pipe

കൊച്ചി: വേനൽ കനക്കുന്നതോടെ കുടിവെള്ളക്ഷാമം രൂക്ഷമാവുന്നു. ജില്ലയിലെ 82 വാർഡുകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. കുടിവെള്ളക്ഷാമം പരിഹരിക്കാൻ ജില്ലാ ഭരണ കൂടത്തിന്റെ നേതൃത്വത്തിൽ നടപടികൾ സ്വീകരിക്കും. ജില്ലയിൽ കടുത്ത വരൾച്ചയും കുടിവെള്ള ക്ഷാമവും അനുഭവപ്പെടുന്ന സാഹചര്യത്തിൽ കുടിവെള്ള വിതരണം ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന്റെ കൂടിയാലോചനകളുടെ ഭാഗമായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നു.
കുണ്ടന്നൂർ മേൽപ്പാലത്തിന്റെ നിർമ്മാണ സമയത്ത് മരടിലെ ചില ഭാഗങ്ങളിലേക്കുള്ള കുടിവെള്ള പൈപ്പ് പൊട്ടി ജലവിതരണം തടസപ്പെട്ടിരിക്കുകയാണ്. അടിയന്തിരമായി കുടിവെള്ള വിതരണം പുനസ്ഥാപിക്കാൻ വാട്ടർ അതോറിക്ക് കളക്ടർ നിർദ്ദേശം നൽകി. ചില സ്ഥലങ്ങളിൽ കുടിവെള്ള വിതരണം നടക്കുന്നുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ കുടിവെള്ള വിതരണത്തിനുള്ള ടെൻഡർ നടപടികൾ തടസപ്പെട്ടിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിബന്ധനകളിൽ ഇളവ് നൽകാവുന്നതാണെന്ന് കളക്ടർ പറഞ്ഞു. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും കുടിവെള്ള ക്ഷാമമുണ്ട്. എല്ലാ സ്ഥലങ്ങളിലും കുടിവെള്ള വിതരണം ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു.
കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എസ്. ഷാജഹാൻ, അസിസ്റ്റൻറ് കളക്ടർ രാഹുൽ കൃഷ്ണ ശർമ്മ, വാട്ടർ അതോറിറ്റി, ദേശീയ പാത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


പകൽ സൂക്ഷിക്കണം

പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികൾക് സൂര്യാഘാതം ഏൽക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് തൊഴിൽ സമയം പുനക്രമീകരിച്ച് ലേബർ കമ്മീഷണർ ഉത്തരവിട്ടിരുന്നു. പകൽ സമയം വെയിലത്ത് ജോലി ചെയുന്ന എല്ലാ തൊഴിലളികൾക്കും ഉച്ചക്ക് 12 മണി മുതൽ 3 മണി വരെ വിശ്രമം ആയിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ ഉള്ള സമയത്തിന് ഉള്ളിൽ 8 മണിക്കൂർ ആയിട്ടാണ് നിജപ്പെടുത്തിയിട്ടുള്ളത്.

പശ്ചിമകൊച്ചിയിൽ വെള്ളമില്ല

പശ്ചിമകൊച്ചിയിലെ പല മേഖലകളിലും വർഷങ്ങളായി പൈപ്പിലൂടെ കുടിവെള്ളം കിട്ടുന്നില്ല. ജൻറം പദ്ധതി നടപ്പിലാക്കിയിട്ടും ടാങ്കർ വെള്ളം തന്നെയാണ് ഇവിടത്തുക്കാർക്ക് ആശ്രയം. ഇടക്കൊച്ചി, പള്ളൂരിത്തി, പെരുമ്പടപ്പ്, മുണ്ടംവേലി, തോണിത്തോട്, പോളക്കണ്ടം ജംഗ്ഷൻ എന്നീ ഭാഗങ്ങളിൽ വെള്ളം കിട്ടാക്കനിയായിട്ട് മാസങ്ങളായി. ചിലയിടത്ത് അഴുക്ക്‌നിറഞ്ഞ വെള്ളം വരുന്നുണ്ട്. ഭൂമിക്കടിയിൽനിന്ന് കിട്ടുന്നതും തവിട്ടുനിറമുള്ള ദുർഗന്ധമുള്ള വെള്ളമാണ്. പുറമേനിന്ന് വെള്ളം കൊണ്ടുവരാതെ ഇവിടെ ആർക്കും ജീവിക്കാനാവില്ല. ടാങ്കർലോറികളിൽ വെള്ളമെത്തിക്കുകയാണിപ്പോൾ. ആഴ്ചയിൽ ഒരുദിവസം ടാങ്കർലോറി വരും. റോഡരികിൽ സ്ഥിരമായി പ്ലാസ്റ്റിക് ടാങ്കുകളും കുടങ്ങളും നിരത്തിവച്ചിരിക്കുകയാണ്. ടാങ്കർലോറി വരുമ്പോൾ നാട്ടുകാർ കൂട്ടമായെത്തും. നോക്കാൻ ആളില്ലെങ്കിൽ ചിലപ്പോൾ വെള്ളം കിട്ടില്ല.