
ദേശീയ പുരസ്കാരങ്ങൾ നേടിയ വിജയ് സേതുപതിയുടെ 'തെൻമെർക്ക് പരുവകാട്രു' എന്ന ചിത്രം കേരളത്തിൽ റിലീസിനെത്തുന്നു. റോസിക എന്റർപ്രൈസസിനു വേണ്ടി ഷിബു ഐസക് നിർമ്മിക്കുന്ന ചിത്രം സീനു രാമസ്വാമി സംവിധാനം ചെയ്യുന്നു. എച്ച്.ആർ.ഫിലിംസ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യും. മികച്ച സിനിമ, ഗാനം, സപ്പോർട്ടിംഗ് ആർട്ടിസ്റ്റ് എന്നീ ദേശീയ പുരസ്കാരങ്ങളാണ് ചിത്രം നേടിയത്. പശുമോഷണം തൊഴിലാക്കിയ ഗ്രാമീണ സുന്ദരിയെ കേന്ദ്രമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കുടുംബത്തിന്റെ പിന്തുണയോടെയാണ് പെൺകുട്ടി നടത്തുന്ന മോഷണത്തിൽ നാട്ടുകാർ ഗതികെട്ടു. നാട്ടുകാർ പതിയിരുന്ന് കള്ളനെ പൊക്കാൻ പദ്ധതിയിട്ടു. പക്ഷേ, കള്ളന്റ പൊടിപോലും കിട്ടിയില്ല. ഒടുവിൽ നാട്ടിലെ തന്റേടിയായ ആൺപുലി (വിജയ് സേതുപതി ) തന്നെ കള്ളനെ പിടിക്കാൻ രംഗത്തിറങ്ങി. ഒരു രാത്രികൊണ്ട് തന്നെ അവൻ കള്ളനെ പൊക്കി. പെൺകുട്ടിയാണ് കള്ളനെന്ന് തിരിച്ചറിയുന്നതും തുടർന്നുണ്ടാകുന്ന പ്രണയവുമൊക്കെ കഥാകഗതിയിൽ സംഭവിക്കുന്നു.
വ്യത്യസ്തമായ കഥയും അവതരണവും കൊണ്ട് ദേശീയ തലത്തിൽ ശ്രദ്ധേയമായ ചിത്രമാണിത്. വൈരമുത്തുവിന്റെ ഗാനങ്ങൾക്ക് എൻ.ആർ.രഘുനാഥൻ സംഗീതം പകരുന്നു. ഉണ്ണി മേനോൻ, ശ്വേതാ മോഹൻ, വിജയ് പ്രകാശ്, ശങ്കർ മഹദേവൻ ,ശ്രേയാ ഘോഷാൽ,ഹരണ്യ എന്നിവരാണ് ഗായകർ.വിജയ് സേതുപതി, ശരണ്യ പൊൻമനം, വസുദ്ധര, ചൈത്ര എന്നിവരാണ് അഭിനേതാക്കൾ. പി.ആർ.ഒ: അയ്മനം സാജൻ.