
ആര്യനാട്: കുറ്റിച്ചൽ-ആര്യനാട് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ കൊക്കോട്ടേല അണിയൽക്കടവ്, കാര്യാട് പാലങ്ങളുടെ സമീപം മാലിന്യ നിക്ഷേപം രൂക്ഷം. അറവ് ശാലകളിലെയും ഹോട്ടലുകളിലെയും അവശിഷ്ടങ്ങൾ ഈ പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ നിക്ഷേപിക്കുന്നത് പതിവാണ്. ഈ പ്രദേശങ്ങളിൽ ജനവാസം കുറവായതിനാൽ മാലിന്യ നിക്ഷേപിക്കാനെത്തുന്നവർക്ക് സൗകര്യമാണ്. വാഹനങ്ങളിൽ നിന്നും വലിച്ചെറിയുന്ന മാലിന്യത്തിൽ ചിലത് റോഡിൽ തന്നെ വീഴും ഇത് പിന്നാലെ വരുന്ന വാഹനങ്ങൾ കയറിയിറങ്ങിയും തെരുവ്നായ്ക്കൾ കടിച്ചുകീറിയും റോഡ് മുഴുവൻ നിരത്തും.
അറവ്ശാലകളുടേയും ഹോട്ടൽ വേസ്റ്റുകളും കൊണ്ടിടുന്നതുകാരണം ഈ പ്രദേശത്ത് തെരുവ് നായ്ക്കളുടെ എണ്ണവും കൂടിയിട്ടുണ്ട്. കൂട്ടത്തോടെയുള്ള തെരുവ് നായ്ക്കൾ കാൽനടയാത്രാക്കാരേയും ഇരുചക്രവാഹനയാത്രാക്കാരേയും ആക്രമിക്കുന്നതും പതിവായിട്ടുണ്ട്. പരുത്തിപ്പള്ളി, കാട്ടാക്കട, ആര്യനാട് സ്കളുകളിൽ പോകുന്ന വിദ്യാർത്ഥികൾക്കും തെരുവ് നായ്ക്കളെ ഭയന്നേ ഇതുവഴി പോകാൻ കഴിയൂ. ഗ്രാമ പഞ്ചായത്തുകളോ പൊലീസോ ഈ പ്രദേശങ്ങളിൽ സി.സി.ടി.വി സ്ഥാപിച്ച് മാലിന്യ നിക്ഷേപം നടത്തുന്നവരെ കണ്ടെത്താൻ നടപടിയെടുക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
പകർച്ചാവ്യാധി ഭീഷണിയിൽ...
തെരുവ് നായ്ക്കൾ ഇറച്ചി അവശിഷ്ടങ്ങൾ വലിച്ചെടുത്ത് റോഡുകളിലും സമീപത്തെ വീടികളിലും കൊണ്ടിടും. കാക്കകളും മറ്റും ഇറച്ചി അവശിഷ്ടങ്ങൾ കൊത്തിയെടുത്ത് സമീപത്തെ വീടുകളിലെ കിണറുകളിൽ നിക്ഷേപിക്കുകയും ചെയ്യുന്നുണ്ട്. ഈ അവശിഷ്ടങ്ങൾ സമീപത്തെ തോട്ടിലൂടെ ഒഴുകി കരമനയാറിൽ എത്തുന്നുണ്ട്. ഈ വെള്ളമാണ് കുറ്റിച്ചൽ ആര്യനാട് പഞ്ചായത്തുകളെ ശുദ്ധജല സംഭരണികളിൽ എത്തുന്നതെന്നും നാട്ടുകാർ പറയുന്നു. വേനൽകാലമായതോടെ തോട്ടിൽ വെള്ളം കുറവായതിനാൽ ഇറച്ചി അവശിഷ്ടങ്ങൾ തോടിന്റെ പല ഭാഗങ്ങളിലും കിടന്ന് ദുർഗന്ധം വമിക്കുകയും ചെയ്യുന്നു. വേനൽ കടുക്കുന്നതോടെ പകർച്ചാവ്യാധികളും പകരാൻ സാദ്ധ്യത ഏറെയുള്ള സാഹചര്യത്തിലാണ് കുടിനീരിൽ വരെ ഇത്തരം മാലിന്യങ്ങൾ നിറയുന്നത്..