photo

നെടുമങ്ങാട്: പ്രസിദ്ധമായ നെടുമങ്ങാട് ഓട്ടം മഹോത്സവത്തിന് ഭക്തിനിർഭരമായ തുടക്കം. കോയിക്കൽ കൊട്ടാര നിർമ്മിതിയുമായി ബന്ധപ്പെട്ട് ചരിത്രത്തിൽ സ്ഥാനം പിടിച്ച മുത്താരമ്മൻ, മുത്തുമാരിയമ്മൻ, മേലാങ്കോട് ദേവീ ക്ഷേത്രങ്ങളിലെ വാർഷിക മഹോത്സവമാണ് ഓട്ടം എന്ന ചുരുക്കപ്പേരിൽ ആഘോഷിക്കുന്നത്. കുംഭത്തിലെ അവസാന ചൊവാഴ്ച രാത്രി 8.30ന് മൂന്നിടത്തും ഒരേസമയം നടക്കുന്ന കുത്തിയോട്ടം, അമ്മ എഴുന്നള്ളത്ത് ചടങ്ങുകളാണ് ഏറ്റവും പ്രധാനം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്

കെട്ടുകാഴ്ചകളും പൂപ്പന്തലുകളും ഘോഷയാത്രകളും സമൂഹ അന്നദാനവും ഒഴിവാക്കിയിട്ടുണ്ടെങ്കിലും പരമ്പരാഗതമായി നടത്തിവരുന്ന ചടങ്ങുകളിൽ മാറ്റമില്ല.

9ന് രാത്രി 8.30ന് മൂന്നിടത്തും ഒരേസമയം ഓട്ടം, പൂമാല, താലപ്പൊലി, പുറത്തെഴുന്നള്ളത്ത് എന്നിവ നടക്കും. മേലാങ്കോട് കുത്തിയോട്ടവും മറ്റ് രണ്ടിടത്തും അമ്മൻകൊട ഓട്ടവുമാണ് നടക്കുന്നത്. കലാപരിപാടികൾ പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. മൂലവിഗ്രഹം സ്ഥിതിചെയ്യുന്ന തമിഴ്‌നാട്ടിൽ നിന്ന് ഉത്സവ ദിനങ്ങളിൽ നെടുമങ്ങാട്ടേക്ക് എത്തുന്ന ജനത്തിരക്ക് ഇത്തവണ ഉണ്ടാകില്ല.

പതിവുപോലെ ശ്രീമേലാങ്കോട് ദേവീ ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറിയത്. തന്ത്രി ബ്രഹ്മശ്രീ നീലമനയ്ക്കൽ ഗണപതിയും മേൽശാന്തി ഗോവിന്ദൻ പോറ്റിയും മുഖ്യകാർമ്മികരായി. ട്രസ്റ്റ് പ്രസിഡന്റ് ജെ. കൃഷ്ണകുമാർ, സെക്രട്ടറി ബി. പ്രവീൺകുമാർ തുടങ്ങിയവർ നേതൃത്വം വഹിച്ചു.

ശ്രീമുത്തുമാരിയമ്മൻ ദേവസ്ഥാനത്തും ശ്രീമുത്താരമ്മൻ ക്ഷേത്രത്തിലും ഒരേദിവസമാണ് കൊടിയേറിയത്. മുത്തുമാരിയമ്മൻ ദേവസ്ഥാനം കൊടിയേറ്റ് തന്ത്രി ബ്രഹ്മശ്രീ ദാമോദരൻ നമ്പൂതിരി നിർവഹിച്ചു. പ്രസിഡന്റ് എസ്. മുരുകൻ, സെക്രട്ടറി എ. ഹരികുമാർ, ട്രഷറർ എ. വിജയകുമാർ എന്നിവർ നേതൃത്വം നൽകി. ശ്രീമുത്താരമ്മൻ ക്ഷേത്രത്തിൽ ട്രസ്റ്റ് പ്രസിഡന്റ് എം. നടരാജപിള്ളയും സെക്രട്ടറി ജി.എസ്. ഹരികുമാറും മേൽനോട്ടം വഹിച്ചു.