fff

തിരുവനന്തപുരം:തലസ്ഥാനത്തിന്റെ തലയെടുപ്പോടെ തിരുവനന്തപുരം മണ്ഡലം മറ്റൊരു അങ്കത്തിന് ഒരുങ്ങിനിൽക്കുകയാണ്.സെക്രട്ടേറിയറ്റ്, പദ്മനാഭസ്വാമി ക്ഷേത്രം,ബീമാപള്ളി,വിമാനത്താവളം,പേട്ട,സെൻട്രൽ റെയിൽവേസ്റ്റേഷൻ,കെ.എസ്.ആർ.ടി.സ് ബസ് സ്റ്റേഷൻ,കിഴക്കേകോട്ട,ചാല കമ്പോളം,മാളുകൾ തുടങ്ങി നഗരത്തിന്റെ പകിട്ടുകളെല്ലാം പേറിയ സുന്ദര മണ്ഡലം.തിരുവനന്തപുരം നോർത്ത്,വെസ്റ്റ്, ഈസ്റ്റ് എന്നിങ്ങനെ മൂന്നായി നിന്ന മണ്ഡലങ്ങൾ പുനർനിർണ്ണയിച്ചപ്പോൾ തിരുവനന്തപുരത്തിന്റെ പേരിൽ ഈ മണ്ഡലം മാത്രമായി. മണ്ഡലത്തിന്റെ പടിഞ്ഞാറ് കടലിന്റെ ശോഭയാണ്. അതിൽ ശംഖുംമുഖത്തിന്റെ പ്രൗഢി മണ്ഡലത്തിന്റെ ആടയാഭരണമാണ്. കടലിന്റെ മക്കൾ, കടൽ ഭംഗി നുകരാനെത്തുന്ന നഗരവാസികൾ.മണ്ഡലം അങ്ങനെ അഴകിന്റെ അഴകാകുമ്പോൾ ഇക്കുറി ആരെ തള്ളും ആരെ കൊള്ളും എന്ന ചോദ്യം ഉയരുകയാണ്. നഗരസഭയിലെ കുന്നുകുഴി,പാളയം,വഴുതക്കാട്,വലിയശാല,കളിപ്പാൻകുളം,ആറ്റുകാൽ, ചാല, മണക്കാട്, കുര്യാത്തി,പുത്തൻ പള്ളി,മാണിക്യവിളാകം,ബീമാപള്ളി, മുട്ടത്തറ,ഫോർട്ട് തുടങ്ങി 25 വാർഡുകൾ അടങ്ങിയ മണ്ഡലം.എൽ.ഡി.എഫിനും യു.ഡി.എഫിനും സ്വാധീനമുള്ള നിരവധി പ്രദേശങ്ങളുണ്ട്.ബി.ജെ.പി ഇവിടെ നിർണായക ശക്തിയായി ഉയരുകയാണ്.ഓരോ തിരഞ്ഞെടുപ്പിലും ബി.ജെ.പി കൂടുതൽ കരുത്ത് തെളിയിക്കുന്നത് ഇരുമുന്നണികളെയും അസ്വസ്ഥമാക്കുന്നു.

ചരിത്രം പറയുന്നു

യു.ഡി.എഫിനോടാണ് മണ്ഡലത്തിന് കൂടുതൽ അടുപ്പം. കടലിന്റെ മക്കളിൽ ചിലർ പറയും 'ഞമ്മള് കാൺഗ്രസാണെന്ന് '. അത് കേട്ട് അടുത്ത് നിൽക്കുന്നവർ പറയും 'ഞമ്മള് കമ്മ്യൂണിസ്റ്റാണെന്ന്.' ആ കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് വോട്ടുകൾ എന്നും വിജയത്തിന്റെ അളവ് കോലാണ്.അതിനപ്പുറമാണ് ബി.ജെ.പി വോട്ടുകളുടെ തിളക്കം. കോൺഗ്രസിലെ പരേതനായ ബി. വിജയകുമാറും,എം.എം.ഹസനും സി.എം.പിയിലെ എം.വി.രാഘവനും വിജയതിലകം ചാർത്തിയ മണ്ഡലം.2006-ൽ ഡി.ഐ.സിയിലെ ശോഭന ജോർജിനെ എൽ.ഡി.എഫിലെ വി. സുരേന്ദ്രൻപിള്ള തോൽപ്പിച്ചത് പുതിയൊരു ചരിത്രം. മണ്ഡല പുനർനിർണയത്തിനുശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 5,352 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്.ശിവകുമാർ വിജയിച്ചത്. 4 9,122 വോട്ടുകളാണ് ലഭിച്ചത്.എതിർ സ്ഥാനാർത്ഥിയായിരുന്ന ഇടതുമുന്നണിയിലെ വി.സുരേന്ദ്രൻ പിള്ളയ്ക്ക് 43,770 വോട്ടുകൾ ലഭിച്ചു.ബി.ജെ.പി. സ്ഥാനാർത്ഥിയായിരുന്ന ബി.കെ.ശേഖറിന് 11,519 വോട്ടുകളും. 2016-ൽ ശിവകുമാർ വിജയം ആവർത്തിച്ചു.കേരള കോൺഗ്രസ് ഫ്രാൻസിസ് ജോർജ് വിഭാഗത്തിലെ, ആന്റണി രാജുവിനെയാണ് താേൽപ്പിച്ചത്.ബി.ജെ.പി സ്ഥാനാർത്ഥിയായി ക്രിക്കറ്റ് താരം ശ്രീശാന്ത് ജനവിധി തേടിയതിലൂടെ പ്രശസ്തിയിലായ ഇവിടെ ത്രികോണ മത്സരമായിരുന്നു.

സാദ്ധ്യത

സിറ്റിംഗ് എം.എൽ.എ വി.എസ്. ശിവകുമാർ തന്നെ വീണ്ടും മത്സരിക്കും. രണ്ടു തവണ വിജയിച്ച ശിവകുമാറിന് മൂന്നാമതും വിജയിക്കാനാകുമെന്നാണ് കണക്ക് കൂട്ടൽ.എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് രൂപമായില്ലെങ്കിലും ആന്റണി രാജു തന്നെ വീണ്ടും മത്സരിക്കാനാണ് സാദ്ധ്യത. ഘടകകക്ഷിയിൽ നിന്ന് സീറ്റ് വീണ്ടെടുത്ത് സി.പി.എം മത്സരിക്കണമെന്ന നിർദ്ദേശം നേരത്തെ കേട്ടിരുന്നെങ്കിലും അത് തണുത്തമട്ടാണ്.ബി.ജെ.പി സ്ഥാനാർത്ഥി ആരെന്നതാണ് ആകാംക്ഷ.ചലച്ചിത്ര നടൻ കൃഷ്ണകുമാറിനെയാണ് പ്രധാനമായും പരിഗണിക്കുന്നത്. അടുത്ത കാലത്തായി ബി.ജെ.പിയിൽ കൃഷ്ണകുമാർ സജീവവുമാണ്. അതിലൂടെ മറ്റൊരു പരീക്ഷണത്തിനൊരുങ്ങുകയാണ് ബി.ജെ.പി.

2016-ൽ

വി.എസ്.ശിവകുമാർ 46,474

ആന്റണി രാജു 35,569

ശ്രീശാന്ത് 34,764