drought

തിരുവനന്തപുരം: മീനച്ചൂട് വരവറയിച്ചതോടെ സംസ്ഥാനത്തെ കുളങ്ങളും നദികളും കിണറുകളും വറ്റിത്തുടങ്ങി. ചൂടിന്റെ കാഠിന്യം തുടർന്നാൽ കൊടും വരൾച്ചയ്‌ക്ക് സംസ്ഥാനം സാക്ഷിയാകും. മഴ പെയ്‌തില്ലെങ്കിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ കുടിവെള്ള ക്ഷാമമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ചാലിയാർ, ഭാരതപ്പുഴ, പെരിയാർ, പമ്പ തുടങ്ങി മിക്ക നദികളിലും വെള്ളം താഴ്ന്നു.

സംസ്ഥാനത്ത് ഒരു ചതുരശ്ര കിലോമീറ്ററിൽ 100 മുതൽ 250 വരെ കിണറുകളുണ്ടെന്നാണ് കണക്ക്. അതിൽ പലതും വറ്റി. ആഴമില്ലാത്ത കിണറുകളിൽ വെള്ളം കുറവുമാണ്. 2015-16ന് സമാനമായ വരൾച്ചയിലേക്ക് സംസ്ഥാനം പോകുമോ എന്ന ആശങ്കയാണ് കാലാവസ്ഥാ നിരീക്ഷകരും പങ്കുവയ്‌ക്കുന്നത്.കൂടുതൽ മഴ ലഭിച്ചിരുന്ന വൈത്തിരിയും വരൾച്ചയിലാണ്. ശാസ്താംകോട്ട, വെള്ളായണി, പൂക്കോട് ശുദ്ധജല തടാകങ്ങളിലും വെള്ളം താഴ്ന്നു. അതിൽ 65,200 ഹെക്ടറിലായി 2,697 കുളങ്ങളുണ്ട്.

2049 മില്ലി മീറ്റർ മഴയാണ് പ്രതിവർഷം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷത്തെ കാലവർഷത്തിൽ 2227.9 മില്ലി മീറ്ററും തുലാവർഷത്തിൽ 365.3 മില്ലി മീറ്ററും മഴ ലഭിച്ചു. പ്രതീക്ഷിച്ചതിനെക്കാൾ 9 ശതമാനം കൂടുതൽ. ചൂട് കടിയിട്ടും കുടിവെള്ള ക്ഷാമം രൂക്ഷമാകാത്തതും ഇതുകാരണമാണ്. പല ജില്ലയിലും 38 ഡിഗ്രി വരെയാണ് ചൂട്.

 തലസ്ഥാനത്ത് വെള്ളം മുട്ടില്ല

തിരുവനന്തപുരം നഗരത്തിൽ കുടിവെള്ളമെത്തിക്കുന്ന പേപ്പാറ ഡാമിൽ ജൂൺ പകുതി വരെ ഉപയാേഗിക്കാവുന്ന വെള്ളമുണ്ട്. അതുകൊണ്ട് നഗരത്തിൽ ജല ക്ഷാമമുണ്ടാകില്ലെന്ന് വാട്ടർ അതോറിട്ടി അധികൃതർ അറിയിച്ചു.

 മൂന്നിടത്ത് ചെറിയ മഴ

അടുത്ത മൂന്ന് ദിവസം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നേരിയ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏഴിന് തിരുവനന്തപുരത്തും കൊല്ലത്തും, എട്ടിന് കൊല്ലത്തും പത്തനംതിട്ടയിലും ഒമ്പതിന് കൊല്ലത്തും പത്തനംതിട്ടയിലുമാണ് മഴ.

 മൂന്ന് ജില്ലകളിൽ ഇന്ന് താപനില ഉയരും

ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ ഇന്ന് താപനില മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാദ്ധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്. പൊലീസ് ഉദ്യോഗസ്ഥരടക്കം പൊതു ഇടങ്ങളിൽ സേവനം ചെയ്യുന്നവർ രാവിലെ 11 മുതൽ ഉച്ചയ്‌ക്ക് മൂന്ന് വരെ കുടയുപയോഗിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് കുടിവെള്ളം നൽകണം. ക്ലാസ് മുറികളിൽ വായുസഞ്ചാരം ഉറപ്പാക്കണം.

നഗരങ്ങളിൽ തണലുള്ള പാർക്കുകളും പൊതു ഇടങ്ങളും പകൽ സമയങ്ങളിൽ പൊതുജനങ്ങൾക്കായി തുറക്കണം. തദ്ദേശ സ്ഥാപനങ്ങൾ വാട്ടർ കിയോസ്‌കുകളിൽ വെള്ളം ഉറപ്പാണം. ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും കെട്ടുന്നതും ഒഴിവാക്കണം. കുട്ടികളെയും വളർത്തുമൃഗങ്ങളെയും പാർക്ക് ചെയ്‌ത വാഹനങ്ങളിൽ ഇരുത്തിപ്പോകരുത്.

കണക്കുകൾ ഇങ്ങനെ

 പഞ്ചായത്ത് കുളങ്ങൾ- 746

 ജലസേചന കുളങ്ങൾ- 212

 ക്ഷേത്രക്കുളങ്ങൾ- 632

 പാറക്കുളങ്ങൾ- 270

 സ്വകാര്യ കുളങ്ങൾ- 837

 ശുദ്ധജല തടാകങ്ങൾ- 3

 ഡാമുകൾ- 32