dollar-case

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സ്പീക്കർക്കും മന്ത്രിമാർക്കുമെതിരായ സത്യവാങ്മൂലത്തിലൂടെ കേന്ദ്ര അന്വേഷണ ഏജൻസിയായ കസ്റ്റംസ്, നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂർദ്ധന്യഘട്ടത്തിൽ നടത്തിയിരിക്കുന്നത് പ്രത്യക്ഷാക്രമണം. പ്രതിസന്ധി രാഷ്ട്രീയ പ്രത്യാക്രമണത്തിലൂടെ മറികടക്കാനാണ് ഇടതുമുന്നണിയുടെയും സി.പി.എമ്മിന്റെയും ശ്രമം. സ്വർണ- ഡോളർ കടത്ത് വിവാദങ്ങളും കേന്ദ്ര അന്വേഷണ ഏജൻസികളും നിയമസഭാ തിരഞ്ഞെടുപ്പിൽ കത്തിപ്പടരുന്ന രാഷ്ട്രീയചേരുവയായി മാറുമെന്ന് ഉറപ്പായി.

ഡോളർകടത്തിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും നേരിട്ട് പങ്കുണ്ടെന്നാരോപിക്കുന്ന സത്യവാങ്മൂലമാണ് കസ്റ്റംസ് ഹൈക്കോടതിയിൽ നൽകിയിരിക്കുന്നത്. സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നസുരേഷിന്റെ രഹസ്യമൊഴിയെ അടിസ്ഥാനമാക്കിയാണ് സത്യവാങ്മൂലം. മൂന്ന് മന്ത്രിമാർ ഇടപെട്ടെന്നും സത്യവാങ്മൂലത്തിലുണ്ട്.

ഇത് സർക്കാരിനെതിരെ മൂർച്ചയേറിയ ആയുധമാക്കാനാണ് പ്രതിപക്ഷനീക്കം. തദ്ദേശതിരഞ്ഞെടുപ്പ് വേളയിൽ സ്വർണക്കടത്ത് വിവാദം സജീവമായിരുന്നെങ്കിലും അതൊരു പുകമറയെന്ന തോന്നലാണ് ജനങ്ങളിലുണ്ടായത്. ഇപ്പോൾ മുഖ്യമന്ത്രിയിലേക്ക് നേരിട്ടു ചെന്നുതറയ്ക്കുന്ന ആക്ഷേപമാണ് കോടതിയുടെ മുന്നിൽ രേഖയായെത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ രാജി പ്രതിപക്ഷം ആവശ്യപ്പെട്ടു കഴിഞ്ഞു. തിരഞ്ഞെടുപ്പിൽ വജ്രായുധമായി ഉപയോഗിക്കാനാണ്

അവരുടെ നീക്കം.

മജിസ്ട്രേറ്റിന് മുന്നിൽ പ്രതി നൽകിയ രഹസ്യമൊഴിയെന്ന രീതിയിൽ മാസങ്ങൾക്ക് മുമ്പേ പ്രചരിച്ച കഥ ഇപ്പോൾ സത്യവാങ്മൂലമായി കസ്റ്റംസ് നൽകിയതിനു പിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യമുണ്ടെന്ന് സി.പി.എം വിശ്വസിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള രാഷ്ട്രീയ ഉപകരണങ്ങളായി കേന്ദ്ര ഏജൻസികൾ അധഃപതിച്ചെന്നാണ് സി.പി.എം പ്രതികരിച്ചത്. ബി.ജെ.പിയെയും യു.ഡി.എഫിനെയും ഇതിന്റെ പേരിൽ രൂക്ഷമായി കടന്നാക്രമിക്കുകയും ചെയ്തു. ഇന്ന് കസ്റ്റംസ് മേഖലാ ഓഫീസുകൾക്ക് മുന്നിൽ പ്രത്യക്ഷസമരം എൽ.ഡി.എഫ് നടത്തുകയാണ്. പ്രത്യാക്രമണത്തിലൂടെ രാഷ്ട്രീയപ്രതിരോധം തീർക്കാനാണിത്. കിഫ്ബിക്കെതിരെ കേസെടുത്ത ഇ.ഡിയെ കടുത്ത ഭാഷയിൽ മുഖ്യമന്ത്രി വിമർശിച്ചതിന് തൊട്ടടുത്ത ദിവസം കസ്റ്റംസ് നടത്തിയ നീക്കം രാഷ്ട്രീയ ഗൂഢോദ്ദേശ്യത്തോടെയാണെന്ന് പൊതുസമൂഹത്തെ ബോദ്ധ്യപ്പെടുത്താനാകുമെന്ന് സി.പി.എം കണക്കുകൂട്ടുന്നു.

എന്നാൽ, കസ്റ്റംസ് ഇത്രയും നാൾ രഹസ്യമൊഴി മൂടിവച്ചെന്നും അതു സി.പി.എം- ബി.ജെ.പി ബാന്ധവം കൊണ്ടാണെന്നും യു.ഡി.എഫ് ആരോപിക്കുന്നു.
കിഫ്ബി വിഷയത്തിൽ ഇ.ഡി കേസെടുത്തത് വികസനനേട്ടം പ്രചരിപ്പിക്കാൻ സി.പി.എമ്മിന് ആയുധമായെന്നുംപ്രതിപക്ഷം കരുതുന്നു. സി.പി.എമ്മിന് രാഷ്ട്രീയപ്രചാരണത്തിന് വഴിയൊരുക്കുന്ന കുതന്ത്രമാണോ അരങ്ങേറുന്നതെന്ന സംശയം പ്രതിപക്ഷ കേന്ദ്രങ്ങളിലുണ്ട്.

കസ്റ്റംസ് സത്യവാങ്മൂലവും കിഫ്ബിക്കെതിരായ ഇ.ഡി അന്വേഷണവും രാകിമിനുക്കി സർക്കാരിനെതിരെ ആയുധമാക്കാനാണ് ബി.ജെ.പിയുടെയും നീക്കം.