
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരാഴ്ചയ്ക്കിടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 13 ശതമാനം കുറഞ്ഞു. സെപ്തംബർ 15ന് ശേഷമുളള ഏറ്റവും കുറഞ്ഞ നിരക്കാണിത്. കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന് യു.കെയിൽ ഉൾപ്പടെ സ്ഥിരീകരിച്ച ജനിതക വ്യതിയാനം വന്ന വൈറസുകളെ നേരിടാൻ ശേഷിയുണ്ട്. 80 ശതമാനം ഫലപ്രാപ്തി വാക്സിനുണ്ട്.
അതിനാൽ ഈ വാക്‌സിൻ സ്വീകരിക്കാൻ ജനങ്ങൾ തയ്യാറാകണം. നിലവിൽ ആവശ്യത്തിന് വാക്‌സിൻ സ്‌റ്റോക്കുണ്ട്. 21 ലക്ഷം ഡോസ് വാക്‌സിൻ 9ന് എത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. വാക്‌സിൻ രജിസ്‌ട്രേഷൻ സൈറ്റിലെ നടപടികൾ സുഗമമാക്കാൻ സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. വാക്സിൻ കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിന് ടോക്കൻ സംവിധാനം ഏർപ്പെടുത്തും.അറിയിപ്പ് കിട്ടുന്ന കേന്ദ്രങ്ങളിൽ തന്നെ വാക്സിൻ എടുക്കണം.
ചൂടിനെ സൂക്ഷിക്കണം
സംസ്ഥാനത്ത് താപനില കൂടി വരികയാണ്. കോട്ടയം ആലപ്പുഴ ജില്ലകളിൽ ഉയർന്നചൂട് ദുരന്തം സൃഷ്ടിക്കാമെന്ന് മുന്നറിയിപ്പുണ്ട്. ഉഷ്ണതരംഗം സൂര്യാതപം, സൂര്യാഘാതം എന്നിവ ഏൽക്കാതെ ശ്രദ്ധിക്കണം. ജാഗ്രത പാലിക്കണം. ധാരാളം വെള്ളം കുടിക്കണം. പഴവർഗങ്ങൾ കഴിക്കണം. വയോജനങ്ങൾ, കുട്ടികൾ, മുലയൂട്ടുന്ന അമ്മമാർ, ഗർഭിണികൾ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. പകൽ 11 മുതൽ 3 വരെ ജാഗ്രത വേണം. ഈ സമയം നേരിട്ട് ചൂടേൽക്കാതെ തൊഴിൽ സമയം പുന:ക്രമീകരിക്കണം. ഇക്കാര്യം ജില്ലാ ലേബർ ഓഫീസർമാർ പരിശോധിച്ച് ഉറപ്പ് വരുത്തും. മാർക്കറ്റുകളിലടക്കം ജനകീയ കൂട്ടായ്മകൾ കുടിവെള്ളമെത്തിക്കണം. വീട്ട് വളപ്പുകളിൽ പക്ഷികൾക്ക് വെള്ളം പാത്രത്തിൽ വയ്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.