
'അളിയൻ വന്നത് നന്നായി' എന്ന പേരിൽ തോപ്പിൽഭാസി ഒരു നാടകം എഴുതിയിട്ടുണ്ട്. അളിയൻ വരുമ്പോൾ ഭാര്യ നല്ല മീൻകറി വയ്ക്കും. ചോറ് വിളമ്പുമ്പോൾ വീട്ടുകാരനും ഒരു നല്ല കഷ്ണം കിട്ടും. അതിനാൽ അളിയൻ വന്നത് നന്നായി എന്ന് വീട്ടുകാരൻ ഇടയ്ക്കിടെ പറയും. ഇതാണ് ഇതിവൃത്തം. ഈ നാടകവും പാലാരിവട്ടം പാലവും തമ്മിൽ പ്രത്യക്ഷത്തിൽ ഒരു ബന്ധവുമില്ല. മറ്റൊരു വീക്ഷണത്തിൽ പാലാരിവട്ടം പാലത്തിന് ബലക്ഷയം വന്നത് നന്നായെന്ന് ഓരോ മലയാളിക്കും കരുതാം. യു.ഡി.എഫിന്റെ കാലത്ത് നടന്ന അഴിമതി അത് പ്രത്യക്ഷത്തിൽ പുറത്തുകൊണ്ടുവന്നു എന്നതാണ് അതിന്റെ ഏറ്റവും വലിയ പ്രയോജനം. പാലം പണിക്ക് ഉത്തവാദിത്തം വഹിച്ച ഒരു മഹാൻ അകത്തുകിടക്കുകയും അതുക്കും മീതെയുള്ള ആൾ അകത്തായെങ്കിലും ജയിലിൽ കിടക്കാതെ തലനാരിഴയ്ക്ക് തലയൂരുകയും ചെയ്തതെല്ലാം കേരളം കൺകുളിർക്കെ കണ്ടതാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും വാചകമടിയിൽ മാത്രം സംരക്ഷണം നൽകുകയും അഴിമതിയിൽ മാത്രം ശ്രദ്ധിക്കുകയും ചെയ്തതിന്റെ അടുത്ത കാലത്തെ ഏറ്റവും വലിയ പ്രതീകമായി മാറി പാലാരിവട്ടം പാലം. ഒപ്പം മറ്റു പല ഗുണപാഠങ്ങളും ഈ പാലം പഠിപ്പിച്ചു.
എട്ടുമാസം കൊണ്ട് പുതുക്കിപ്പണിയാൻ ലക്ഷ്യമിട്ട പാലാരിവട്ടം ഫ്ളൈ ഓവർ അഞ്ചു മാസവും പത്തുദിവസവും കൊണ്ട് പണിതീർത്ത് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡി.എം.ആർ.സി) നമ്മെ അമ്പരപ്പിച്ചു.
ഇതിൽ അഭിനന്ദിക്കപ്പെടേണ്ട പ്രധാന പേരുകാരൻ ഇ. ശ്രീധരൻ തന്നെയാണ്. ഇതിനായി അദ്ദേഹത്തെ ഫോണിൽ വിളിച്ച് ചുമതല ഏൽപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനും അതിനായി എല്ലാ പശ്ചാത്തലവുമൊരുക്കിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനും വഹിച്ച പങ്കും ഒട്ടും ചെറുതല്ല. രാഷ്ട്രീയ ഇച്ഛാശക്തി ഉണരാതെ ഇവിടെ ഒന്നും നടക്കില്ല. അതിനാൽ ശ്രീധരന്റെ വരവിന് പാലം ഒരുക്കിയത് ഇവർ രണ്ടുപേരുമാണ്. സ്ഥലത്ത് തന്നെ നിന്ന് പുതുക്കിപ്പണിയലിന് മേൽനോട്ടം വഹിച്ച ഡി.എം.ആർ.സിയുടെ ചീഫ് എൻജിനിയർ കേശവ് ചന്ദ്രനാണ് അഭിനന്ദനം അർഹിക്കുന്ന മറ്റൊരു പ്രധാന വ്യക്തി. പുതുക്കിപ്പണിയലിന്റെ കാര്യനിർവഹണത്തിനായി ഇ. ശ്രീധരൻ ഇടയ്ക്കിടെ പൊന്നാനിയിൽ നിന്ന് വന്ന് പോവുകയാണ് ചെയ്തതത്. ഡി.എം.ആർ.സി ചീഫ് എൻജിനിയർ ഓരോ ദിവസവും അന്നത്തെ പണി വീഡിയോയിലൂടെ ശ്രീധരനെ കാണിക്കും. നിർദ്ദേശങ്ങൾ സ്വീകരിക്കും. നടപ്പാക്കും. അങ്ങനെയാണ് ലക്ഷ്യമിട്ട കാലാവധിക്ക് മുമ്പ് പണി തീർക്കാൻ കഴിഞ്ഞത്. നിർമ്മാണജോലി നിർവഹിച്ച കോൺട്രാക്ടർമാരായ ഊരാളുങ്കൽ സൊസൈറ്റിയും തുല്യ അളവിൽ അഭിനന്ദനം അർഹിക്കുന്നു. അവരുടെ തൊഴിലാളികളും എൻജിനിയർമാരും ഒഴുക്കിയ വിയർപ്പാണ് പാലത്തിന്റെ ബലം ഉറപ്പിച്ചത്.
