
തിരുവനന്തപുരം: നീണ്ട 62 വർഷം തിരഞ്ഞെടുപ്പു കളങ്ങളിൽ വാക്കിലും കർമ്മത്തിലും ജനങ്ങളെ ഇളക്കിമറിച്ച വീറുറ്റ ശൈലിയുമായി വെട്ടിത്തിളങ്ങിയ വി.എസ്. അച്യുതാനന്ദൻ ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണം നയിക്കാനില്ല. കണ്ണേ, കരളേ വി. എസ്സേ... എന്ന് ജനങ്ങളെക്കൊണ്ട് ആർത്തു വിളിപ്പിച്ച നേതാവ്...'തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം' എന്ന് പ്രഖ്യാപിച്ച് കേരളമാകെ ഓടിനടന്നു പ്രസംഗിച്ച വി. എസ് തൊണ്ണൂറ്റിയേഴ് വയസിന്റെ അനാരോഗ്യത്തിൽ വിശ്രമത്തിലാണ്...
2006ൽ മുഖ്യമന്ത്രിയായ വി.എസ് 2011ൽ ഭരണത്തുടർച്ചയുടെ വക്കിൽ എത്തിയിരുന്നു. അന്നത്തെ പ്രബലശക്തിയുമായി ഇപ്പോൾ ഇടതുസർക്കാർ വീണ്ടും ഭരണത്തുടർച്ച പ്രതീക്ഷിക്കുമ്പോൾ പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ജീവിച്ചിരിക്കുന്ന അവസാനത്തെ നേതാവായ വി.എസ് അകന്നിരുന്ന് എല്ലാം കാണുകയാണ്.
ജനകീയ, രാഷ്ട്രീയ പ്രശ്‌നങ്ങളിൽ ധീരമായ നിലപാടുകളുമായി, പാർട്ടിയിലും തിരുത്തൽ ശക്തിയായ വി.എസ് കളത്തിലില്ലെങ്കിലും അദ്ദേഹത്തിന്റെ പ്രസംഗങ്ങളുടെ അലയൊലികൾ പ്രവർത്തകരുടെ ഓർമ്മയിൽ മുഴങ്ങുന്നുണ്ട്.
1957-ലെ ആദ്യ തിരഞ്ഞെടുപ്പിൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയെന്ന നിലയിൽ തിരഞ്ഞെടുപ്പു ചുമതല വി.എസിനായിരുന്നു. നാടൊട്ടുക്ക് വി.എസ് പ്രസംഗിച്ചുനടന്നു. എല്ലാ സ്ഥാനാർത്ഥികളും ജയിച്ചതോടെ വി.എസ് എന്ന യുവനേതാവ് വലിയ താരമായി. 1958-ൽ ദേവികുളം മണ്ഡലത്തിലായിരുന്നു കേരളത്തിലെ ആദ്യ ഉപതിരഞ്ഞെടുപ്പ്. ആലപ്പുഴയിലെ വൻ വിജയത്തിന്റെ പരിവേഷത്തിൽ, ദേവികുളത്ത് റോസമ്മ പുന്നൂസിന്റെ പ്രചാരണവും വി.എസിനെ പാർട്ടി ഏൽപ്പിച്ചു. അവിടെയും പിഴച്ചില്ല.
വി. എസിന്റെ തിരഞ്ഞെടുപ്പ് പ്രസംഗങ്ങൾ അവസാനിച്ചത് 2019 ഒക്ടോബർ 18 ന്. വട്ടിയൂർക്കാവിൽ വി.കെ. പ്രശാന്തിന് വേണ്ടി കുറവൻകോണത്തും നന്തൻകോടും രണ്ട് പ്രസംഗങ്ങൾ. ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം അസുഖബാധിതനായി.
സാധാരണക്കാരന്റെ ശൈലി
സാധാരണക്കാരന്റെ ഹൃദയത്തിൽ തട്ടുന്നതാണ് വി.എസിന്റെ പ്രസംഗ ശൈലി. അതിൽ സൈദ്ധാന്തിക സമസ്യകളോ പാണ്ഡിത്യത്തിന്റെ എടുത്താൽ പൊങ്ങാത്ത ഭാരമോ ഉണ്ടാവില്ല. സാധാരണക്കാരന്റെ മലയാളത്തെ സ്വന്തം ശൈലിയിൽ നീട്ടിയും വാക്കുകൾ താളത്തിൽ ആവർത്തിച്ചും സ്വന്തം പ്രയോഗങ്ങൾ ചേർത്തും കൂർത്ത പരിഹാസത്തിന്റെ മുളകു തേച്ച് തൊടുത്തങ്ങു വിടും. രാഷ്ട്രീയ എതിരാളികൾക്കുള്ള ചൂരൽ പ്രയോഗമാവും ആ വാക്കുകൾ. അത് ഏറ്റുവാങ്ങുന്ന ജനം പൊരിവെയിലിലും തോരാമഴയിലും ചിരിച്ചു തലകുത്തി. അവരാണ് വി.എസിനെ നെഞ്ചിലേറ്റിയത്.
മൊത്തം ശരീരത്തെ പ്രസംഗത്തിന്റെ ഭാഷയാക്കുന്ന മറ്റൊരു നേതാവും ഇല്ല. തോളുകൾ ഉയർത്തി, തല പിന്നിലേക്ക് തിരിച്ച്, ചുണ്ടു കോട്ടി, കൈവിരലുകൾ പ്രത്യേക രീതിയിൽ ചലിപ്പിച്ച്, അപാരമായ ശബ്ദനിയന്ത്രണത്തോടെ വി.എസ് കത്തിക്കയറും...മിമിക്രക്കാർക്ക് വി.എസിനെ പ്രിയങ്കരനാക്കുന്നത് ഈ സവിശേഷതകളാണ്.
തയ്യാറെടുപ്പ്, പിന്നെ തിരക്കഥ
തിരഞ്ഞെടുപ്പു പ്രസംഗങ്ങൾക്ക് പുറപ്പെടും മുമ്പ് പ്രസ് സെക്രട്ടറിയുമായി ചെറിയൊരു ചർച്ച. അന്നത്തെ പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ കുറിപ്പുണ്ടാക്കും. കാറിൽ ഈ കുറിപ്പ് നോക്കി പ്രസംഗത്തിന്റെ തിരക്കഥ ചമയ്ക്കും. കഷ്ടിച്ച് അഞ്ചേകാൽ അടി ഉയരമുള്ള ചെറിയ മനുഷ്യൻ കണ്ണെത്താ ദൂരമുള്ള സദസിനെ കൈവെള്ളയിൽ തട്ടിക്കളിച്ചെങ്കിൽ അതിന് നന്ദി ജനങ്ങളുടെ മനസറിഞ്ഞ ആ നാക്കിനും വാക്കിനും.