
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള വിജയയാത്ര നാളെ ശംഖുംമുഖത്ത് സമാപിക്കും. പൊതുസമ്മേളനം കേന്ദ്ര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. ഇന്നു വൈകിട്ട് 6.30ന് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തെത്തുന്ന അമിത് ഷാ നാളെ രാവിലെ റോഡു മാർഗം കന്യാകുമാരിയിലേക്ക് പോകും. തുടർന്ന് കന്യാകുമാരി ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ്, തമിഴ്നാട് നിയസഭാ പ്രചാരണങ്ങിൽ പങ്കെടുക്കും.
ഉച്ച തിരിഞ്ഞ് 3.50ന് തിരുവനന്തപുരത്ത് മടങ്ങിയെത്തി ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിലും തുടർന്ന് ശ്രീരാമകൃഷ്ണ മഠത്തിലെ സന്യാസി സംഗമത്തിലും പങ്കെടുക്കും.
വൈകിട്ട് 5.30ന് ശംഖുംമുഖത്ത് നടക്കുന്ന വിജയയാത്രയുടെ സമാപനസമ്മേളനം അമിത് ഷാ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് ജോഷി, വി. മുരളീധരൻ, കർണാടക ഉപമുഖ്യമന്ത്രി അശ്വഥ് നാരായൺ, ബി.ജെ.പിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, കേരളത്തിലെ ചുമതലയുള്ള സി.പി. രാധാകൃഷ്ണൻ, സുനിൽകുമാർ എം.എൽ.എ, സുരേഷ് ഗോപി എം.പി, ഒ. രാജഗോപാൽ എം.എൽ.എ, ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറൽസെക്രട്ടറിമാരായ എം.ടി. രമേശ്, ജോർജ് കുര്യൻ, സി. കൃഷ്ണകുമാർ, പി. സുധീർ, വൈസ് പ്രസിഡന്റുമാരായ ശോഭ സുരേന്ദ്രൻ, പ്രൊഫ. വി.ടി. രമ, മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യൻ, യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷന പ്രഫുൽ കൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.