f

തിരുവനന്തപുരം: കൊവിഡിന് ശേഷം ഉണർന്നുതുടങ്ങിയ ഹോട്ടൽ വിപണിക്ക് ഇടിത്തീയായി അവശ്യ സാധനങ്ങളുടെ വില വർദ്ധന. ഇന്ധനവിലയ്ക്കൊപ്പം പാചകവാതക വിലയും അടിക്കടി മുകളിലേക്ക് കുതിക്കുന്നത് ചെറുകിട,​ വൻകിട ഹോട്ടൽ അടുക്കളകളെ പൊള്ളിക്കുകയാണ്. പച്ചക്കറി വിലയും കുറയാതെ തുടരുന്നത് ഹോട്ടൽ, റസ്റ്റോറന്റ് മേഖലയെ പ്രതിസന്ധിയിലാക്കി. വാണിജ്യാവശ്യത്തിനുള്ള 19 കിലോയുടെ പാചക വാതക സിലിണ്ടറിന് നിലവിൽ 1638 രൂപയാണ് വില. ജനുവരി മുതൽ 300 രൂപയോളമാണ് ഒരു സിലിണ്ടറിന് കൂട്ടിയത്. മാർച്ച് ഒന്നിന് 96 രൂപയുടെ വർദ്ധനയാണ് 19 കിലോയുടെ സിലിണ്ടറിൽ വന്നത്. ഇതിന് പുറമേയാണ് പച്ചക്കറിയുടെ വില സൃഷ്ടിക്കുന്ന പ്രതിസന്ധി. ഇന്ധനവിലയുടെ വർദ്ധന പച്ചക്കറി വിപണിയേയും സ്വാധീനിച്ചിട്ടുണ്ട്. രണ്ട് മുതൽ 15 ശതമാനം വരെയാണ് പച്ചക്കറി വില വർദ്ധിച്ചിരിക്കുന്നത്. മറ്റ് പലചരക്ക് സാധനങ്ങളുടെ കാര്യവും വ്യത്യസ്‌തമല്ല. വെളിച്ചെണ്ണ,​ പാംഓയിൽ,​ മൈദ തുടങ്ങിയവയ്ക്ക് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇരട്ടിയിലധികം രൂപയുടെ വർദ്ധനയാണുണ്ടായത്. സാധനങ്ങൾക്ക് ക്ഷാമം അനുഭവപ്പെടുന്നില്ലെങ്കിലും ഇന്ധനവില കുറയാത്തതിനാൽ വരും ദിവസങ്ങളിൽ ഇനിയും വില വർദ്ധിക്കുമെന്നാണ് കണക്കുകൂട്ടൽ. കാറ്ററിംഗ് മേഖല,​ ബേക്കറി,​ ചെറുകിട പലഹാര യൂണിറ്റുകൾ,​ തട്ടുകടകൾ തുടങ്ങി വൻകിട ഹോട്ടലുകളെയും പ്രതിസന്ധിയിലാക്കുന്നതാണ് ഈ വിലക്കയറ്റം. കൊവിഡിനെ തുടർന്ന് ദീർഘകാലം അടച്ചിട്ട ഹോട്ടലുകൾ വൻതുക മുടക്കി അറ്റകുറ്റപ്പണി നടത്തിയാണ് തുറന്നത്. ഭൂരിഭാഗം കച്ചവടക്കാർക്കും ലക്ഷങ്ങളുടെ ബാങ്ക് വായ്പയുമുണ്ട്. വരും ദിവസങ്ങളിൽ നഷ്ടങ്ങൾ നികത്തി, പഴയരീതിയിലേക്ക് തിരിച്ചുവരാൻ കഴിയുമോ എന്ന ആശങ്കയിലാണ് വ്യാപാരികൾ.

കടുത്ത പ്രയാസത്തിലൂടെയാണ് മേഖല കടന്നുപോകുന്നത്. കൊവിഡിന് മുമ്പുണ്ടായിരുന്നതിന്റെ 40-60 ശതമാനം കച്ചവടം മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ഇതും തകരുമെന്ന പേടിയിലാണ് ഹോട്ടലുടമകൾ. പാചകവാതകത്തിന്റെ അടക്കം വില നിയന്ത്രിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നിവേദനം നൽകിയിട്ടുണ്ട്.

- ബി. വിജയകുമാർ

ജില്ലാ സെക്രട്ടറി, ഹോട്ടൽ ആൻഡ്

റസ്റ്രോറന്റ് അസോസിയേഷൻ