
കല്ലമ്പലം: പള്ളിക്കലിൽ പുറമ്പോക്ക് ഭൂമിയിൽ തീ പടർന്നത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. പള്ളിക്കൽ പഞ്ചായത്തിലെ കലതിപ്പച്ച പ്രദേശത്തെ പുറമ്പോക്ക് ഭൂമിയിലും പാറമടയിലുമാണ് തീ പടർന്ന് പിടിച്ചത്. കഴിഞ്ഞ ദിവസം രാവിലെ പടർന്ന തീ ഉച്ചയോടെ പലരുടെയും റബർ തോട്ടങ്ങളിലേക്ക് വ്യാപിച്ചതോടെയാണ് നാട്ടുകാരറിഞ്ഞത്. തുടർന്ന് കല്ലമ്പലം ഫയർഫോഴ്സെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കി. ഫയർഫോഴ്സ് മടങ്ങിപ്പോയ ശേഷവും കാറ്റടിച്ച് തീ കനലുകളിൽ നിന്ന് വീണ്ടും തീ പടർന്നു.
എന്നാൽ നാട്ടുകാർ കമ്പും തോലും വെള്ളവും ഉപയോഗിച്ച് തീ കെടുത്തി. രാത്രി വൈകിയും പുക ഉയർന്ന് പൊങ്ങിയതിനാൽ ഭയപ്പാടോടെയാണ് പ്രദേശവാസികൾ വീടിനുള്ളിൽ കഴിഞ്ഞത്. സമീപത്തെ പാറമട ഏറ്റെടുത്തിട്ടുള്ള വ്യക്തികൾ പാറകൾക്ക് ഇടയിൽ ഉണങ്ങി കരിഞ്ഞ പുല്ലുകളിൽ തീയിട്ടതാണ് തീ പടർന്നു പിടിക്കാൻ കാരണമെന്ന് പ്രദേശവാസിയായ വിക്രമൻ പിള്ള പറഞ്ഞു. എല്ലാ വർഷവും ഇത് പതിവാണെന്നും അദ്ദേഹം പറയുന്നു. വർഷങ്ങൾക്ക് മുൻപ് ഇത്തരത്തിൽ തീപിടിച്ച് നാട്ടുകാർ സംരക്ഷിച്ചിരുന്ന ഒരു കാവും നശിച്ചു പോയിരുന്നു. ഇനിയെങ്കിലും ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും നടപടി വേണമെന്നാവശ്യവും ശക്തമാണ്.