dd

മാള: തൊഴിൽ സംരംഭത്തിനായി തുക വായ്പയെടുത്ത് കേരള ഗ്രാമ വ്യവസായ ഖാദി ബോർഡിനെ വഞ്ചിക്കാൻ ശ്രമിച്ച കേസിൽ 23 വർഷത്തിനു ശേഷം അറസ്റ്റ്. മാള സ്വദേശി ഭരണിക്കുളം ബെന്നിയെയാണ് (52) മാള എസ്.എച്ച്.ഒ: ഷോജോ വർഗീസ് അറസ്റ്റ് ചെയ്തത്. 1996 97 കാലഘട്ടത്തിലാണ് ഫാൻ നിർമ്മാണ യൂണിറ്റ് ആരംഭിക്കാനായി വായ്പയെടുത്തത്. പിന്നീട് ഇയാൾ വിദേശത്ത് പോയെന്ന് പൊലീസ് പറഞ്ഞു. നാട്ടിൽ എത്തിയതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വീട്ടിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഖാദി ഗ്രാമ വ്യവസായ ബോർഡിൽ പണയപ്പെടുത്തിയ 30 സെന്റ് ഭൂമി ജപ്തി നടപടികൾക്ക് ശേഷം കൃത്രിമ രേഖയുണ്ടാക്കി എസ്.ബി.ടി സൗത്ത് കളമശേരി ബ്രാഞ്ചിൽ നിന്ന് വായ്പ്പയെടുക്കാൻ ശ്രമം നടത്തി ബോർഡിനെ വഞ്ചിച്ചുവെന്നാണ് കേസ്. അതേസമയം കേസ് സംബന്ധിച്ച വിവരങ്ങൾ അറിയില്ലായിരുന്നുവെന്നും സ്ഥലം ഈട് നൽകിയാണ് വായ്പ്പയെടുത്തതെന്നും ബെന്നിയുടെ ബന്ധുക്കൾ പറഞ്ഞു. സബ് ഇൻസ്‌പെക്ടർ രാജേഷ് ആയോടൻ, സീനിയർ സി.പി.ഒമാരായ ബിജു കട്ടപ്പുറം, മിഥുൻ ആർ. കൃഷ്ണ, ഷിജു, ഹോം ഗാർഡ് ബാലകൃഷ്ണൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.