ഷികളുടേതും പൂർത്തിയാക്കും.
കോട്ടയത്തിൽ വഴിമുട്ടി കോൺഗ്രസ്
കോട്ടയം ജില്ലയിലെ സീറ്റുകളെ ചൊല്ലി ഉടക്കി നിൽക്കുകയാണ് യു.ഡി.എഫിലെയും ചർച്ച. ജോസഫ് വിഭാഗം 12ൽ നിന്ന് പിന്നോട്ട് പോയിട്ടില്ല. ഈ പന്ത്രണ്ടിൽ മൂവാറ്റുപുഴയും കണ്ണുവയ്ക്കുന്നു. കോട്ടത്തെ ഒമ്പതിൽ പാലാ കാപ്പന് നൽകി ബാക്കി തുല്യമായി വീതിക്കണമെന്ന് ജോസഫ് ആവശ്യപ്പെടുന്നു. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി സീറ്റുകളിലൊന്നിൽ വിട്ടുവീഴ്ചയാവാമെന്നാണ് നിലപാട്. ലീഗിന് മൂന്നെണ്ണം പുതുതായി നൽകുമ്പോൾ തങ്ങൾക്കും അർഹമായത് കിട്ടേണ്ടേയെന്നാണ് ചോദ്യം. ഇന്ന് എങ്ങനെയും തീർപ്പുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമം.
കയ്പമംഗലത്തിന് പകരം ആർ.എസ്.പി മറ്റൊന്ന് ചോദിച്ചതിലും തീർപ്പായിട്ടില്ല. പകരമൊന്ന് ഉണ്ടാവില്ലെന്നാണ് സൂചന.
സീറ്റ് ചർച്ചകൾ തീർത്താലേ കോൺഗ്രസിന് സ്ഥാനാർത്ഥി ചർച്ചയിൽ മുഴുകാനാകൂ. സ്ക്രീനിംഗ് സമിതിയംഗങ്ങളടക്കം ഇന്ന് തലസ്ഥാനത്തെത്തിയ സ്ഥിതിക്ക് എല്ലാം പെട്ടെന്ന് തീർക്കേണ്ടത് കോൺഗ്രസിന് അത്യാവശ്യം.