
തിരുവനന്തപുരം: ചൂട് കൂടാൻ സാദ്ധ്യതയുണ്ടെന്ന കാലാവസ്ഥാ വിദഗ്ദ്ധരുടെ അഭിപ്രായം കണക്കിലെടുത്ത് ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ഫയർഫോഴ്സ് അധികൃതരുടെ മുന്നറിയിപ്പ്. ആളൊഴിഞ്ഞ പറമ്പുകളിൽ ഉണ്ടാവുന്ന തീപിടിത്തമാണ് കൂടുതൽ ഭീഷണിയാകുന്നത്. വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന പറമ്പുകളിൽ മാലിന്യം കത്തിക്കുന്നതും തുടർന്ന് തീ പടർന്ന് പിടിക്കുന്നതും ജില്ലയിൽ നിത്യസംഭവമായി മാറിക്കഴിഞ്ഞു. നഗരത്തിൽ മാത്രം ദിവസവും ഇത്തരത്തിലുള്ള അഞ്ച് സംഭവങ്ങളെങ്കിലും റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് കണക്ക്. രണ്ടാഴ്ച മുമ്പാണ് മണക്കാട് കമലേശ്വരം റോഡിലെ സ്വകാര്യ ആശുപത്രിക്ക് എതിർവശമുള്ള ഒഴിഞ്ഞ പറമ്പിലെ മാലിന്യം കത്തിക്കുന്നതിനിടെ തീ പടർന്നത്. പുക പടർന്ന് ആശുപത്രിക്കുള്ളിൽ നിറഞ്ഞത് രോഗികൾക്ക് ശ്വാസംമുട്ടലുണ്ടാക്കിയിരുന്നു. ഫയർഫോഴ്സിന്റെയും ആശുപത്രി അധികൃതരുടെയും സമയോചിതമായ ഇടപെടൽ മൂലമാണ് അപകടം ഒഴിവായത്. നഗര, ഗ്രാമ പ്രദേശങ്ങളിൽ ഒരുപോലെ അപകട സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇടയ്ക്കിടയ്ക്കുള്ള കാറ്റും പകൽ അന്തരീക്ഷ ഊഷ്മാവ് കൂടിയതുമാണ് വില്ലനാകുന്നത്. ഷോർട്ട് സർക്യൂട്ടുകളിലൂടെയാണ് കെട്ടിടങ്ങളിൽ പ്രധാനമായും തീപടരുന്നത്. അശ്രദ്ധയാണ് മിക്ക അപകടങ്ങൾക്കും കാരണം. അലക്ഷ്യമായി മാലിന്യങ്ങൾ കത്തിക്കുന്നതും സിഗരറ്റ് കുറ്റികളും തീപ്പെട്ടി കൊള്ളികൾ വലിച്ചെറിയുന്നതും പലപ്പോഴും തീപിടിത്തമുണ്ടാക്കും. കാറ്റുള്ളതും ഉണങ്ങി നിൽക്കുന്ന പുല്ലുകളുമുള്ള ഇടങ്ങളിലാണ് പടരാൻ കൂടുതൽ സാദ്ധ്യതയുള്ളത്. തീപിടിത്തമുണ്ടായാൽ ഉടൻ സമീപത്തെ പുല്ലുകളും ചവറുകളും നീക്കം ചെയ്‌ത് ഫയർ ബ്രേക്ക് ഉണ്ടാക്കണം. മനപൂർവം അപകടങ്ങൾ സൃഷ്ടിക്കുന്ന സാമൂഹിക വിരുദ്ധരുമുണ്ട്. ഏക്കറുകളോളം വിസ്‌തൃതിയുള്ള പുൽമേടുകളും പറമ്പുകളും കത്തുന്നത് ജൈവവൈവിദ്ധ്യങ്ങളുടെ നാശത്തിനും വഴിവയ്ക്കും. നിരവധി സൂക്ഷ്‌മ, ചെറുജീവികളുടെ നിലനില്പിനും ഭീഷണിയാകുന്നതാണ് ഇത്തരം അപകടങ്ങൾ
ശ്രദ്ധിക്കാൻ...
കാടുകയറികിടക്കുന്ന സ്ഥലങ്ങൾ വൃത്തിയാക്കുക
ചവർ കത്തിക്കുന്നതിന് മുമ്പ് ഒരു ബക്കറ്റ് വെള്ളം സമീപത്ത് കരുതണം
തീ പൂർണമായി അണഞ്ഞെന്ന് ഉറപ്പാക്കണം
വലിയ മാലിന്യ കൂമ്പാരങ്ങൾ ഒന്നിച്ച് കത്തിക്കാതെ
നിയന്ത്രിതമായ രീതിയിൽ കത്തിക്കണം
പെട്രോൾ പോലുള്ള വസ്തുക്കൾ വീടിന്
സമീപം സൂക്ഷിക്കാതിരിക്കുക
വീട്ടിൽ നിന്ന് പുറത്തുപോകുമ്പോൾ മെയിൻ സ്വിച്ച് ഓഫാക്കണം
വാഹനങ്ങൾ വെയിലത്ത് നിറുത്തിയിടുന്നത് ഒഴിവാക്കണം
തീപിടിത്തം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ
തന്നെ ഫയർഫോഴ്സിനെ വിവരമറിയിക്കുക
മാർച്ച് മാസം ആരംഭിച്ചതേയുള്ളു എങ്കിലും അന്തരീക്ഷ താപനില ഇപ്പോൾ തന്നെ ഉയർന്നിട്ടുണ്ട്. വരും മാസങ്ങളിൽ ഇതിലും
ചൂട് കൂടിയേക്കാം. എളുപ്പത്തിൽ കത്താൻ സാദ്ധ്യതയുള്ളവ വെയിൽ നേരിട്ടെത്തുന്നിടത്ത് സൂക്ഷിക്കരുത്.
- കെ.വി. പ്രവീൺ, സ്റ്രേഷൻ ഓഫീസർ,
തിരുവനന്തപുരം ഫയർസ്റ്റേഷൻ