kaliyoot

ചിറയിൻകീഴ്: ശാർക്കര കാളിയൂട്ടിന്റെ സമാപനമായ നിലത്തിൽപ്പോര് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. അസുരമൂർത്തിയായ ദാരികനും ഇഷ്ട വരദായിനിയായ ഭദ്രകാളിയും ഉറഞ്ഞാടിയ രംഗങ്ങളാണ് ഇന്നലെ അരങ്ങേറിയത്. വൈകിട്ട് അഞ്ചോടെ ക്ഷേത്രത്തിന് പിറകുവശത്തെ ചുട്ടികുത്തുപുരയിൽ നിന്ന് സർവാഭരണ വിഭൂഷിതയായ ദേവിയും പരിവാരങ്ങളും തെക്കേ നടയിലെത്തി. വാളുമായി ഭദ്ര പടക്കളത്തിലിറങ്ങിയതോടെ 11 കതിനകൾ മുഴങ്ങി. പോർക്കളത്തിൽ മൂന്നുവലയംവച്ച ഭദ്രകാളിയെ വെറ്റിലകളുമായി ഭക്തജനങ്ങൾ എതിരേറ്റു. പോരാട്ടത്തിനിടയ്‌ക്ക് വിശ്രമിക്കാനായി പടക്കളത്തിന്റെ തെക്ക് - വടക്ക് ഭാഗങ്ങളിൽ പറണുകൾ കെട്ടിയുണ്ടാക്കിയിരുന്നു. മാർത്താണ്ഡവർമ്മ മഹാരാജാവ് കായംകുളം യുദ്ധം വിജയിച്ചതിന്റെ സ്‌മരണയ്ക്കാണ് വരദായിനിയായ ശാർക്കര ദേവിക്ക് കാളിയൂട്ട് നടത്തി വരുന്നതെന്ന് ചരിത്ര രേഖകൾ പറയുന്നു. പൊന്നറ തറവാട്ടുകാർക്കാണ് കാളിയൂട്ട് നടത്താനുള്ള അവകാശം. പൊന്നറ കുടുംബാംഗം കാട്ടാക്കട നാഗ ബ്രഹ്മത്തിൽ അശോക് കുമാറാണ് ഭദ്രകാളി വേഷം കെട്ടിയത്. പൊന്നറ കുടുംബത്തിലെ അജികുമാർ ദാരികനായി. ആറരയോടെ കുലവാഴ വെട്ടി പ്രതീകാത്മകമായി ദാരികനിഗ്രഹം നടത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ അഡ്വ.കെ.എസ്. രവി, ഡെപ്യൂട്ടി കമ്മിഷണർ മധുസൂദനൻ നായർ, അസിസ്റ്റന്റ് കമ്മിഷണർ എസ്. ശശികല, ശാർക്കര എ.ഒ എസ്. വിമൽകുമാർ, ജില്ലാ പഞ്ചായത്തംഗം ആർ. സുഭാഷ്, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മുരളി, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡന്റ് മിഥുൻ ടി. ഭദ്രൻ, സെക്രട്ടറി അജയൻ ശാർക്കര, എസ്. വിജയകുമാർ, മണികുമാർ ശാർക്കര തുടങ്ങിയർ ചടങ്ങുകളിൽ പങ്കെടുത്തു.