tamil-nadu

പുതിയ സഖ്യങ്ങൾ കെട്ടിപ്പൊക്കുക, സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുക അങ്ങനെ തിരക്കോട് തിരക്കാണ് രാഷ്ട്രീയ പാർട്ടികൾക്കെല്ലാം. പക്ഷേ, തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ രണ്ട് എം.എൽ.എമാരുടെ കാര്യം നേരെ തിരിച്ചാണ്. സിറ്റിംഗ് സീറ്റിൽ തന്നെ മത്സരിക്കാനുള്ള ഭാഗ്യം കടാക്ഷിക്കണേ എന്ന് അപേക്ഷിച്ച് ഇരുവരും ഭക്തി മാർഗം സ്വീകരിച്ചതായാണ് വിവരം.

തിരുപ്പത്തൂർ മണ്ഡലത്തിൽ നിന്നുള്ള ഡി.എം.കെയുടെ എം.എൽ.എ പെരിയ കറുപ്പൻ, മാനാമധുരെയിൽ നിന്നുള്ള എ.ഐ.എ.ഡി.എം.കെയുടെ എം.എൽ.എ എസ്.നാഗരാജൻ എന്നിവരാണ് കഥയിലെ താരങ്ങൾ. ഇരുവരും യഥാക്രമം കറുപ്പർ മലൈയ്യൻ സ്വാമി ക്ഷേത്രം, മദപുരം ഭദ്രകാളിയമ്മൻ ക്ഷേത്രം എന്നിവിടങ്ങളിലാണ് പ്രത്യേക പ്രാർത്ഥനയും വഴിപാടുകളും അന്നദാനവും നടത്തിയത്. ശിവഗംഗ - പുതുക്കോട്ട അതിർത്തിയിലെ പിറൻമലയിലാണ് കറുപ്പർ മലൈയ്യൻ സ്വാമി ക്ഷേത്രം. തിരുപുവനത്തിലാണ് മദപുരം ഭദ്രകാളിയമ്മൻ ക്ഷേത്രം.

പാർട്ടിയുടെ ജില്ലാ സെക്രട്ടറി കൂടിയാണ് പെരിയ കറുപ്പൻ. 2006, 2011, 2016 നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇദ്ദേഹം വിജയിച്ചിരുന്നു. ഇത്തവണയും മത്സരിക്കാനുള്ള ഭാഗ്യം തന്നോടൊപ്പം ചേർന്നു നിൽക്കാനാണ് പെരിയ കറുപ്പൻ ക്ഷേത്രത്തിൽ അന്നദാനവും പ്രാർത്ഥനയുമൊക്കെ നടത്തിയതെന്നും നൂറുകണക്കിന് പേർ പങ്കെടുത്തെന്നുമാണ് കേൾക്കുന്നത്. എന്നാൽ, അത്തരത്തിൽ അന്നദാനമൊന്നും പെരിയ കറുപ്പൻ നടത്തിയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ അടുത്ത അനുയായികൾ പറയുന്നത്.

അതേ സമയം, എ.ഐ.എ.ഡി.എം.കെ എം.എൽ.എ എസ്.നാഗരാജൻ 2019 ഉപതിരഞ്ഞെടുപ്പിലൂടെയാണ് സഭയിൽ എത്തിയത്. ഇദ്ദേഹത്തിന്റെ മണ്ഡലമായ മാനാമധുരെയെ പിടിച്ചെടുക്കാൻ ബി.ജെ.പിയിൽ കാര്യമായ ചർച്ചകൾ നടക്കുകയാണ്. എന്നാൽ, കഴിഞ്ഞ മൂന്ന് തവണയും മാനാമധുരെയിലെ ജനങ്ങൾ എ.ഐ.എ.ഡി.എം.കെയോടൊപ്പമായിരുന്നു.

സീറ്റ് കിട്ടാൻ വേണ്ടിയല്ല, പകരം അന്തരിച്ച മുൻ എ.ഐ.എ.ഡി.എം.കെ നേതാവ് ജയലളിതയുടെ ജന്മവാർഷിക ദിനാഘോഷങ്ങളുടെ ഭാഗമായാണ് സദ്യ നടത്തിയതെന്നാണ് നാഗരാജന്റെ അനുയായികൾ പറയുന്നത്. തിരുപ്പത്തൂർ മണ്ഡലത്തിൽ പെരിയ കറുപ്പന് തന്നെയാണ് സാദ്ധ്യത കൂടുതലെന്നാണ് ഡി.എം.കെ പ്രവർത്തകർ പറയുന്നത്. എന്നാൽ നാഗരാജന് സീറ്റ് കിട്ടാൻ സാദ്ധ്യത കുറവാണെന്നാണ് വിലയിരുത്തൽ.

ശിവഗംഗയിലെ പല ഭാഗങ്ങളിലും രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ ബിരിയാണി ഫെസ്റ്റുകൾ വരെ നടന്നതായാണ് റിപ്പോർട്ട്. രാഷ്ട്രീയ ലക്ഷ്യത്തോടെ ആളുകൾക്ക് വിരുന്നുകൾ സംഘടിപ്പിക്കരുതെന്ന് മാതൃകാ പെരുമാറ്റച്ചട്ടത്തിൽ നിഷ്കർശിക്കുന്നുണ്ട്. അതേ സമയം, ഗ്രാമ പ്രദേശങ്ങളിൽ ഇത്തരം വിരുന്നുകൾ തിരിച്ചറിയുക പ്രയാസമാണ്. ഉദ്ദിഷ്ട കാര്യത്തിനും കഷ്ടപ്പാടുകൾ നീങ്ങാനും ഗ്രാമീണർ ഇഷ്ടദേവതയ്ക്ക് മുന്നിൽ പ്രാർത്ഥനകളും വിരുന്നുകളുമൊക്കെ നടത്തുന്നത് പതിവാണ്. പ്രത്യേക ബാനറുകളും പോസ്റ്ററുകളുമില്ലാതെയാണ് രാഷ്ട്രീയ പാർട്ടികളുടേതെന്ന് കരുതുന്ന വിരുന്നുകൾ സംഘടിപ്പിക്കുന്നതെന്നാണ് വിവരം.