d

തിരുവനന്തപുരം: തലസ്ഥാനജില്ലയിൽ മത്സരിക്കുന്ന രണ്ട് സീറ്റുകളിലേക്കുള്ള സി.പി.ഐയുടെ സ്ഥാനാർത്ഥി സാദ്ധ്യതാ പാനലുകൾ നാളെ അതത് മണ്ഡലം കമ്മിറ്റികൾ ചർച്ച ചെയ്യും. ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ നെടുമങ്ങാട്ടേക്ക് ജില്ലാ സെക്രട്ടറി ജി.ആർ. അനിലിന്റെയും ചിറയിൻകീഴിലേക്ക് വി. ശശി, മനോജ് ബി. ഇടമന എന്നിവരുടെയും പേരുകളടങ്ങിയ സാദ്ധ്യതാപട്ടികകളിലാണ് പ്രാഥമികധാരണയായത്. നാളെ രാവിലെ നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയും ഉച്ച കഴിഞ്ഞ് ചിറയിൻകീഴ് കമ്മിറ്റിയും ചേരും.അതിലെ നിർദ്ദേശങ്ങളും ചേർത്തുള്ള പാനൽ 7ന് ചേരുന്ന ജില്ലാ എക്സിക്യൂട്ടീവ്, കൗൺസിൽ യോഗങ്ങൾ ചർച്ച ചെയ്ത് അന്തിമമായി അംഗീകരിക്കും. 8ന് ഉച്ചയ്ക്ക് മുമ്പായി സംസ്ഥാന സെന്ററിന് പാനൽ കൈമാറും.9ന് രാവിലെ സംസ്ഥാന എക്സിക്യൂട്ടീവും ഉച്ച കഴിഞ്ഞ് സംസ്ഥാന കൗൺസിലും യോഗം ചേർന്ന് അന്തിമമായി സി.പി.ഐയുടെ എല്ലാ മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളിൽ തീരുമാനമെടുക്കും.