dam

കള്ളിക്കാട്: കള്ളിക്കാട് ഗ്രാമ പഞ്ചായത്തിൽ വേനൽക്കാലത്ത് ജലജീവൻ മിഷന്റെ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നത് എതിർത്ത പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എൻജിനിയറെ പഞ്ചായത്ത് പ്രസിഡന്റിന്റെ പന്ത ശ്രീകുമാറിന്റെ നേതൃത്വത്തിൽ തടഞ്ഞു. ഒരു മണിക്കൂറിന് ശേഷം അനുമതി നൽകി പി.ഡബ്ല്യു.ഡി സംഘം തലയൂരുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. കള്ളിക്കാട് ഗ്രാമപഞ്ചായത്തിൽ ഉയരം കൂടിയ പ്രദേശങ്ങളിൽ കുടിവെള്ളം ലഭിക്കാത്തതിനെ തുടർന്ന് പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കാൻ വാട്ടർ അതോറിറ്റിയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു. എന്നാൽ റോഡിന്റെ വശങ്ങളിലൂടെ പൈപ്പ് സ്ഥാപിക്കാനെത്തിയപ്പോഴാണ് പി.ഡബ്ല്യു.ഡി അധികൃതർ പണി തടഞ്ഞത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാറിന്റെ നേതൃത്വത്തിൽ നാട്ടുകാരെത്തി നെയ്യാർഡാം ജംഗ്ഷനിൽ പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയറെയും ഉദ്യോഗസ്ഥരെയും ഒരുമണിക്കൂറോളം തടഞ്ഞുവയ്‌ക്കുകയായിരുന്നു. നെയ്യാർഡാം പൊലീസ് പി.ഡബ്ല്യു.ഡി, വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയെത്തുടർന്ന് പൈപ്പ് ലൈൻ സ്ഥാപിക്കാൻ അനുമതി നൽകിയത്. പിന്നാലെ പൈപ്പ്ലൈൻ സ്ഥാപിക്കൽ പണികൾ തുടർന്നു.