
കല്ലമ്പലം: ദേശീയ പാതയിൽ നാവായിക്കുളം തട്ടുപാലം ഇരുട്ടിലായിട്ട് മാസങ്ങൾ കഴിഞ്ഞു. വെളിച്ചം കുറവായതിനാൽ രാത്രിയിലുള്ള വാഹനാപകടങ്ങൾ പെരുകുന്നു. തട്ടുപാലം ജംഗ്ഷനിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റടക്കം തെരുവ് വിളക്കുകൾ കത്തുന്നില്ല. നിരവധി തവണ നാട്ടുകാർ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ല. സ്വകാര്യ ബാറും തട്ടു കടകളും തുടങ്ങി ഒട്ടനവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന തട്ടുപാലത്ത് അമിതവേഗതയിലാണ് വാഹനങ്ങൾ ദേശീയപാതയിലൂടെ കടന്നുപോകുന്നത്. തട്ടുപാലത്ത് നിന്ന് പള്ളിക്കൽ റോഡിലേക്ക് തിരിയുന്ന വാഹനങ്ങളും പള്ളിക്കൽ ഭാഗത്തുനിന്ന് ദേശീയപാതയിലേക്ക് വരുന്ന വാഹനങ്ങളുമാണ് കൂടുതലായും അപകടത്തിൽപ്പെടുന്നത്.
എക്സൈസ് വർക്കല സർക്കിൾ ഓഫീസും, കല്ലമ്പലം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനും നാവായിക്കുളത്താണ് പ്രവർത്തിക്കുന്നത്. കൂടാതെ സബ് രജിസ്ട്രാർ ഓഫീസ്, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷിഭവൻ, പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രം, ആയുർവേദാശുപത്രി, പോസ്റ്റ് ഓഫീസ്, ഹയർസെക്കൻഡറി അടക്കം നിരവധി സ്കൂളുകൾ, ബാങ്കുകൾ, പ്രസിദ്ധമായ നാവായിക്കുളം ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രം മുതലായവ ദേശീയപാതയിൽ നിന്നും പള്ളിക്കൽ റോഡിൽ അഞ്ഞൂറ് മീറ്ററിനുള്ളിലാണ്.
അത്യാവശ്യ ഘട്ടങ്ങളിൽ പോലും വാഹനങ്ങൾക്ക് പള്ളിക്കൽ റോഡിലേക്ക് തിരിയണമെങ്കിൽ തട്ടുപാലം ജംഗ്ഷനിൽ കാത്തുകിടക്കേണ്ട അവസ്ഥയാണ്. സിഗ്നൽ ലൈറ്റ് സ്ഥാപിക്കുകയോ പൊലീസിനെയോ ഹോം ഗാർഡിനെയോ നിയമിച്ച് ഗതാഗതം നിയന്ത്രിക്കുകയോ ചെയ്യണമെന്ന ആവശ്യങ്ങൾക്കും വർഷങ്ങളുടെ പഴക്കമുണ്ട്. റോഡിനിരുവശവുമുള്ള തണൽമരങ്ങളുടെ മറവും ലൈറ്റില്ലായ്മയും ദൂരെ നിന്നും വരുന്ന വാഹനങ്ങൾക്ക് കാൽനട യാത്രികരെ കാണാൻ പറ്റാത്ത അവസ്ഥയാണ്. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ അഞ്ചോളം പേർ വാഹനാപകടത്തിൽ ഇവിടെ മരണപ്പെട്ടിട്ടുമുണ്ട്. അപകടങ്ങൾ തുടർക്കഥയായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്.
അപകടങ്ങൾ തുടർക്കഥ
കഴിഞ്ഞ ആഴ്ച കല്ലമ്പലത്ത് നിന്ന് വരികയായിരുന്ന മടവൂർ സ്വദേശികളായ യുവാക്കളുടെ ബൈക്ക് ഇരുട്ട് കാരണം മൈൽ കുറ്റിയിലിടിച്ച് മറിഞ്ഞ് യുവാക്കളിലൊരാളുടെ കഴുത്തെല്ലൊടിഞ്ഞു.
കഴിഞ്ഞ ദിവസം റോഡ് മറികടക്കാൻ ശ്രമിച്ച കാൽനട യാത്രികനെ കാറിടിച്ചതും ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചതുമാണ് ഒടുവിലത്തെ സംഭവം. ഈ അപകടങ്ങളിൽ ഡീസന്റ്മുക്ക് സ്വദേശിയായ ബൈക്ക് യാത്രികനും നാവായിക്കുളം സ്വദേശിയായ കാൽനടയാത്രികനും പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.