dronar

ഇ. ശ്രീധരൻജിയുടെ മനസ് താമരപ്പൂ പോലെ നിഷ്കളങ്കമാണ്. പാലാരിവട്ടം പാലം അഞ്ചുമാസം കൊണ്ട് പണിതീർത്തത് പോലെയാണ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാര്യവുമെന്ന് അദ്ദേഹം വിശ്വസിച്ച് പോയത് ഒരപരാധമല്ല. താമരചിഹ്നത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചാലുടൻ സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കാമെന്ന് അത്തരം നിഷ്കളങ്കമനസുകൾ സങ്കല്പിച്ച് പോകുന്നതിൽ തെറ്റൊന്നുമില്ല.

അത്തരം മനസുകളെ പ്രോത്സാഹിപ്പിക്കാൻ സഹൃദയത്വം തുളുമ്പുന്ന മനസുകൾക്കേ സാധിക്കൂ. കെ. സുരേന്ദ്രൻജി അക്കൂട്ടത്തിൽപ്പെടും. അതിനാൽ ശ്രീധരൻജി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ച് പ്രോത്സാഹിപ്പിച്ചു. വി.മുരളീധർജി അതിനെ പിന്തുണച്ച് ട്വീറ്റ് ചെയ്തതായിരുന്നു. വൈകുന്നേരമായപ്പോൾ, കിലുക്കം സിനിമയിൽ അങ്കമാലിയിലെ പ്രധാനമന്ത്രി തന്റെ അമ്മാമനാണെന്ന് പറഞ്ഞ രേവതിയുടെ കഥാപാത്രത്തെ നോക്കി, മോഹൻലാലിന്റെ കഥാപാത്രം ചോദിച്ചത് പോലെ, 'എവിടത്തെ മുഖ്യമന്ത്രിയാണെന്നാണ് പറഞ്ഞത്...' എന്ന് നീട്ടിച്ചോദിച്ചു. അതിലൊക്കെ എന്താണിത്ര വിവാദമുണ്ടാക്കാനെന്നാണ് എത്ര ആലോചിച്ചിട്ടും മനസിലാവാത്തത്!



കിംഫി (കിഫ്ബി) ബകനാണെന്ന് വിലയിരുത്തിയത് കാവ്യകേസരി ജി.സുധാകരൻ സഖാവായിരുന്നു, കുറച്ചുനാൾ മുമ്പ്. ആശാൻ, ഉള്ളൂർ, വള്ളത്തോൾ എന്നിവരിൽ ആരെങ്കിലുമൊരാൾ വന്നു കേറിയില്ലായിരുന്നെങ്കിൽ നിശ്ചയമായും കവിത്രയത്തിൽ കയറിപ്പറ്റേണ്ടിയിരുന്ന ആളാണ് മന്ത്രി. നിർഭാഗ്യവശാൽ അവർ മൂവരും വന്നുകയറിപ്പോയി. അതുകൊണ്ടാർക്ക് നഷ്ടം! കൈരളിക്ക് !

പക്ഷേ മുറ്റത്തെ മുല്ലയ്ക്ക് മണമുണ്ടാവില്ലല്ലോ. അതുകൊണ്ട്, ബക വിശേഷണം കവിമന്ത്രിയുടേതായതിനാലും അതിൽ കിഫ്ബിയെയാണ് ബകനോട് ഉപമിച്ചത് എന്നതിനാലും അതൊരു ഒന്നൊന്നര 'മാലോപമ'യായിപ്പോയിയെന്ന് ഐസക് സഖാവ് കുറ്റം കണ്ടു! 'കാർ കൊണ്ടു മിണ്ടാതൊരു കൊണ്ടൽ പോലെ...' എന്നെല്ലാം പറയുമ്പോലെ കിഫ്ബിക്ക് കവിമന്ത്രി പല ഉപമാനങ്ങൾ കണ്ടെത്തിയേനെ. ഐസക് സഖാവിന്റെ ഇംഗിതം തിരിച്ചറിഞ്ഞ പിണറായി സഖാവ്, 'അരുത്' എന്ന് കേണപേക്ഷിച്ചതിനാൽ കവിമന്ത്രി ആ സാഹസമുപേക്ഷിച്ചു.

