cpm

കണ്ണൂർ: സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവും മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന് സീറ്റു നിഷേധിച്ചതിൽ പ്രതിഷേധിച്ച് സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് എം. ധീരജ് കുമാർ രാജി വച്ചു. ഐ.ആർ.പി.സിയടക്കമുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന പി. ജയരാജനെ നിരന്തരം അവഗണിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് വാദിച്ചാണ് രാജി. അമ്പാടിമുക്കിൽ നിന്നും ആർ.എസ്.എസ് വിട്ട് സി.പി.എമ്മിലേക്ക് വന്നവരിലൊരാളാണ് ധീരജ് കുമാർ. സി.പി.എം പളളിക്കുന്ന് ബ്രാഞ്ച് അംഗം കൂടിയാണിയാൾ. മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണിലെ കരട് എന്ന് അറിയപ്പെടുന്ന പി. ജയരാജന് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റില്ലാത്തതിൽ പ്രവർത്തകരിൽ വ്യാപകമായി മ്ളാനത പരത്തിയിട്ടുണ്ട്. ജയരാജൻ എവിടെ മത്സരിച്ചാലും അവിടെ ക്യാമ്പ് ചെയ്ത് പ്രവർത്തിക്കാൻ തയ്യാറെടുത്ത പ്രവർത്തകരിലാണ് നിരാശ പ്രകടമായത്. പാർട്ടിയുടെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ജനങ്ങളിലേക്ക് ഇറങ്ങി അവർക്ക് ഊർജവും പ്രതീക്ഷയും നൽകി പ്രവർത്തന സജ്ജമാക്കുന്ന മുഖ്യ പോരാളിയായിരുന്നു പി. ജയരാജൻ. ലോക്‌സഭ തിരഞ്ഞെടുപ്പിൽ ജയരാജൻ വടകര മണ്ഡലത്തിൽ മത്സരിച്ചപ്പോൾ ദിവസങ്ങളോളം അവിടെ താമസിച്ച് കണ്ണൂരിലെ നൂറുകണക്കിന് പ്രവർത്തകർ സജീവമായിരുന്നു. കണ്ണൂർ ജില്ലയിലെ പാട്യം കിഴക്കേ കതിരൂരിൽ കാരായി കുഞ്ഞിരാമന്റെയും പാറായിൽ ദേവിയുടേയും മകനായി 1952 നവംബർ 27നാണ് ജയരാജൻ ജനിച്ചത്. മുൻ എം.പി. പി.സതീദേവി സഹോദരിയാണ്. കൂത്ത്പറമ്പ് സഹകരണ ബാങ്ക് ജീവനക്കാരിയായ യമുനയാണ് ഭാര്യ. ജയിൻ പി.രാജ്, ആശിഷ് പി.രാജ് എന്നിവർ മക്കൾ. സി.പി.എമ്മിന്റെ വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. ഏറെനാൾ എസ്.എഫ്.ഐയുടെ കണ്ണൂർ ജില്ലാ പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചു. 1972ൽ സി.പി.എം അംഗമായി. 1980 മുതൽ 1990 വരെ സി.പി.എം കൂത്ത്പറമ്പ് ഏരിയാ കമ്മറ്റി സെക്രട്ടറിയായിരുന്നു. 1986ൽ സി.പി.എം കണ്ണൂർ ജില്ലാക്കമ്മിറ്റിയിൽ അംഗമായി. 1990ൽ സി.പി.എമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിലേക്കും 1998 മുതൽ പാർട്ടി സംസ്ഥാന കമ്മറ്റി അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 1999ലെ തിരുവോണ നാളിൽ രാഷ്ട്രീയ എതിരാളികളുടെ വധശ്രമത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. 2010ൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിയ്ക്ക് പകരക്കാരനായി ജില്ലാ ആക്ടിംഗ് സെക്രട്ടറിയായി. 2011 മുതൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന ജയരാജൻ 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് മത്സരിക്കാനായി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. മൂന്ന് തവണ കൂത്ത്പറമ്പിൽ നിന്ന് നിയമസഭാംഗമായി. 2001ലായിരുന്നു ആദ്യ ജയം. തുടർന്ന് കോടതി വിധിയെ തുടർന്ന് എം.എൽ.എ സ്ഥാനം നഷ്ടമായി. 2005ൽ നടന്ന ഉപതിരഞ്ഞെടുപ്പിലും 2006ലെ നിയമസഭ തിരഞ്ഞെടുപ്പിലും കൂത്ത്പറമ്പിൽ നിന്ന് വിജയിച്ചു. സി.ഐ.ടി.യുവിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായും സി.ഐ.ടി.യുവിന്റെ റബ്‌കോ എംപ്ലോയീസ് യൂണിയൻ, ആറളം ഫാം വർക്കേഴ്സ് യൂണിയൻ എന്നിവയുടെ പ്രസിഡന്റായും പ്രവർത്തിച്ചു. ദേശാഭിമാനിയുടെ കണ്ണൂർ യൂണിറ്റ് മാനേജർ, ഇടക്കാലത്ത് ജനറൽ മാനേജറായും പ്രവർത്തിച്ചിട്ടുണ്ട്. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് മത്സരിച്ചെങ്കിലും കോൺഗ്രസിലെ കെ. മുരളീധരനോട് പരാജയപ്പെട്ടു.