kifbi

തിരുവനന്തപുരം:കിഫ്ബി ഉദ്യോഗസ്ഥർക്ക് ഇന്നലെ പത്ത് മണിക്ക് കൊച്ചിയിൽ ഇ.ഡിക്ക് മുന്നിൽ ഹാജരാകാൻ നോട്ടീസ് കിട്ടിയെങ്കിലും ആരും ഹാജരായില്ലെന്നും ഹാജരാകില്ലെന്ന് ഔദ്യോഗികമായി അറിയിച്ചെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു. കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാമും ജോയിന്റ് എം.ഡി വിക്രംജിത് സിംഗുമാണ് ഹാജരാകാതിരുന്നത്.
മൊഴിയെടുക്കാനെന്ന പേരിൽ കിഫ്ബിയിലെ സീനിയർ ഉദ്യോഗസ്ഥയെ നേരത്തെ ഇ.ഡി വിളിച്ചു വരുത്തിയിരുന്നു. മനഃസാക്ഷിക്ക് നിരക്കാത്ത,​ ചോര തിളപ്പിക്കുന്ന അനുഭവമാണ് അവർക്കുണ്ടായതെന്നും ഇക്കാര്യം കിഫ്ബി സി.ഇ.ഒ ചീഫ് സെക്രട്ടറിയെ അറിയിച്ചെന്നും ഐസക് ഫേസ് ബുക്കിൽ പ്രതികരിച്ചു. ഇതിൽ സർക്കാർ നിയമ നടപടികൾ സ്വീകരിക്കും. എന്തിനാണ് അന്വേഷണമെന്ന് സമൻസിൽ ഇ.ഡി വ്യക്തമാക്കിയിട്ടില്ല. സമൻസ് അയയ്‌ക്കാനുള്ള സുപ്രീംകോടതി മാർഗനിർദ്ദേശത്തിന് വിരുദ്ധമാണിതെന്നും ഐസക് വ്യക്തമാക്കി.