ഈ പുതുക്കിപ്പണിയലിന് സംസ്ഥാന സർക്കാരിന് അഞ്ച് പൈസ ചെലവായില്ല എന്നതാണ് പാലാരിവട്ടം പാലം പഠിപ്പിച്ച മറ്റൊരു പാഠം.
ആലുവ മുതൽ പേട്ട വരെയുള്ള ഒന്നാംഘട്ട മെട്രോ പൂർത്തിയാക്കിയപ്പോൾ 30 കോടിയോളം രൂപ ഡി.എം.ആർ.സിയുടെ കൈയിൽ മിച്ചം വന്നു. കാരണം എസ്റ്റിമേറ്റ് തുകയേക്കാൾ കുറഞ്ഞ തുകയ്ക്കാണ് പണി പൂർത്തിയാക്കിയത്. അഴിമതി ഇല്ലാത്തതുകൊണ്ട് മാത്രമാണ് ഇത് സാദ്ധ്യമായത്. സർക്കാരിന്റെ കീഴിലുള്ള വകുപ്പുകളുടെ പണിക്ക് പലതവണ എസ്റ്റിമേറ്റ് തുക വർദ്ധിപ്പിച്ച് നൽകുന്നത് സാധാരണ നടപടിക്രമം മാത്രമാണ്. ഈ അധികം വന്ന പണം സർക്കാരിന് തിരികെ നൽകാൻ ഡി.എം.ആർ.സിക്ക് ബാദ്ധ്യതയില്ല. കരാർ പ്രകാരം അധികം വരുന്ന തുക അവർക്ക് അവകാശപ്പെട്ടതാണ്. ഈ തുകയിൽ നിന്നാണ് പുതുക്കിപ്പണിക്ക് അവർ പണം ചെലവിട്ടത്. ജനുവരി ഒന്ന് വരെ 15 കോടി രൂപ ചെലവായി. മൊത്തം ചെലവ് എത്ര കൂടിയാലും 20-ൽ താഴെ നിൽക്കും. ഈ തുക സർക്കാരിന് ആദ്യം പാലം പണിത ആർ.ടി.എസ് പ്രോജക്ട്സ് എന്ന കമ്പനിയിൽ നിന്ന് തിരിച്ചുപിടിക്കാം. നിർമ്മാണം പൂർത്തിയാക്കി മൂന്ന് വർഷത്തിനുള്ളിൽ അറ്റകുറ്റപ്പണി വന്നാൽ നിർമ്മാണക്കമ്പനി പണം ചെലവാക്കണമെന്നാണ് കരാറിൽ പറഞ്ഞിട്ടുള്ളത്. അതിനായുള്ള നിയമനീക്കങ്ങൾ സർക്കാർ തുടങ്ങിയിരിക്കുകയാണ്. അതായത് പാലത്തിന്റെ ബലക്ഷയം സർക്കാരിന് 20 കോടിയുടെ ലാഭമായി മാറും. പക്ഷേ ജനങ്ങളുടെ കാഴ്ചപ്പാടിൽ നിന്ന് നോക്കുമ്പോൾ ഇതൊരു ലാഭമല്ല. ജനങ്ങളുടെ ജീവൻ വച്ചാണ് അഴിമതിക്കാർ കളിച്ചത്. ചെറിയ കാര്യങ്ങളിൽ പോലും ജീവൻ വച്ച് കളിക്കുന്നതിൽ സർക്കാരിന്റെ ചില വകുപ്പുകൾ പിറകോട്ടല്ല. കേരളകൗമുദി ഇന്നലത്തെ തിരുവനന്തപുരം പ്രാദേശിക പേജിൽ 'ഇനി എത്രപേർ വീഴണം; ഇതൊന്ന് ശരിയാക്കാൻ" എന്ന പേരിൽ ഒരു വാർത്ത നൽകിയിട്ടുണ്ട്. വഞ്ചിയൂരിന് സമീപം വാട്ടർ അതോറിട്ടിയുടെ പൈപ്പ് മാറ്റലിന് റോഡ് വെട്ടിപ്പൊളിച്ചിട്ട് മാസം ഒന്നു കഴിഞ്ഞു. ഒരു പെൺകുട്ടി കുഴിയിൽ വീണ് തോളെല്ലിന് പരിക്കേറ്റു. 'ഇനി എത്രപേർ വീഴണം ഇത് നന്നാക്കാൻ' എന്നതാണ് വാർത്ത. ആരെങ്കിലും മരിച്ചാൽ ബന്ധപ്പെട്ടവർ ഓടിവരും. ഇല്ലെങ്കിൽ അതവിടെ ചട്ടപ്പടി അങ്ങനെ കിടക്കും. ഇതാണ് നാട്ടുനടപ്പ്. ഇത് മാറാൻ ജനങ്ങളുടെ ഇച്ഛാശക്തി ഉണരണം. പരിക്കേൽക്കുന്നവർക്കുള്ള നഷ്ടപരിഹാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കാൻ ശക്തമായ നിയമം ഉണ്ടാകണം. അതിന് വേണ്ടത് അഴിമതിക്ക് പിറകെ കുഴലൂതി പോകുന്ന രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഇല്ലാത്ത സംവിധാനമാണ്. അത് എന്നിവിടെ വരും? അതുവരെ അളിയൻ വന്നതു നന്നായി എന്നതു പോലെ പാലം പൊളിഞ്ഞതു നന്നായി എന്നുപറഞ്ഞ് നമുക്കിവിടെ കഴിയാം.