sun-burn

കേരളത്തിലെ പല പ്രദേശങ്ങളിലും ഇതിനകം തന്നെ വേനൽ കടുത്തുതുടങ്ങിയിട്ടുണ്ട്. രാവിലെ 11 മുതൽ 3 മണിവരെ നേരിട്ട് വെയിൽ കൊള്ളുന്ന തരത്തിൽ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് സൂര്യാഘാതമേൽക്കാനുള്ള സാദ്ധ്യത കൂടുതലാണ്. സൂര്യാഘാതം കാരണം മരണം വരെ സംഭവിക്കാം.

ദാഹിച്ചു വലഞ്ഞു പോകുന്നയാളിനോ, അമിതമായി വിയർത്തൊഴുകി കുഴഞ്ഞു പോകുന്ന ഒരാളിനോ, ദീർഘനേരം വെയിലത്തുനിൽക്കുന്നത് കൊണ്ടോ സംഭവിക്കാവുന്നതാണ് സൂര്യാഘാതമെന്ന് കരുതുന്നുണ്ടെങ്കിൽ അത് പൂർണ്ണമായും തെറ്റാണ്.

വെയിൽ കൊള്ളുന്നതിനനുസരിച്ച് ഇടയ്ക്കിടെ ദാഹം തോന്നണമെന്നില്ല. ഒട്ടും വിയർക്കാതെ തന്നെ ചില ആന്തരികാവയവങ്ങളെ കൂടി കുഴപ്പത്തിലാക്കുന്നതിനും അമിതമായി വിയർക്കുന്നത് കാരണം മൂത്രത്തിന്റെ അളവ് ക്രമാതീതമായി കുറഞ്ഞ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനും ഇടയുണ്ട്.

ഒറ്റ മിനിറ്റ് കൊണ്ടു തന്നെ സൂര്യാഘാതമേൽക്കുന്നതിനും ഹൃദയം, വൃക്ക തുടങ്ങിയ ആന്തരിക അവയവങ്ങളുടെ പ്രവർത്തനം നിലച്ച് മരണമുണ്ടാകുന്നതിനും സാദ്ധ്യതയുള്ള അവസ്ഥയാണ് സൂര്യാഘാതം. ചൂട് കാരണം ദേഹത്തുണ്ടാകുന്ന പൊള്ളലുകൾ സൂര്യാഘാതം ആയിക്കൊള്ളണമെന്നില്ല. അത് സൂര്യാതപം എന്ന താരതമ്യേന അപകടം കുറഞ്ഞ അവസ്ഥയായി പരിഗണിക്കാം. സൂര്യാതപം ആണെങ്കിൽ പോലും എത്രയുംവേഗം വെയിലത്തു നിന്ന് മാറ്റുകയും തണുത്ത വെള്ളം കുടഞ്ഞും പറ്റിയാൽ കുടിച്ചും ശരീരത്തിൽ ഐസ് വച്ചും എത്രയും വേഗം ഒരു ഡോക്ടറുടെ സേവനം ലഭ്യമാക്കുകയാണ് വേണ്ടത്.

ഓസോൺ പാളികളിലുണ്ടാകുന്ന വിള്ളലും അൾട്രാവയലറ്റ് രശ്മികൾ നേരിട്ട് പതിക്കുന്നതും അന്തരീക്ഷ ഊഷ്മാവ് വർദ്ധിക്കുന്ന കാലാവസ്ഥയും അതിനെ വർദ്ധിപ്പിക്കുന്ന രീതിയിലുള്ള പ്രവൃത്തികളും ശരീരോഷ്മാവ് വർദ്ധിക്കുന്ന ഭക്ഷണവും ശീലവുമെല്ലാം വേനൽ കൊണ്ടുള്ള ബുദ്ധിമുട്ടുകളെ വർദ്ധിപ്പിക്കും. അതുകൊണ്ടാണ് ചൂടിനെ ശമിപ്പിക്കുന്ന അഹാരവും ശീലവും വേണമെന്ന് പറയുന്നതിനൊപ്പം,​ തണുപ്പിനെ പ്രദാനം ചെയ്യുന്ന രീതിയിലുള്ള ഭക്ഷണവും പാനീയവും വസ്ത്രവും മറ്റു ശീലങ്ങളും കൂടി ഉണ്ടായിരിക്കണമെന്ന് പറയുന്നത്. വിയർത്തും വിയർപ്പു താഴ്ന്നും തലനീരിറങ്ങിയും രോഗമുണ്ടാകുന്നതും കുറവല്ലെന്നറിയാമല്ലോ?

ചൂടു കൂടുതലുള്ള സമയത്ത് പുറത്തിറങ്ങുന്നതും അന്തരീക്ഷത്തിലെയും ഭൂമിയിലെയും ചൂടിനെ വർദ്ധിപ്പിക്കുന്ന രീതിയിൽ കരിയിലകളും മറ്റും കൂട്ടിയിട്ട് കത്തിക്കുന്നതും അടുപ്പിൽനിന്നുള്ള ചൂട് ഏൽക്കുന്നതും ചൂടിനെ വർദ്ധിപ്പിക്കും.

ചൂടുവെള്ളത്തിൽ കുളിക്കുന്നതും ചൂട് കൂടുതലുള്ളപ്പോൾ വസ്ത്രങ്ങൾ ഇസ്തിരി ഇടുന്നതും വായുസഞ്ചാരമില്ലാത്ത മുറികളിൽ ദീർഘനേരം ഇരിക്കുന്നതുമെല്ലാം ചൂടിനെ വർദ്ധിപ്പിക്കും.

വൃക്ഷങ്ങളുടെ ഉണങ്ങിയ ഇലകളും ചെടികളും പുതയിടുന്നതും നനയ്ക്കുന്നതും വൃക്ഷലതാദികൾ നട്ടുപിടിപ്പിക്കുന്നതും ഓസോൺ പാളിയിലെ വിള്ളലുകളെ കുറയ്ക്കാൻ സഹായിക്കും.

അമിതമായ വാഹന ഉപയോഗം, അതുകാരണമുള്ള ഹൈഡ്രോകാർബണുകളുടെ സാന്നിദ്ധ്യം, എയർകണ്ടീഷണറിന്റെ ഉപയോഗം എന്നിവയെല്ലാം അൾട്രാവയലറ്റ് രശ്മികൾ ഭൂമിയിൽ അധികമായി പതിക്കുന്നതിനുള്ള അവസരമൊരുക്കും. അത് പതിയുന്നത് മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങളുടെ ശരീരത്തിലാകുമ്പോൾ ഇന്നത്തെ സൂര്യാതപങ്ങൾക്ക് പകരം നാളെ കൂടുതൽ അപകടകാരിയായ സൂര്യാഘാതങ്ങളായി അത് മാറിയേക്കാം.