ldf

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ ഇത്തവണത്തെ എൽ.ഡി.എഫ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തുമെന്നും സർക്കാർ അധികാരത്തിൽ വന്നാൽ അവയ്ക്ക് പരിഹാരം കാണുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു.
സംസ്ഥാന മത്സ്യതൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു ) സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി ജാഥയുടെ സമാപന സമ്മേളനം പൂന്തുറയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മത്സ്യത്തൊഴിലാളികളുടെ താല്പര്യങ്ങൾക്ക് എതിരു നിന്നിട്ടുള്ളത് കോൺഗ്രസും ബി.ജെ.പിയുമാണ്. ഇപ്പോൾ ഇവർ ഒഴുക്കുന്നത് മുതലക്കണ്ണീരാണ്. പുറംകടലിൽ നിന്നു മത്സ്യ സമ്പത്ത് കൊള്ളയടിക്കാൻ അവസരം നൽകിയത് ഇവരാണ്.

പഞ്ചായത്ത് തിരഞ്ഞെടുപ്പുകാലത്ത് ബി.ജെ.പിക്ക് വോട്ട് പിടിക്കാനായി കേന്ദ്രത്തിൽ നിന്നു എത്തിയ അഞ്ചുപേരിലൊരാൾ വീണ്ടും വന്നിട്ടുണ്ടെന്നും കള്ളക്കഥയുമായി എത്തുന്ന ഇവരെ കരുതിയിരിക്കണമെന്നും വിജയരാഘവൻ പറഞ്ഞു. കിഫ്ബിക്കെതിരെ കള്ളക്കേസുമായി ഇ.ഡിയാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. കസ്റ്റംസ്,എൻഫോഴ്‌സ്‌മെന്റ്,സി.എ.ജി, സി.ബി.ഐ എന്നിവ പിന്നാലെ എത്താനാണ്‌ സാദ്ധ്യത. ആരൊക്കെവന്നാലും പിണറായി സർക്കാരിനെ ഒന്നും ചെയ്യാൻ കഴിയില്ല.

പാർട്ടി ലോക്കൽ സെക്രട്ടറി എ.എം.ഇക്‌ബാൽ അദ്ധ്യക്ഷത വഹിച്ചു.മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ ,ജാഥാ ക്യാപ്റ്റൻ പി.പി.ചിത്തരഞ്ജൻ, പുല്ലുവിള സ്റ്റാൻലി, കൂട്ടായി ബഷീർ, ഷീല റൊസാരിയോ, ഇ.കെന്നഡി എന്നിവർ സംസാരിച്ചു.