കിഫ്ബിക്ക്, കവിമന്ത്രി സങ്കല്പിച്ച ഒരു ഉപമാനമായിരുന്നു ബകൻ. പക്ഷേ, കിഫ്ബിയെ ബകനെന്ന് വിളിച്ചാൽ ഐസക് സഖാവിന് സഹിക്കുമോ? ഇല്ല. രണ്ട് ഹൃദയങ്ങളും ഒരാത്മാവും എന്നത് പോലെയാണ് ഐസകും കിഫ്ബിയും. എന്നിട്ടും ബകനെന്ന് വിളിച്ചപ്പോൾ സഹിച്ചത്, വിളിച്ചത് കവിമന്ത്രിയായത് കൊണ്ട് മാത്രമായിരുന്നു. ആലപ്പുഴയിൽ ഐസക് സഖാവ് തെക്കോട്ട് നോക്കാൻ പറഞ്ഞാൽ വടക്കോട്ട് മാത്രം നോക്കുന്ന പ്രകൃതക്കാരനാണ് കവിമന്ത്രി. കവിമന്ത്രി വടക്കോട്ട് തിരിയാൻ കല്പിച്ചാൽ തെക്കോട്ടേക്ക് മാത്രം തിരിയുന്ന പ്രകൃതമാണ് ജന്മനാ ഐസക് സഖാവിന്റേത്. അങ്ങനെയായിരിക്കുമ്പോഴും, ഒരുതരം അന്തർധാര ആ മനസുകൾക്കിടയിൽ സജീവമായിരുന്നതിനാൽ ബക വിശേഷണം കിഫ്ബിയെപ്പറ്റി നടത്തിയ സുധാകരൻ സഖാവിനോട് പരിഭവമുണ്ടെങ്കിലും ഐസക് സഖാവ് ക്ഷമിച്ചുകളഞ്ഞു! കവിമന്ത്രിയുടേത് നിഷ്കളങ്കവും നിരുപദ്രവകരവുമായ മനസാണെന്ന് ഐസക് സഖാവിന് തിരിച്ചറിയാനാവും.

പക്ഷേ, ഇ.ഡിയുടെ കളികൾ വേറെയാണ്. അവർ ഈ ബകനെ കൊല്ലാൻ വേണ്ടിത്തന്നെ ഇറങ്ങിപ്പുറപ്പെട്ടവരാണ്. ചിലരുടെ വരവുകൾ കാണുമ്പോളേ കാര്യങ്ങൾ നമുക്ക് പിടികിട്ടും. സി.എ.ജിയുടെ വരവ് കണ്ടപ്പോൾ ഐസക് സഖാവിന്റെ കൺട്രോൾകീ ഇളകിപ്പോയത് നമ്മൾ കണ്ടതാണ്. നിഷ്കളങ്കമനസുകളല്ല അവർ. മസാലബോണ്ട്, ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ച്, അവിടത്തെ മണി, ആ ബോണ്ടിന്റെ പലിശ എന്നിവയിലെല്ലാം സംശയം പ്രകടിപ്പിക്കുന്ന മനസുകളെ ദൂരെ നിന്ന് കാണുമ്പോഴേ ഐസക് സഖാവിന്, അവരുടെ വരവിന്റെ ഉദ്ദേശം തിരിച്ചറിയാനാവും. ചില മസാലകൾ ഒപ്പിച്ചുപോകുന്നതിന്റെ പങ്കപ്പാട് ഐസക് സഖാവിന് മാത്രമേ അറിയൂ. സി.എ.ജിക്കോ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോ അറിയില്ല.

അതുകൊണ്ട്, ചുവപ്പ് കണ്ട കാളയാകുന്നതാകും ചില നേരങ്ങളിൽ ഭംഗി.

ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ കൊണ്ടുപോയി പിണറായി സഖാവിനെക്കൊണ്ട് മണിയടിപ്പിച്ചപ്പോൾ കാൾമാർക്സ് രൂക്ഷമായൊന്ന് നോക്കിയതായിരുന്നു. ആ നോട്ടത്തിലും ഐസക് സഖാവ് കണ്ടത് വെറും അസൂയ മാത്രമായിരുന്നു. ശരിക്കും പറഞ്ഞാൽ ഐസക് സഖാവിനെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാതിരിക്കാൻ ക്രൂരമനസുകൾക്കേ സാധിക്കൂ. മസാലബോണ്ട് വരെ ഒപ്പിച്ചെടുത്തയാളല്ലേ അദ്ദേഹം. അതും മാർക്സ് ശത്രുവായി നോക്കിക്കണ്ട മുതലാളിത്തബിംബമായ ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ നിന്ന്. പിണറായി സഖാവ് എന്തിനാണ് ഐസക് സഖാവിനോടിത്ര ക്രൂരത കാട്ടിയത്? എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല!



