
തിരുവനന്തപുരം: തലസ്ഥാനത്ത് സി.പി.എമ്മിനു വേണ്ടി രണ്ടു പുതുമുഖങ്ങൾ നിയമസഭാ അങ്കത്തിനിറങ്ങും. ആറ്റിങ്ങൽ നിലനിറുത്താൻ ഒ.എസ്. അംബികയും അരുവിക്കര പിടിച്ചെടുക്കാൻ ജി. സ്റ്റീഫനെയും സ്ഥാനാർത്ഥിയാക്കാനാണ് സംസ്ഥാന സമിതി തീരുമാനിച്ചത്. നിലവിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് ഒ.എസ്. അംബിക. ഇത് രണ്ടാം തവണയാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാകുന്നത്. നേരത്തെ രണ്ട് തവണ മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. സി.പി.എം ആറ്റിങ്ങൽ ഏരിയാകമ്മിറ്റി അംഗവും പി.കെ.എസിന്റെ ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ് അംബിക. സി.പി.എം കാട്ടാക്കട ഏരിയാകമ്മിറ്റി സെക്രട്ടറിയാണ് ജി. സ്റ്റീഫൻ. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞടുപ്പുകളിൽ കാട്ടാക്കട മണ്ഡലത്തിലെ സ്ഥാനാർത്ഥിയാകാൻ സ്റ്റീഫനെ പരിഗണിച്ചെങ്കിലും അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു. എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ സ്റ്റീഫൻ 1995-96ൽ കേരള യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്നു. രണ്ട് വട്ടം സെനറ്റ് അംഗമായി. രണ്ടുവട്ടം കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റായ സ്റ്റീഫൻ കഴിഞ്ഞ തവണ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാനഡിംഗ് കമ്മിറ്റി ചെയർമാനായിരുന്നു.
ജില്ലയിൽ സി.പി.എം മത്സരിക്കുന്ന മറ്റ് എട്ട് മണ്ഡലങ്ങളിലും (പാറശാല, നെയ്യാറ്റിൻകര വട്ടിയൂർക്കാവ്, കാട്ടാക്കട, നേമം, കഴക്കൂട്ടം, വർക്കല, വാമനപുരം) സിറ്റിംഗ് എം.എൽ.എമാരുടൾപ്പെടെ കഴിഞ്ഞ തവണ മത്സരിച്ചവർ തന്നെ വീണ്ടും മത്സരിക്കും. സിറ്റിംഗ് എം.എൽ.എമാരിൽ ആറ്റിങ്ങലിലെ ബി. സത്യനെ മാത്രമാണ് ഒഴിവാക്കിയത്.