സി.പി.എം തേങ്ങാ ഉടയ്ക്കുമ്പോൾ കോൺഗ്രസ് ചുരുങ്ങിയത് ചിരട്ടയെങ്കിലും ഉടയ്ക്കണ്ടേ? വേണം. നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർച്ചയായി രണ്ട് തവണ മത്സരിച്ച് ജയിച്ചവർ ഇനി മത്സരിക്കേണ്ടെന്ന് സി.പി.എം തീരുമാനിച്ചു. കോൺഗ്രസ് അപ്പോൾ എന്താണ് തീരുമാനിക്കേണ്ടത്!

ശരിക്കും അവർ ആ കടുംകൈ തന്നെ ചെയ്തു. ആ തീരുമാനം കേട്ടതിന്റെ ആഘാതത്താൽ പിണറായി സഖാവിനും കോടിയേരി സഖാവിനും തുള്ളൽപ്പനി പിടികൂടിയിരിക്കുകയാണെന്നാണ് ഇന്റലിജന്റ്സ് കേന്ദ്രങ്ങളുടെ റിപ്പോർട്ട്. ആ വിവരമറിഞ്ഞ ചോമ്പാൽഗാന്ധി മുല്ലപ്പള്ളിജിയും ചെന്നിത്തല ഗാന്ധി രമേശ്ജിയും ചുണ്ട് പാതി കോട്ടിപ്പിടിച്ച് ഒരു പുഞ്ചിരി സമ്മാനിച്ചുവത്രേ. അതിലെല്ലാം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. പിണറായി സഖാവിനും പനി വരുത്തിക്കാൻ തനിക്കറിയാമെന്ന മട്ട് !

തുടർച്ചയായി രണ്ടുതവണ തോറ്റവർക്ക് സീറ്റില്ലെന്ന, ദിഗന്തങ്ങൾ കോരിത്തരിപ്പിക്കുന്ന തീരുമാനമാണ്, കോൺഗ്രസ് തിരഞ്ഞെടുപ്പ് മേൽനോട്ട സമിതി ചാഞ്ഞും ചരിഞ്ഞുമിരുന്ന് ചർച്ച ചെയ്ത ശേഷം കൈക്കൊണ്ടിരിക്കുന്നത്. ഉമ്മൻ ചാണ്ടിജി ആ തീരുമാനം പ്രഖ്യാപിക്കുമ്പോൾ ആകാശത്ത് മേഘങ്ങൾ കൂട്ടിയുരുമ്മി ഭീകരമായി ഇടി വെട്ടുകയുണ്ടായി. കൊടുങ്കാറ്റ് ആഞ്ഞാഞ്ഞ് വീശി. ഓഖിയാണെന്ന് കടപ്പുറത്തുള്ളവർ തെറ്റിദ്ധരിച്ചു. ചാണ്ടിജിക്ക് കൂസലില്ലായിരുന്നു.

കാക്കത്തൊള്ളായിരം പേർ ഈ തീരുമാനത്തോടെ സീറ്റില്ലാതെ തെണ്ടേണ്ടി വരുമെന്ന് കേൾക്കുന്നവർ തെറ്റിദ്ധരിച്ചേക്കാം. അങ്ങനെയുള്ള ചില ധാരണകൾ, തെറ്റാണെങ്കിൽ പോലും ഉണ‌ർത്താൻ കഴിയുമ്പോഴാണ് ചില തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ സാർത്ഥകമായിത്തീരുന്നത്. വാസ്തവത്തിൽ അങ്ങനെയെല്ലാവർക്കും സീറ്റ് നഷ്ടപ്പെടുത്തുന്ന മാനദണ്ഡമൊന്നും ചാണ്ടിജി പ്രഖ്യാപിക്കില്ല. ഏറി വന്നാൽ ഒന്നോ രണ്ടോ ഹതഭാഗ്യർ.

ഊരിലെ പഞ്ഞം പുറത്ത് കാണിക്കാതിരിക്കാനുള്ള ചില തത്രപ്പാടുകൾ. അത്രയ്ക്കെങ്കിലും കാണിക്കാതെ കോൺഗ്രസെങ്ങനെ കോൺഗ്രസാകും!

ഇ-മെയിൽ: dronar.keralakaumudi@gmail.com